- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാർഷിക ദിനത്തിൽ ബംപർ നറക്കെടുപ്പിൽ ഒന്നാം സ്ഥാനം നേടിയ മാഞ്ഞൂരാൻ ഏജൻസി; പത്ത് കോടി അടിച്ചത് മേൽക്കൂര ചോരുന്നതിനാൽ പ്ലാസ്റ്റിക് ഷീറ്റ് വലിച്ചു കെട്ടി ഭാര്യയും മക്കളും അസമിൽ കഴിയുന്നത് ഓർത്ത് ദുഃഖിച്ച് നടന്ന രാജിനി ചാണ്ടിയുടെ ജോലിക്കാരനും; ഇനി ആൽബർട്ട് ടിഗ്ഗ ലോട്ടറി എടുക്കില്ല! നടിയുടെ സഹായിക്ക് ഇത് കേരളം നൽകുന്ന സമ്മാനം
ആലുവ: മേൽക്കൂര ചോരുന്നതിനാൽ പ്ലാസ്റ്റിക് ഷീറ്റ് വലിച്ചു കെട്ടിയാണ് ഭാര്യയും മക്കളായ ഏലിയാസും ഡേവിഡും അസമിൽ കഴിയുന്നത്. ഒരു വീടുണ്ടാക്കണം. മക്കളെ നന്നായി പഠിപ്പിക്കണം. ഇതു രണ്ടുമാണ് ആൽബർട്ടിന്റെ സ്വപ്‌നങ്ങൾ-സംസ്ഥാന സർക്കാരിന്റെ സമ്മർ ബംപർ ലോട്ടറി നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ 10 കോടി രൂപ ലഭിച്ചത് അസം സ്വദേശി ആൽബർട്ട് ടിഗ്ഗയ്ക്ക്. ടിഗ്ഗയ്ക്ക് കേരളം നൽകുന്ന സമ്മാനം.
1995 മുതൽ നടി രാജിനി ചാണ്ടിയുടെ എടത്തല കൊടികുത്തുമലയിലെ വീട്ടിലെ ജോലിക്കാരനാണ് അൻപതുകാരനായ ആൽബർട്ട്. ചൂണ്ടി മാഞ്ഞൂരാൻ ലോട്ടറി ഏജൻസിയിൽ നിന്നാണ് ടിക്കറ്റ് എടുത്തത്. നറുക്കെടുപ്പു നടന്ന ഞായറാഴ്ച ഫലം അറിയാൻ അവിടെ പോയിരുന്നു. ഒന്നാം സമ്മാനം തനിക്കാണെന്നു ഉറപ്പു വരുത്തിയെങ്കിലും വിവരം പുറത്തു വിട്ടില്ല. ഭാഗ്യവാൻ ആരാണെന്ന് അറിഞ്ഞോ എന്ന് ആൽബർട്ട് ജീവനക്കാരോടു തിരക്കി. ഇതുവരെ ആൾ എത്തിയിട്ടില്ലെന്ന് അവർ പറഞ്ഞു. പിന്നീട് നാടകയീയമായി എല്ലാം പുറത്തറിയിച്ചു.
ലോട്ടറി അടിച്ച വിവരം അസമിലുള്ള ഭാര്യ ആഞ്ജലയെ ആണ് ആദ്യം ഫോൺ ചെയ്ത് അറിയിച്ചത്. പിന്നീടു രാജിനിയോടും ഭർത്താവ് വി.വി. ചാണ്ടിയോടും പറഞ്ഞു. ചാണ്ടിക്കൊപ്പം എസ്‌ബിഐ ശാഖയിൽ എത്തി ടിക്കറ്റ് ഏൽപിച്ചു. അസമിൽ ആൽബർട്ടിന്റെ പേരിലുള്ള അക്കൗണ്ട് ആലുവ ശാഖയിലേക്കു മാറ്റിയാണ് ടിക്കറ്റ് കലക്ഷന് എടുത്തത്. അസം ഉദൽഗുരി ഡിമാകുച്ചിയിൽ ഒരേക്കർ സ്ഥലവും പഴയൊരു വീടുമുണ്ട് ആൽബർട്ടിന്. ഇവിടെ പുതിയൊരു വീടാണ് ആദ്യ സ്വപ്നം. സ്ഥിരമായി ലോട്ടറി ടിക്കറ്റ് എടുക്കുന്നയാളായിരുന്നു ടിഗ്ഗ.
