തിരുവനന്തപുരം: വിങ്ങുന്ന മനസ്സോടെ വിമാനത്താവളത്തിന് പുറത്തേക്ക് വന്ന റഹീമിന്റെ പ്രതികരണം ആരായാന്‍ ടിവി ചാനലുകള്‍ പോലും പോയില്ല. ആ മുഖത്തെ വേദന അത്രത്തോളമായിരുന്നു. എന്തെങ്കിലും ചോദിച്ച് ആ മനുഷ്യനെ വേദനിപ്പിക്കാന്‍ ചാനലുകള്‍ക്ക് പോലും മടി. വിമാനത്താവളത്തില്‍ നിന്നിറങ്ങിയ റഹീം എന്തുചെയ്യണമെന്നറിയാതെ കാറിനരികിലേക്ക് നടന്നുനീങ്ങി. വിങ്ങുന്ന മനസ്സ് മുഖത്ത് നിറയിച്ച് ആ അച്ഛന്‍ സ്വന്തം നാട്ടിലേക്ക് പോയി.

രാവിലെ 7.55-ഓടെ തിരുവനന്തപുരം വിമാനത്താവളത്തിലാണ് റഹീം എത്തിയത്. റഹീം ഡി.കെ. മുരളി എം.എല്‍.എ.യുടെ ഓഫീസിലേക്കാണ് ആദ്യം ചെന്നത്. ഇവിടെ നിന്ന് പള്ളിയിലേക്ക്. അവസാനമായി ഒരു നോക്ക് കാണാന്‍ പറ്റാത്ത തന്റെ പ്രിയപ്പെട്ടവരുടെ ഖബറിടങ്ങളിലേക്കാണ് ആ യാത്ര. അതിന് ശേഷം ആശുപത്രിയിലേക്ക് പോയി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഭാര്യയെ കാണും. ഇനിയും ദുരന്തം ഷെമി അറിഞ്ഞിട്ടില്ല. ഭര്‍ത്താവ് എത്തുമ്പോള്‍ ഷെമി എങ്ങനെ പ്രതികരിക്കുമെന്നതും നിര്‍ണ്ണായകമാണ്. ഇളയ മകന്റെ മരണം ആ അമ്മ എങ്ങനെ താങ്ങുമെന്ന ചോദ്യവും സജീവം.

വേദന തളം കെട്ടിയ മുഖവുമായിട്ടായിരുന്നു റഹിമിന്റെ മടക്കം. രണ്ടുമക്കളില്‍ ഒരാള്‍ ഇന്ന് ജീവനോടെ ഇല്ല, മറ്റൊരാള്‍ കൂട്ടക്കൊലക്കേസില്‍ അറസ്റ്റില്‍. പ്രിയപ്പെട്ട ഭാര്യയാകട്ടെ ആശുപത്രിക്കിടക്കയില്‍. ഉമ്മയും പ്രിയപ്പെട്ട സഹോദരനും സഹോദരന്റെ ഭാര്യയും കൊല്ലപ്പെട്ടു. വ്യാഴാഴ്ച 12.15-നായിരുന്നു ദമ്മാമില്‍ നിന്ന് തിരുവനന്തപുരത്തേക്ക് തിരിച്ചത്. റിയാദില്‍ ഒരു കടനടത്തുകയായിരുന്നു റഹീം. പലതരം പ്രശ്‌നങ്ങള്‍ ഒന്നിച്ചെത്തിയപ്പോള്‍ എല്ലാം നഷ്ടമായി. കടക്കാരില്‍ നിന്ന് തല്‍ക്കാലത്തേക്ക് മാറി നില്‍ക്കാനാണ് റഹീം ദമ്മാമിലേക്ക് വണ്ടി കയറിയത്. പ്രവാസികളുടെ സഹായത്തോടെ സൗദിയിലെ നിയമ നടപടികള്‍ എല്ലാം പൂര്‍ത്തിയാക്കിയാണ് റഹീം മടങ്ങി വരുന്നത്. ഇളയ മകന്റെ മരണമാണ് ഏറെ സങ്കടകരം. അവന്റെ ഫോട്ടോ നോക്കിയിരുന്ന് വിതുമ്പുന്ന കാഴ്ച കാണാന്‍ കഴിയുന്നതല്ലെന്ന് സൗദിയിലെ സുഹൃത്തുക്കളും പറഞ്ഞിരുന്നു. യാത്രാരേഖകള്‍ ശരിയായതോടെയാണ് അബ്ദുല്‍ റഹീം ദമാമില്‍നിന്ന് യാത്രതിരിച്ചത്.

