ഡബ്ലിന്‍: അയര്‍ലന്‍ഡില്‍ വംശീയ ആക്രമണങ്ങള്‍ വര്‍ദ്ധിക്കുന്നതായി ഇന്ത്യന്‍ വംശജരുടെ പരാതി. ഇതുവരെ മുതിര്‍ന്നവര്‍ക്ക് നേരെയായിരുന്നു ആക്രമണമെങ്കില്‍, ഇപ്പോള്‍ അതുകുട്ടികള്‍ക്ക് നേരേയുമായി. വീടിന് പുറത്തുകളിക്കാന്‍ പോയ ആറുവയസുകാരിയെ കൗമാരക്കാരുടെ ഒരു സംഘം മുഖത്തിടിക്കുകയും, 'വൃത്തികെട്ട ഇന്ത്യാക്കാരി, ഇന്ത്യയിലേക്ക് മടങ്ങി പോകു' എന്ന് അശ്ലീലവാക്കുകളുടെ അകമ്പടിയോടെ അധിക്ഷേപിക്കുകയും ചെയ്തു.

മകളായ നിയ നവീനുണ്ടായ ഞെട്ടിക്കുന്ന അനുഭവത്തില്‍ ആകെ തകര്‍ന്നിരിക്കുകയാണ് അമ്മയായ മലയാളി നഴ്‌സ് അനുപ അച്യുതന്‍. വീടിന് പുറത്ത് കുട്ടി കളിക്കുമ്പോഴാണ് സംഭവമെന്ന് അനുപ ഐറിഷ് ടൈംസിനോട് പറഞ്ഞു. എട്ടുവര്‍ഷമായി അയര്‍ലന്‍ഡില്‍ ജോലി ചെയ്യുന്ന അനുപ സ്വന്തം നാടുപോലെയാണ് ഇവിടം കണക്കാക്കുന്നത്. അടുത്തിടെയാണ് ഐറിഷ് പൗരത്വം കിട്ടിയത്.

എട്ടുവയസുളള പെണ്‍കുട്ടിയും 12 നും 14 വയസിനു ഇടയില്‍ പ്രായമുള്ള നിരവധി ആണ്‍കുട്ടികളും ചേര്‍ന്നാണ് വംശീയ ആക്രമണം നടത്തിയത്. കുട്ടിയെ ആക്രമണത്തില്‍ നിന്ന് രക്ഷിക്കാന്‍ തനിക്ക് കഴിഞ്ഞില്ലല്ലോ എന്നോര്‍ത്താണ് അനുപയ്ക്ക് വിഷമം.' എനിക്ക് അവളെ ഓര്‍ത്ത് വല്ലാത്ത വിഷമം തോന്നുന്നു. എനിക്ക് അവളെ സംരക്ഷിക്കാന്‍ കഴിഞ്ഞില്ല. ഇങ്ങനെയൊരു സംഭവം ഉണ്ടാകുമെന്ന് ഞാന്‍ കരുതിയതേയില്ല. അവളിവിടെ സുരക്ഷിതയാണെന്ന് ഞാന്‍ കരുതി'.

വാട്ടര്‍ഫോര്‍ഡ് നഗരത്തില്‍, കില്‍ബാരിയില്‍, തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം. ഇവിടെ സമീപകാലത്താണ് കുടുംബം താമസം തുടങ്ങിയത്. മകള്‍ നിയ കുട്ടികള്‍ക്കൊപ്പം വീടിന് പുറത്ത് കളിക്കുന്നത്് നിരീക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്നു അനുപ. കുറച്ചുസമയത്തേക്ക് 10 മാസം പ്രായമുള്ള മകന്‍ നിഹാന് പാല്‍ കൊടുക്കാന്‍ വേണ്ടി വീടിനുള്ളിലേക്ക് പോയി.

