തിരുവനന്തപുരം: ഏഴു വര്‍ഷം മുന്‍പാണ് ഇന്ത്യക്രിക്കറ്റ് ടീമിന്റെ മുന്‍ നായകനും ക്യാപ്റ്റനുമായിരുന്ന മഹേന്ദ്രസിങ്ങ് ധോണി തന്റെ മകള്‍ സിവ അദ്വൈതം എന്ന ചിത്രത്തിലെ അമ്പലപ്പുഴെ ഉണ്ണിക്കണ്ണനോട് നീ എന്ന ഗാനം പാടുന്ന ഒരു വീഡിയോ സമൂഹമാധ്യമത്തില്‍ പങ്കുവെച്ചത്.മലയാളം തീര്‍ത്തും വശമില്ലാത്ത സിവ മലയാളം പാട്ട് പാടിയത് അന്ന് കാട്ടുതീ പോലെയാണ് സോഷ്യല്‍ മീഡിയയില്‍ പടര്‍ന്നത്.മലയാളിക്ക് നിത്യഹരിത ഗാനമാണെങ്കിലും സിവയുടെ വീഡിയോ വന്നതോടെ കൂടുതല്‍ പേര്‍ സോഷ്യല്‍ മീഡിയയില്‍ ആ ഗാനം തിരഞ്ഞു.

ഇപ്പോഴിത ഏഴു വര്‍ഷത്തിനിപ്പുറം സമാനരീതിയില്‍ മറ്റൊരു മലയാളം പാട്ടുകൂടി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയമാകുകയാണ്.മലയാളിയുടെ എക്കാലത്തെയും പ്രിയപ്പെട്ട താരാട്ടുപാട്ടായ ഉണ്ണി വാവാവോ ആണ് കാലങ്ങള്‍ക്കിപ്പുറം സമൂഹമാധ്യമത്തില്‍ കഴിഞ്ഞ കുറച്ച് ദിവസമായി ട്രെന്‍ഡിങ്ങാകുന്നത്.അതിന് കാരണമായതാകട്ടെ ആലിയ ഭട്ട് -രണ്‍ബീര്‍ കപൂര്‍ ദമ്പതികളുടെ കുഞ്ഞായ റാഹയും.ഒരു ടെലിവിഷന്‍ ഷോയ്ക്കിടെയാണ് ആലിയ ഭട്ട് മകള്‍ക്ക് ഈ പാട്ടിനോടുള്ള പ്രിയവും ഈ പാട്ട് കേള്‍ക്കാതെ ഉറങ്ങാത്തതിനാല്‍ രണ്‍ബിര്‍ മലയാളം പാട്ട് പഠിച്ചുവെന്നും വെളിപ്പെടുത്തിയത്.

ആലിയയുടെ വിഡിയോ വൈറലായതിന് പിന്നാലെ നിരവധിപേരാണ് ഉണ്ണിവാവവോ തിരഞ്ഞ് യുട്യബിലെത്തിത്.കഴിഞ്ഞ ഏതാനും ദിവസങ്ങളായി ആ വിഡിയോയ്ക്ക് താഴെ വന്ന കമന്റുകളില്‍ ഭൂരിഭാഗവും ആലിയയുടെ അഭിമുഖം കണ്ട് വീണ്ടും കേള്‍ക്കാന്‍ വന്നു എന്നാണ്.മലയാളത്തിലെ താരാട്ടിനെ വീണ്ടും വൈറലാക്കിയത് കുഞ്ഞ് റാഹയ്ക്ക് നന്ദിയെന്നും നിരവധിപേര്‍ കുറിക്കുന്നുണ്ട്.പാട്ടിന്റെ കാഴ്ച്ചക്കാരുടെ എണ്ണത്തിലും വന്‍ വര്‍ധനയാണ് ഈയടുത്ത ദിവസങ്ങളില്‍ ഉണ്ടായത്.

