- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ബഹുമാനിച്ചില്ല, നോട്ടം ശരിയല്ല; പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ ചവുട്ടി വിഴ്ത്തി, ഇടതു കൈയ്യിന്റെ എല്ല് തകര്‍ത്തു; കൊളവല്ലൂര്‍ സ്കൂളിലെ റാഗിങ്ങില്‍ അഞ്ച് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്
കൊളവല്ലൂര്‍ സ്കൂളിലെ റാഗിങ്ങില്‍ അഞ്ച് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്
കണ്ണൂര്‍: കൊളവല്ലൂര്‍ പി. ആര്‍ മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ റാഗിങ്ങിന്റെ മറവില്‍ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ പ്‌ളസ് വണ്‍ വിദ്യാര്‍ത്ഥിയുടെ കൈ അടിച്ചു തകര്‍ത്ത സംഭവത്തില്‍ കൊളവല്ലൂര്‍ പൊലിസ് അഞ്ച് പേര്‍ക്കെതിരെ കേസെടുത്തു അന്വേഷണമാരംഭിച്ചു. സീനിയര്‍ വിദ്യാര്‍ത്ഥികളായ അഞ്ചുപേര്‍ക്കെതിരെയാണ് പ്രിന്‍സിപ്പലിന്റെ പരാതിയില്‍ കേസെടുത്തത്.
പ്‌ളസ് വണ്‍ കൊമേഴ്‌സ് വിദ്യാര്‍ത്ഥി പാറാട് തളിയന്റിവിട ആദമിന്റെ മകന്‍ നിഹാലിനു (16) നേരെയാണ് വ്യാഴാഴ്ച്ച ഉച്ചയ്ക്ക് സ്‌കൂള്‍ കാന്റീന് സമീപം വെച്ചു അക്രമം നടന്നത്. ഇടതുകൈയ്യുടെ എല്ലുകള്‍ തകര്‍ന്ന നിലയില്‍ തലശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിദ്യാര്‍ത്ഥിയെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി.
പരീക്ഷ കഴിഞ്ഞ് അധ്യാപകന്റെ സെന്റ് ഓഫ് പരിപാടിയില്‍ പങ്കെടുത്ത് ഭക്ഷണം കഴിച്ചു വെള്ളം കുടിക്കാന്‍ കാന്റീനില്‍ വന്നപ്പോഴാണ് നിഹാല്‍ അക്രമത്തിനിരയാകുന്നത്. നിഹാലിനെ തടഞ്ഞു നിര്‍ത്തിയ സംഘം നീയെന്താടാ ഞങ്ങളെ ബഹുമാനിക്കാത്തത് നിന്റെ നോട്ടം ശരിയല്ലയെന്ന് പറഞ്ഞാണത്രെ മര്‍ദ്ദിച്ചത്. ഇതേ സംഘം നേരത്തെ കുട്ടിയെ ഉപദ്രവിച്ചതായും പരാതിയുണ്ട്.
തന്റെ മകനോട് ഗുണ്ടകളെപ്പോലെയാണ് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ പെരുമാറിയതെന്ന് നിഹാലിന്റെ പിതാവ് ആദം പറഞ്ഞു. തലയ്ക്കും കഴുത്തിനും ക്രുരമായി മര്‍ദ്ദിച്ച ശേഷം ചവുട്ടി വീഴ്ത്തി ഷൂ കൊണ്ടു ചവുട്ടി കൈയ്യൊടിച്ചു. കുട്ടിയുടെ എല്ലുകള്‍ ഒടിഞ്ഞു പുറത്തേക്ക് വന്നു. എന്നാല്‍ സ്ഥലത്തുണ്ടായ പി.ടി.എ അംഗങ്ങള്‍ നിഹാലിനെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ തയ്യാറായില്ല.
മര്‍ദ്ദിച്ച കുട്ടികളുടെ പേര് പറഞ്ഞാല്‍ മാത്രമേ ആശുപത്രിയില്‍ കൊണ്ടുപോവുകയുള്ളുവെന്നായിരുന്നു അവരുടെ നിലപാട്. ഒടുവില്‍ സഹപാഠികളായ പ്‌ളസ് വണ്‍ വിദ്യാര്‍ത്ഥികളാണ് നിഹാലിനെ ഓട്ടോറിക്ഷയില്‍ എത്തിച്ചതെന്ന് പിതാവ് പറഞ്ഞു. പരുക്ക് ഗുരുതരമായ തിനാലാണ് താന്‍ എത്തി കുട്ടിയെ തലശേരി സഹകരണ ആശുപത്രിയിലേക്ക് മാറ്റിയത്. എക്‌സറെ പരിശോധിച്ച എല്ല് രോഗ വിദഗ്ദ്ധന്‍ ഇതു ഗുണ്ടാ അക്രമണമാണോയെന്നാണ് ചോദിച്ചത്. രാത്രി പത്തരയ്ക്കാണ് മകനെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കിയതെന്നും നിഹാലിന്റെ പിതാവ് ആദം പറഞ്ഞു..