' സമയം 7.30 ആയിക്കാണും. അവള്‍ വീടിനുളളില്‍ കളിക്കുകയായിരുന്നു. പുറത്തുപോയി കളിക്കണമെന്നും സൈക്കിള്‍ ഓടിക്കണമെന്നും അവള്‍ പറഞ്ഞപ്പോള്‍, കുറച്ചുസമയത്തേക്ക് ഞാന്‍ അതനുവദിച്ചു. എന്റെ ഭര്‍ത്താവ് കെ എസ് നവീന് അന്ന് നൈറ്റ് ഡ്യൂട്ടിയായിരുന്നു. ഞാനും 10 മാസം പ്രായമുള്ള മകനും ആറുവയസുകാരി മകളും മാത്രമായിരുന്നു വീട്ടില്‍. അവള്‍ കൂട്ടുകാര്‍ക്കൊപ്പം കളിക്കാന്‍ പുറത്തേക്ക് പോയി. വീടിന് മുന്നില്‍ നിന്ന് ഞാന്‍ അവളെ നിരീക്ഷിക്കുന്നുണ്ടായിരുന്നു. അവര്‍ ഒന്നിച്ചുകളിക്കുകയായിരുന്നത് കൊണ്ട് സുരക്ഷിതയാണെന്ന് അറിയാമായിരുന്നു. ആ സമയത്ത് ഇളയ കുട്ടി വിശന്നിട്ട് കരയാന്‍ തുടങ്ങി. ഞാന്‍ നിയയോട് കുഞ്ഞിന് പാല് കൊടുത്തിട്ട് ഉടന്‍ വരാമെന്ന് പറഞ്ഞ് ഉള്ളിലേക്ക് പോയി.

കുറച്ചുസമയം കഴിഞ്ഞപ്പോള്‍ നിയ കരഞ്ഞുകൊണ്ട് ഓടി വീട്ടിലെത്തി. സംസാരിക്കാന്‍ പോലും കഴിയാത്ത വിധം അവള്‍ പേടിച്ചിരുന്നു.

' എന്റെ മകളെ അതിനുമുമ്പ് ഞാന്‍ അങ്ങനെ കണ്ടിട്ടില്ല. അവളുടെ കൂട്ടുകാരോട് എന്താണ് സംഭവിച്ചതെന്ന് ചോദിച്ചപ്പോള്‍ അവര്‍ക്കും ആദ്യം ഒന്നു സംസാരിക്കാനായില്ല. നിയയേക്കാള്‍ മുതിര്‍ന്ന ഒരു ആണ്‍കുട്ടി സൈക്കിളിന്റെ വീല്‍ കൊണ്ട് അവളുടെ സ്വകാര്യഭാഗത്ത് ഇടിച്ചെന്നും സംഘത്തിലെ അഞ്ചുപേര്‍ അവളുടെ മുഖത്ത് ഇടിച്ചെന്നും കൂട്ടുകാരില്‍ ഒരാള്‍ പറഞ്ഞു. ഫക്ക് യു എന്ന് പറഞ്ഞ ശേഷം, വൃത്തികെട്ട ഇന്ത്യാക്കാരി, ഇന്ത്യയിലേക്ക് മടങ്ങിപ്പോ എന്ന് ആക്രോശിച്ചു. അവളുടെ കഴുത്തില്‍ ഇടിച്ചെന്നും മുടി പിടിച്ച് തിരിച്ചെന്നും അവള്‍ ഇന്ന് എന്നോടുപറഞ്ഞു.

ജനുവരിയിലാണ് പുതിയ വീട്ടിലേക്ക് മാറിയത്. പുതിയ വീട്, പുതിയ കൂട്ടുകാര്‍, കളിക്കാന്‍ ഇഷ്ടം പോലെ സ്ഥലം, ഇതുവരെ വളരെ സന്തോഷമായിരുന്നു അവള്‍ക്ക്. തിങ്കളാഴ്ചത്തെ സംഭവം എല്ലാം തകര്‍ത്തുകളഞ്ഞു, അനുപ അച്യുതന്‍ പറഞ്ഞു. ഇപ്പോള്‍ വീടിന് മുന്നില്‍ പോലും അവള്‍ക്ക് കളിക്കാന്‍ സുരക്ഷിതമല്ലെന്ന് തോന്നുന്നു, മലയാളി നഴ്‌സ് പറഞ്ഞു.