യാത്രാരേഖകള്‍ ശരിയായതോടെയാണ് നാട്ടിലേക്ക് വരാനായത്. രണ്ടര വര്‍ഷം മുന്‍പ് ഇഖാമ കാലാവധി തീര്‍ന്നതോടെയാണ് അബ്ദുല്‍ റഹീമിന് സൗദിയില്‍ യാത്രാവിലക്ക് നേട്ടത്. ഏഴ് വര്‍ഷം മുന്‍പാണ് അബ്ദുല്‍ റഹീം നാട്ടില്‍വന്നത്. സാമൂഹിക പ്രവര്‍ത്തകരുടെ ഇടപെടലിനെ തുടര്‍ന്നാണ് അബ്ദുല്‍ റഹിം നാട്ടിലേക്കു തിരിക്കാനായത്. കുടുംബാംഗങ്ങളായ 4 പേരടക്കം 5 പേരെയാണ് മകന്‍ അഫാന്‍ കൊലപ്പെടുത്തിയത്. അഫാന്റെ മുത്തശ്ശി സല്‍മാബീവി (95), സഹോദരന്‍ അഫ്‌സാന്‍ (13), പിതൃസഹോദരന്‍ അബ്ദുല്‍ ലത്തീഫ് (60), ലത്തീഫിന്റെ ഭാര്യ സജിതാബീവി (55), വെഞ്ഞാറമൂട് മുക്കന്നൂര്‍ സ്വദേശി ഫര്‍സാന (22) എന്നിവരാണു കൊല്ലപ്പെട്ടത്. തലയ്ക്കടിയേറ്റു ഗുരുതരമായി പരുക്കേറ്റ അമ്മ ഷമി ആശുപത്രിയില്‍ ചികിത്സയിലാണ്. അതായത് റഹീമിന്റെ ഇളയമകനും ഉമ്മയും ചേട്ടനും ചേട്ടന്റെ ഭാര്യയും കൊല്ലപ്പെട്ടു.

അഫാനെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യുന്നതില്‍ ഇന്ന് തീരുമാനമായേക്കും. വൈകിട്ട് വരെയാണ് നിരീക്ഷണം പറഞ്ഞിരിക്കുന്നത്. മെഡിക്കല്‍ ബോര്‍ഡ് വിലയിരുത്തിയ ശേഷം തീരുമാനമെടുക്കും. ഇന്നലെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം, മജിസ്‌ട്രേറ്റ് ആശുപത്രിയിലെത്തി റിമാന്‍ഡ് ചെയ്തു. ഇതോടെ മെഡിക്കല്‍ കോളജിലെ ജയില്‍ വാര്‍ഡിലേക്ക് മാറ്റി. ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്താലും ജയിലിലേക്കാണ് മാറ്റുന്നത്. അടുത്ത ആഴ്ചയോടെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങും. അതേ സമയം കൂട്ടക്കൊലയില്‍ നിന്ന് രക്ഷപെട്ട ഷെമീനയുടെ മൊഴി ഇന്ന് രേഖപ്പെടുത്തുമെന്നും സൂചനയുണ്ട്.

മജിസ്‌ട്രേറ്റിനെ ആശുപത്രിയിലെത്തിച്ച് മരണമൊഴി എന്ന രീതിയിലാവും രേഖപ്പെടുത്തുക. എന്നാല്‍ കൂട്ടക്കൊല നടന്ന വിവരമോ അഫാന്‍ പൊലീസ് പിടിയിലായതും ഇളയ മകന്‍ അഫ്‌സാന്‍ കൊല്ലപ്പെട്ടതും ഷെമീന അറിഞ്ഞിട്ടില്ല. നിലവില്‍ തനിക്ക് കട്ടിലില്‍ നിന്നും വീണ് പരിക്കേറ്റു എന്നാണ് ഷെമി പറയുന്നത്.