ഇതുവരെ 3 ലക്ഷത്തോളം രൂപ അതിനു മുടക്കി. 500, 5000 രൂപ വീതമുള്ള സമ്മാനങ്ങൾ മുൻപു ലഭിച്ചിട്ടുണ്ട്. ബംപർ സമ്മാനം അടിച്ചതിനാൽ ഭാവിയിൽ ലോട്ടറി ടിക്കറ്റ് എടുക്കാൻ താൽപര്യമില്ലെന്ന് ആൽബർട്ട് പറഞ്ഞു. ലോട്ടറി അടിച്ച വിവരം അറിഞ്ഞ ഉടൻ ആൽബർട്ട് ടിഗ തന്നോട് ഇക്കാര്യം പറഞ്ഞതായും രാജിനി ചാണ്ടി വെളിപ്പെടുത്തി. സമ്മാനം പ്രഖ്യാപിച്ച ദിവസം ടിക്കറ്റ് ഉടമയെ കണ്ടെത്താനായിരുന്നില്ല. ഇത് വലിയ പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു. ആലുവ മൂന്നാർ റോഡിൽ ചൂണ്ടി ബസ് സ്റ്റോപ്പിനു സമീപത്ത മാഞ്ഞൂരാൻ ലോട്ടറി എന്ന മൊത്ത വിതരണ ഏജൻസിയുടെ കൗണ്ടറിൽ നിന്ന് മാർച്ച് 10ന് വൈകിട്ടു 3നു വിറ്റ എസ്ഇ 222282 നമ്പർ ടിക്കറ്റിനാണ് ഒന്നാം സമ്മാനം.
തനിക്ക് ഒരു പ്രധാനകാര്യം പറയാനുണ്ടെന്ന് പറഞ്ഞാണ് അവർ ഇക്കാര്യം പറഞ്ഞത്. തന്റെ സ്വന്തം സ്ഥലവും വീടും കൂടി ഉള്ള സ്ഥലം നോക്കുകയാണ് അവൻ ഇപ്പോൾ. ലോട്ടറി അടിച്ച കാര്യം പറഞ്ഞ ഉടനെ ഞാൻ അത് പുറത്ത് ആരെയും അറിയിക്കണ്ട എന്ന് പറഞ്ഞു. പിറ്റേ ദിവസം രാവിലെ വരാൻ പറഞ്ഞു. പിന്നീട് താനും ഭർത്താവും (അദ്ദേഹം ഒരു ബാങ്ക് ഉദ്യോഗസ്ഥനാണ്) തിങ്കളാഴ്ച രാവിലെ ബാങ്കിൽ പോവുകയായിരുന്നു. ആൽബർട്ട് തന്നെ അടുത്തുള്ള ഏജന്റിനോട് ആർക്കാണ് ടിക്കറ്റടിച്ചതെന്ന് ചോദിച്ചപ്പോഴാണ് അവൻ തന്റെ ടിക്കറ്റിനാണ് സമ്മാനം കിട്ടിയതെന്ന് അറിയുകയായിരുന്നു. പക്ഷെ അവൻ ആരെയും അറിയിച്ചില്ല. തന്നോട് മാത്രമാണ് പറഞ്ഞത്.- രാജിനി ചാണ്ടി പറഞ്ഞു.
ടിക്കറ്റ് വിറ്റ ഏജൻസിക്കാർ ഉൾപ്പെടെ നടത്തിയ അന്വേഷണം എങ്ങുമെത്തിയിരുന്നില്ല. ആലുവ മാർക്കറ്റ് റോഡിൽ മാഞ്ഞൂരാൻ കുടുംബാംഗങ്ങളായ ജോസഫ്, ലിജു, സുധീഷ്, ജോൺ എന്നിവർ ചേർന്നു നടത്തുന്ന ഏജൻസിയുടെ ആദ്യ ശാഖയാണ് ചൂണ്ടിയിലേത്. 2022 മാർച്ച് 19നായിരുന്നു ഉദ്ഘാടനം. വാർഷിക ദിനത്തിൽ ബംപർ നറുക്കെടുപ്പിന്റെ സമ്മാനം അടിച്ച ആഹ്ലാദത്തിലായിരുന്നു ഇവർ.
മറുനാടന്‍ മലയാളി ബ്യൂറോ