സംഭവത്തിന് ശേഷം ഞാന്‍ ആ ആണ്‍കുട്ടികളുടെ സംഘത്തെ കണ്ടു. അവര്‍ 12 നും 14 നും മധ്യേ പ്രായമുള്ളവരാണ്. ഞാന്‍ നിയയുടെ അമ്മയാണെന്ന് അവര്‍ക്ക് അറിയാം. അവരെന്നെ തുറിച്ചുനോക്കുകയും ചിരിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. മകളെ ആക്രമിച്ച ആണ്‍കുട്ടികള്‍ക്ക് ശിക്ഷ കൊടുക്കണമെന്ന് അനുപ ആവശ്യപ്പെടുന്നില്ല. പക്ഷേ, കുട്ടികളായ അവര്‍ക്ക് കൗണ്‍സിലിംഗ് നല്‍കണമെന്നാണ് ആവശ്യപ്പെടുന്നത്. യാതൊരു പ്രകോപനവും ഇല്ലാതെയാണ് കുട്ടികള്‍ അതുചെയ്തത്. അത് അംഗീകരിക്കാനാവില്ല. ഇനി ഇത് ആവര്‍ത്തിക്കാതിരിക്കാന്‍ അവരെ ബോധവത്കരിക്കണം, എങ്ങനെയാണ് പെരുമാറേണ്ടതെന്ന് പഠിപ്പിക്കണം, അനൂപ അച്യുതന്‍ പറഞ്ഞു. സമീപകാലത്ത് അയര്‍ലന്‍ഡില്‍ ഇന്ത്യാക്കാര്‍ക്ക് നേരേ ആവര്‍ത്തിക്കുന്ന വംശീയ ആക്രമണങ്ങളിലും അനൂപ ആശങ്ക പ്രകടിപ്പിച്ചു. ഡബ്ലിനില്‍ സമീപ കാലത്ത് രണ്ട് ഇന്ത്യാക്കാര്‍ക്ക് നേര ആക്രമണമുണ്ടായിരുന്നു.

ഇന്ത്യക്കാരനായ സംരംഭകന്‍ ഡോ.സന്തോഷ് യാദവിന് നേരേയാണ് ഏറ്റവുമൊടുവില്‍ വംശീയ ആക്രമണം ഉണ്ടായത്. കൗമാരക്കാരായ ആറംഗസംഘം തന്നെ ക്രൂരമായി മര്‍ദിച്ചെന്നാണ് ഡോ.സന്തോഷ് യാദവ് ലിങ്ക്ഡ്ഇനില്‍ വെളിപ്പെടുത്തിയത്. അക്രമിസംഘം തന്റെ മുഖത്ത് നിന്നും കണ്ണട വലിച്ചെറിയുകയും ഇടിച്ച് കവിളെല്ല് പൊട്ടിക്കുകയും ചെയ്തുവെന്നും സന്തോഷ് യാദവ് കുറിച്ചു.

സമീപകാലത്തായി ന്യൂനപക്ഷങ്ങള്‍ക്കെതിരെ ആക്രമണങ്ങള്‍ വര്‍ധിക്കുകയാണെന്നും അക്രമികള്‍ സൈ്വരമായി വിഹരിക്കുകയാണെന്നും സന്തോഷ് പറഞ്ഞിരുന്നു. കാന്‍പുര്‍ സ്വദേശിയാണ് അക്രമത്തിനിരയായ സന്തോഷ് യാദവ്. ഡബ്ലിനില്‍ സീനിയര്‍ ഡാറ്റ സയന്റിസ്റ്റായി ജോലി ചെയ്യുകയാണ് നിലവില്‍ അദ്ദേഹം. ഡബ്ലിനിലെ തല്ലാട്ടിലാണ് അതിനുമുമ്പ്് ആക്രമണം ഉണ്ടായത്. മര്‍ദിച്ച് അവശനാക്കി അര്‍ധ നഗ്‌നനാക്കി യുവാവിനെ വഴിയില്‍ തള്ളിയാണ് അന്ന് കൗമാരക്കാരായ അക്രമികള്‍ കടന്നുകളഞ്ഞത്.

ഇന്ത്യക്കാര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ഡബ്ലിനിലെ ഇന്ത്യന്‍ ഏംബസി ആവശ്യപ്പെട്ടിട്ടുണ്ട്. മുന്‍കരുതല്‍ സ്വീകരിക്കണമെന്നും ആളൊഴിഞ്ഞ സ്ഥലങ്ങളിലൂടെയുള്ള യാത്ര ഒഴിവാക്കണമെന്നും ഏംബസി മുന്നറിയിപ്പ് നല്‍കി.