- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പെണ്മക്കൾ കല്യാണം കഴിഞ്ഞ് ഭർതൃവീടുകളിൽ; ഏക മകൻ പഠനാവശ്യവുമായി കൊല്ലത്തും; 62-ാം വയസിൽ തനിച്ചായ പിതാവിന് വീണ്ടും വിവാഹം നടത്തിക്കൊടുത്ത് മക്കൾ; തിരുവല്ലക്കാരൻ രാധാകൃഷ്ണ കുറുപ്പിന് വധുവായത് അടൂരുകാരി മല്ലിക; ഇത് മക്കൾ ജീവിതം കൊടുത്ത അച്ഛന്റെ കഥ
തിരുവല്ല: ഇത് മക്കൾ ജീവിതം കൊടുത്ത അച്ഛന്റെ കഥയാണ്. ജീവിത സായാഹ്നത്തിൽ തനിച്ചായിപ്പോയ അച്ഛന് സംരക്ഷണത്തിനായി കൂട്ടൊരുക്കിയിരിക്കുകയാണ് മക്കൾ. കുറ്റൂർ പൊട്ടന്മല രഞ്ചു ഭവനിൽ രാധാകൃഷ്ണ കുറുപ്പിനാണ് 62-ാം വയസിൽ മക്കളും മരുമക്കളും ചേർന്ന് പുനർ വിവാഹം ഒരുക്കിയത്. അടൂർ എനാദിമംഗലം സ്വദേശി മല്ലിക കുമാരി(60)യാണ് കുറുപ്പിന് തുണയായത്. മക്കളുടെയും മരുമക്കളുടെയും അടുത്ത ബന്ധുക്കളുടെയും ആശീർവാദത്തോടെ കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ 10.05 നും പത്തരയ്ക്കും ഇടയിലുള്ള മുഹൂർത്തത്തിലാണ് എല്ലാ ചടങ്ങുകളോടും കൂടി കാവുംഭാഗം തിരുഏറങ്കാവ് ഭഗവതി ക്ഷേത്രത്തിൽ വിവാഹം നടന്നത്.
മൂന്ന് പതിറ്റാണ്ടായി ഏറങ്കാവ് ക്ഷേത്രത്തിന് സമീപം സർബത്തും സുഗന്ധ മുറുക്കാനും സ്റ്റേഷനറി സാധനങ്ങളും വിൽക്കുന്ന കട നടത്തുകയാണ് കുറുപ്പ്. ഹൃദയാഘാതത്തെ തുടർന്ന് ഒന്നര വർഷം മുമ്പാണ് ഇദ്ദേഹത്തിന്റെ ഭാര്യ മരിച്ചത്. മല്ലിക കുമാരിയുടെ ഭർത്താവ് അഞ്ചുവർഷം മുമ്പാണ് മരിച്ചത്. ഇവർക്ക് മക്കൾ ഇല്ല. തനിച്ചായിരുന്നു താമസം. രശ്മി, രഞ്ജു, എന്നീ രണ്ട് പെൺമക്കളും രഞ്ജിത്ത് എന്ന മകനുമാണ് രാധാകൃഷ്ണക്കുറുപ്പിന് ഉള്ളത്. പെണ്മക്കൾ രണ്ടുപേരും വിവാഹിതരായി കുടുംബിനികളായി കഴിയുകയാണ്.
മകൻ രഞ്ജിത്ത് ഏതാനും മാസങ്ങളായി കൊല്ലത്ത് ഹോസ്റ്റലിൽ നിന്ന് പഠിക്കുന്നു. മകൻ കൂടി വീട്ടിൽ നിന്ന് പോയതോടെ രാധാകൃഷ്ണക്കുറുപ്പിന്റെ ജീവിതം തീർത്തും ഒറ്റപ്പെട്ടതായി. ഭർത്താവുമൊത്ത് വിദേശത്തുള്ള ഇളയ മകൾ രഞ്ജു രണ്ടുമാസം മുമ്പ് നാട്ടിലെത്തി. അപ്പോഴാണ് വാർദ്ധക്യ സഹജമായ അസുഖങ്ങൾ ആരംഭിച്ച പിതാവിന്റെ ഒറ്റപ്പെട്ട ജീവിതത്തിലെ കഷ്ടപ്പാടുകൾ മനസിലാക്കിയത്.
അങ്ങനെയാണ് ജീവിത സായാഹ്നത്തിൽ അച്ഛന് ഒരു കൂട്ട് വേണമെന്ന ചിന്തയിലേക്ക് രഞ്ജു എത്തിയത്. ഇക്കാര്യം സഹോദരങ്ങളുമായി പങ്കുവെച്ചു. അവരും പിന്തുണച്ചു. ഇതോടെ അച്ഛന്റെയും സഹോദരങ്ങളുടെയും സമ്മതത്തോടെ വിവാഹ ആലോചനയും ആരംഭിച്ചു. അങ്ങനെയാണ് മാട്രിമോണി വഴി മല്ലിക കുമാരിയുടെ നമ്പർ ലഭിക്കുന്നത്.
പുനർവിവാഹ കാര്യത്തിൽ മല്ലികയുടെ ബന്ധുക്കളും പൂർണ്ണസമ്മതം അറിയിച്ചതോടെ കാര്യങ്ങൾ വേഗത്തിലായി. അടുത്ത ബന്ധുക്കളായ അമ്പതോളം പേരെ സാക്ഷി നിർത്തി രാധാകൃഷ്ണക്കുറുപ്പ് മല്ലികയുടെ കഴുത്തിൽ താലി ചാർത്തിയത് അങ്ങനെയാണ്. വാർധക്യത്തിൽ പരസ്പരം തുണയാകാൻ കഴിയും എന്ന വിശ്വാസത്തിലാണ് നവ ദമ്പതികൾ.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്