- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പേവിഷബാധയേറ്റു മരിച്ച എട്ടുവയസുകാരന് ചികിത്സ നിഷേധിച്ചെന്ന് കുടുംബം
ഹരിപ്പാട്: ഹരിപ്പാട് പേവിഷബാധയേറ്റു മരിച്ച എട്ടുവയസുകാരന് ചികിത്സ നിഷേധിച്ചെന്ന് കുടുംബത്തിന്റെ പരാതി. കുട്ടിയെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചിട്ടും വേണ്ട ചികിത്സ നൽകിയില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം. കോട്ടയ്ക്കകം കാഞ്ഞിരംപറമ്പത്ത് ദീപു- രാധിക ദമ്പതികളുടെ മകൻ ദേവനാരായണനാണ് മരിച്ചത്.
നായ ആക്രമിച്ചുവെന്ന് പറഞ്ഞിട്ടും കുത്തിവെപ്പ് എടുത്തില്ല. ഡോക്ടർമാർ ഗുരുതര അനാസ്ഥ കാണിച്ചെന്നും കുടുംബം ആരോപിച്ചു. ഇന്നലെയാണ് പേവിഷ ബാധിച്ച എട്ടു വയസുകാരൻ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിൽ മരിച്ചത്. പേവിഷബാധ മൂർച്ഛിച്ചായിരുന്നു മരണം.
ഏപ്രിൽ 21നാണ് കുട്ടിക്ക് നായയുടെ കടിയേൽക്കുന്നത്. തുടർന്ന് ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മുറിവിനുള്ള മരുന്ന് വച്ച് വിട്ടയച്ചെന്ന് കുടുംബം പറയുന്നു. കുറച്ചുദിവസത്തിനു ശേഷം കുട്ടിക്ക് ശ്വാസതടസമടക്കമുള്ള പ്രയാസങ്ങൾ ഉണ്ടാവുകയും ഇന്നലെ മരിക്കുകയുമായിരുന്നു. സൈക്കിൾ യാത്രികനെ രക്ഷിക്കുന്നതിനിടെ നായയുടെ ആക്രമണത്തിലാണ് പേവിഷബാധയേറ്റത്.
കഴിഞ്ഞ ഒരാഴ്ചയായി ശ്വാസ തടസം നേരിട്ടിരുന്നു. ഇതിന് ചികിത്സ തേടുകയും ചെയ്തിരുന്നു. വ്യാഴാഴ്ച പുലർച്ചെ ഒരുമണിയോടെ രോഗാവസ്ഥ മൂർച്ഛിച്ചതിനെ തുടർന്ന് തട്ടാരമ്പലത്തിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് വണ്ടാനം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. രാവിലെ 11.45 ഓടെ മരണം സംഭവിച്ചു.
ഇതിനിടെ പേവിഷബാധയേറ്റ് പ്രദേശത്ത് ഒരു പശു ചത്തിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി കുട്ടിക്കും പേവിഷബാധയേറ്റിട്ടുണ്ടാകുമെന്ന് കുടുംബം ചൂണ്ടിക്കാണ്ടിയിട്ടും ആശുപത്രി അധികൃതർ ചികിത്സ നിഷേധിച്ചെന്നാണ് ആരോപണം. എന്നാൽ നായ ആക്രമിച്ചെന്ന കാര്യം കുടുംബം പറഞ്ഞിട്ടില്ലെന്നും വീണു പരിക്കേറ്റു എന്നാണ് പറഞ്ഞതെന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. നായ ആക്രമിച്ചതായി ബന്ധുക്കൾ പറഞ്ഞിട്ടില്ലെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. സുനിൽ പ്രതികരിച്ചു. പട്ടികടിച്ചതായിട്ടോ, ഓടിച്ചതായിട്ടോ പോലും കുട്ടിയുടെ ബന്ധുക്കൾ പറഞ്ഞിട്ടില്ലെന്ന് അദ്ദേഹം ഒരു മാധ്യമത്തോട് പറഞ്ഞു. സംഭവത്തിൽ നിയമനടപടിക്കൊരുങ്ങുകയാണെന്ന് കുടുംബം അറിയിച്ചു.
ഏപ്രിൽ 23-ന് തെരുവുനായ ഒരു സൈക്കിൾ യാത്രികനെ കടിക്കാനായി ശ്രമിച്ചപ്പോൾ സൈക്കിൾ യാത്രികനെ രക്ഷിക്കാനായി ദേവനാരായണൻ തന്റെ കയ്യിലിരുന്ന ബോളുകൊണ്ട് നായയെ എറിഞ്ഞു. ഇതിനെ തുടർന്ന് ദേവനാരായണന്റെ നേർക്ക് നായ തിരിയുകയും നായയിൽനിന്ന് രക്ഷപ്പെടാനായി കുട്ടി ഓടുന്നതിനിടെ ഓടയിൽ വീണ് പരിക്കേൽക്കുകയും ചെയ്തിരുന്നു. നായയും കുട്ടിക്കൊപ്പം ഓടയിൽ വീണതായി അന്ന് ചിലർ സംശയം പറഞ്ഞിരുന്നു.
എന്നാൽ നായ കടിച്ചതിന്റെ പാടുകളൊന്നും കാണാതിരുന്നതിനാൽ വീഴ്ചയിൽ ഉണ്ടായ പാടുകൾക്ക് മരുന്ന് വച്ചതിന് ശേഷം ആശുപത്രി വിടുകയായിരുന്നു. പേവിഷബാധയ്ക്കെതിരെയുള്ള വാക്സിൻ എടുത്തിരുന്നില്ല. കഴിഞ്ഞ ദിവസം തൊട്ടടുത്തുള്ള കോട്ടയ്ക്കകം മങ്ങാട്ട് പുത്തൻ വീട്ടിൽ ശാന്തമ്മയുടെ കറവപ്പശുവും പേവിഷബാധയേറ്റ് ചത്തിരുന്നു.
കുട്ടിയുമായി നേരിട്ട് ഇടപെട്ടവരെല്ലാം തന്നെ വാക്സിൻ എടുത്തിട്ടുണ്ട്. കുട്ടിയുടെ മറ്റ് സുഹൃത്തുക്കൾക്കും വാക്സിൻ നൽകാനുള്ള നടപടി ആരംഭിച്ചതായും വാർഡ് കൗൺസിലർ അറിയിച്ചു. സംസ്‌കാരം നാളെ വീട്ടുവളപ്പിൽ നടക്കും. അമ്മ: രാധിക, സഹോദരി: ദേവനന്ദ