സംഭവം ഇങ്ങനെയൊക്കെയാണെങ്കിലും ആരാണ് കുട്ടിയെ ഈ പാട്ട് പഠിപ്പിച്ചത് എന്ന ചോദ്യമായിരുന്നു അഭിമുഖം പുറത്തെത്തിയത് മുതല്‍ സോഷ്യല്‍ മീഡിയ അന്വേഷിച്ചിരുന്നത്.ധോണിയുടെ മകളെ പാട്ട് പഠിപ്പിച്ചതും പരിചരിക്കാനെത്തിയ നഴ്സാണെന്ന് പറഞ്ഞെങ്കിലും ആരാണെന്ന് അവര്‍ സ്വകാര്യതയെ മാനിച്ച് വെളിപ്പെടുത്തിയിരുന്നില്ല.എന്നാല്‍ റാഹയെ താരാട്ട് പഠിപ്പിച്ച മലയാളി നഴ്സിനെ കണ്ടെത്തിയിട്ടുണ്ട്.താരദമ്പതികളുടെ കുഞ്ഞിനെ പരിചരിക്കുന്ന മലയാളി നഴ്‌സ് സുമ നായരാണ് ദമ്പതിമാര്‍ക്ക് പാട്ട് പഠിപ്പിച്ചുകൊടുത്തത്.നഴ്സിന്റെ സഹോദരി കൂടിയായ മേക്ക്അപ്പ് ആര്‍ട്ടിസ്റ്റ് കൂടിയായ അഭിരാമിയാണ് ഈ പാട്ടിന് പിന്നിലെ കഥ സമൂഹമാധ്യമത്തില്‍ പങ്കുവെച്ചത്

ആ കഥ ഇങ്ങനെ..'ചേച്ചി 30 വര്‍ഷത്തോളമായി മുംബൈയിലാണ്. ഒരു സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യവെയാണ് ആലിയരണ്‍ബീര്‍ ദമ്പതികളുടെ മകളെ നോക്കാനുള്ള അവസരം ലഭിച്ചത്.മകള്‍ പിറന്ന അന്നു മുതല്‍ ചേച്ചി അവര്‍ക്കൊപ്പമുണ്ട്. താരകുടുംബത്തെ ഈ മലയാളം പാട്ട് ചേച്ചി പഠിപ്പിച്ചു എന്നതില്‍ വലിയ അഭിമാനം തോന്നുകയാണ്.മലയാളി എവിടെച്ചെന്നാലും പൊളിയല്ലേ.

ചേച്ചിയും മറ്റു കുടുംബാംഗങ്ങളുമെല്ലാം മികച്ച ഗായകരാണ്. ഇടയ്ക്കു വിളിക്കുമ്പോള്‍ അവിടുത്തെ വിശേഷങ്ങളൊക്കെ പറയാറുണ്ട്. ആലിയ ഭട്ട് ഒരു ടെലിവിഷന്‍ പരിപാടിയില്‍ പറഞ്ഞപ്പോഴാണല്ലോ ഇക്കാര്യം എല്ലാവരും അറിയുന്നത്.അല്ലാതെ അവരുടെ വിശേഷങ്ങളൊന്നും പുറത്തുപറയാനാകില്ല. സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതിലൊക്കെ ചില പരിമിതികളുണ്ട്.

റാഹയ്ക്ക് ചേച്ചി എപ്പോഴും അടുത്തുവേണം. ചേച്ചിയാണ് എപ്പോഴും അവളെ പാടിയുറക്കുന്നത്.ഇടയ്ക്കു ലീവിനു വന്നാല്‍പ്പോലും പെട്ടെന്നു തന്നെ തിരികെ വിളിക്കും.റാഹയും രണ്‍ബീറും ആലിയയുമൊക്കെ ചേച്ചിയെ 'സിസ്' എന്നാണു വിളിക്കുന്നത്. ചേച്ചിയെക്കുറിച്ച് ആലിയ ടെലിവിഷന്‍ പരിപാടിയില്‍ പറഞ്ഞതു കേട്ടപ്പോള്‍ ഒരുപാട് സന്തോഷം തോന്നി.

ഈ പാട്ട് ആദ്യമൊക്കെ പാടിക്കൊടുക്കുമ്പോള്‍ ആലിയയ്ക്കും രണ്‍ബീറിനും തീരെ വഴങ്ങിയില്ല. പാട്ടൊന്ന് മാറ്റിപ്പിടിച്ചാലോ എന്ന് രണ്‍ബീര്‍ ചോദിച്ചു. ചേച്ചി പറഞ്ഞു, യൂട്യൂബ് നോക്കി പഠിക്കൂ എന്ന്. അങ്ങനെ അദ്ദേഹം കഷ്ടപ്പെട്ടിരുന്ന് പഠിച്ചതാണ്. ഇപ്പോഴും റാഹ ഉറങ്ങുമ്പോള്‍ ഈ പാട്ട് ആലിയയും രണ്‍ബീറും പാടിക്കൊടുക്കും. അല്ലാതെ കുഞ്ഞ് സമ്മതിക്കില്ല. എന്നാണ് അഭിരാമി പറഞ്ഞുവെക്കുന്നത്.




ഗ്രേറ്റ് ഇന്ത്യന്‍ കപില്‍ ഷോയിലാണ് മകള്‍ റാഹയേക്കുറിച്ചും ഭര്‍ത്താവ് രണ്‍ബീര്‍ കപൂറും മകളും തമ്മിലുള്ള

ആത്മബന്ധത്തേക്കുറിച്ചുമൊക്കെ ആലിയ പങ്കുവെച്ചത്.റാഹയ്ക്കായി മലയാളം താരാട്ടുപാട്ട് വരെ രണ്‍ബിര്‍ പഠിച്ചിട്ടുണ്ടെന്നും ആലിയ പറഞ്ഞു.'ഞങ്ങളുടെ നഴ്സ് കുഞ്ഞിന് ചെറുപ്പം മുതല്‍ പാടി കൊടുക്കുന്ന ഒരു താരാട്ടു പാട്ട് ഉണ്ട്. ഉണ്ണി വാവാവോ പൊന്നുണ്ണി വാവാവോ എന്ന മലയാളം പാട്ട്. ഇപ്പോള്‍ റാഹയ്ക്ക് ഉറങ്ങണമെങ്കില്‍ അവള്‍ പറയും, മമ്മ വാവോ...പപ്പ വാവോ! അതിനര്‍ഥം, അവള്‍ക്ക് ഉറങ്ങണമെന്നാണ്.രണ്‍ബീര്‍ ഇപ്പോള്‍ ആ പാട്ട് പഠിച്ചെടുത്തു'' എന്നാണ് ആലിയയുടെ കൗതുകകരമായ വെളിപ്പെടുത്തല്‍.

കമന്റ് ബോക്സ് നിറഞ്ഞ് മലയാളികള്‍.. പ്രതികരിച്ച് രചയ്താവും സംഗീത സംവിധായകനും

ആലിയ ഭട്ടിന്റെ വീഡിയോ വൈറലായതിന് പിന്നാലെ വിഡിയോയുടെ കമന്റ് ബോക്സ് നിറയെ മലയാളത്തിലുള്ള രസകരമായ പ്രതികരണങ്ങളാണ്.മലയാളികള്‍ക്ക് 'ഉണ്ണി വാവാവോ വെറും ഒരു പാട്ടല്ല, വികാരമാണ്'മലയാളികള്‍ കുറിച്ചു.മലയാളി കുഞ്ഞുങ്ങളുടെ ദേശീയ ഗാനമാണ് ഇതെന്നായിരുന്നു മറ്റൊരു ആരാധകന്റെ കമന്റ്.'അങ്ങനെ ഉണ്ണി വാവാവോ പാന്‍ ഇന്ത്യന്‍ ആയി' എന്നാണ് ആരാധകരുടെ രസകരമായ കമന്റ്.

ഇതിന് പുറമെ ഇത്തരം പാട്ടുകളൊന്നും ഇപ്പോള്‍ മലയാളിക്കുട്ടികള്‍ക്ക് വേണ്ട എന്ന തരത്തിലും കമന്റുകള്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.മലയാളിക്കുട്ടികള്‍ ഇപ്പോള്‍ ഉറങ്ങാന്‍ ഇലുമിനാട്ടിയും പാലാപ്പള്ളിയുമൊക്കെയാണ് വേണ്ടതെന്നായിരുന്നു ഒരു ആസ്വാദകന്റെ പ്രതികരണം.

1991ല്‍ ഇറങ്ങിയ സിബി മലയില്‍ ചിത്രം സാന്ത്വനത്തിനു വേണ്ടി മോഹന്‍ സിത്താര ഈണമൊരുക്കിയ ഗാനമാണ് 'ഉണ്ണി വാവാവോ'. കൈതപ്രം ദാമോദരന്‍ നമ്പൂതിരി വരികള്‍ എഴുതിയ ഗാനം ആലപിച്ചത് കെ.എസ്.ചിത്രയും കെ.ജെ.യേശുദാസുമാണ്.ഗാനത്തിന്

വ്യത്യസ്ത പതിപ്പുകള്‍ ഉണ്ടെങ്കിലും കൂടുതല്‍ ജനകീയമായത് ചിത്ര ആലപിച്ചതാണ്.പാട്ട് വീണ്ടും ചര്‍ച്ചകളില്‍ നിറഞ്ഞതോടെ പ്രതികരണവുമായി ഗാനരചയ്താവും സംഗീതസംവിധായകനും രംഗത്ത് വന്നു.

32 വര്‍ഷത്തിനുശേഷവും ഉണ്ണീ വാവാവോ ആള്‍ക്കാരുടെ മനസ്സില്‍ നില്‍ക്കുന്നുവെന്നതില്‍ അദ്ഭുതം തോന്നി. സംഗീതത്തിന് ഭാഷയും അതിരുമില്ല.എന്റെ ആത്മാവില്‍ത്തൊടുന്ന ഒരു പാട്ടാണിത്.ആ പാട്ട് ഭാഷയ്ക്കതീതമായി കുഞ്ഞുങ്ങളെ സന്തോഷിപ്പിക്കുന്നുവെന്നതില്‍ വളരെയധികം സന്തോഷമെന്നാണ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി പ്രതികരിച്ചത്

നിഷ്‌കളങ്കമായ താളത്തില്‍, പാടാനറിയാത്തവര്‍ക്കുപോലും പാടാനാകുന്നവിധത്തില്‍ ചിട്ടപ്പെടുത്തിയ താരാട്ടുപാട്ടായിരുന്നു ഉണ്ണീ വാവാവോ...അതൊരു കാലഘട്ടത്തിന്റെ പാട്ടാണ്. ഇന്നും ആ പാട്ട് കുഞ്ഞുങ്ങളെ ഉറക്കാന്‍ പാടുന്നു എന്നു കേള്‍ക്കുമ്പോള്‍ വളരെയധികം സന്തോഷം തോന്നുന്നു.എന്റെ അമ്മ എനിക്ക് പാടിത്തന്ന താരാട്ടുപാട്ടുകള്‍ ആലോചിച്ചെടുത്താണ് ഈണം തിട്ടപ്പെടുത്തിയത്. കൈതപ്രം ചിന്തിക്കുന്നിടത്ത് ഞാന്‍ ഈണമിട്ടപ്പോള്‍ ആ പാട്ട് വിജയിച്ചുവെന്നാണ് മോഹന്‍ സിത്താര പ്രതികരിച്ചത്.