- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രതി ഒരു സമുദായത്തിന് മൊത്തം വെറുക്കപ്പെട്ടവന്‍ ആയിരിക്കാം; എന്നിരുന്നാലും നിരപരാധി ആണെങ്കില്‍ അയാള്‍ ഒരിക്കലും ശിക്ഷിക്കപ്പെടരുത് എന്നാണ് ആ മതവിഭാഗത്തിന്റെ തന്നെ വിശുദ്ധ വേദഗ്രന്ഥം ഉല്‍ബോധിപ്പിക്കുന്നത്; പോക്സോ വകുപ്പ് ദുരുപയോഗം ചെയ്തതിന്റെ അവസാന ഉദാഹരണമാണ് പാലത്തായി കേസെന്ന് വിരമിച്ച ഡിവൈഎസ്പി റഹിം; ഈ പോസ്റ്റ് നല്‍കുന്നത് വിവാദങ്ങള്‍ക്ക് പുതിയ തലം
കണ്ണൂര്‍: പാലത്തായി കേസില്‍ അട്ടിമറി നടന്നോ? പാലത്തായിയില്‍ വിധി വന്നിട്ടും വിവാദം തീരുന്നില്ല. പോക്സോ വകുപ്പ് ദുരുപയോഗം ചെയ്തതിന്റെ അവസാന ഉദാഹരണമാണ് പാലത്തായി കേസെന്ന് വിരമിച്ച ഡിവൈഎസ്പി ആയ റഹീമിന്റെ ഫേസ്ബുക്ക് പോസ്റ്റ് ചര്‍ച്ചകള്‍ക്ക് പുതുമാനം നല്‍കുകയാണ്. അന്വേഷണത്തില്‍ അട്ടിമറിയുണ്ടെന്ന വാദമാണ് ഇതുയര്‍ത്തുന്നത്.
ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും എസ്ഐടിയും അന്വേഷിച്ചിട്ടും പോക്സോ കുറ്റം നിലനില്‍ക്കില്ലെന്ന് കണ്ടെത്തിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥര്‍ തന്നോട് ഇക്കാര്യം പറഞ്ഞതായും തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. പാലത്തായി കേസില്‍ ബിജെപി നേതാവും അധ്യാപകനുമായിരുന്ന പദ്മരാജനെ വിചാരണ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. പാലത്തായി കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച്, കോടതി മുമ്പാകെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചപ്പോള്‍ പോക്സോ ആക്ട് നിലനില്‍ക്കില്ല എന്നാണ് കോടതിയില്‍ നല്‍കിയത്. അതുതന്നെയാണ് ശരി എന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടപ്പോള്‍ മനസിലാക്കാന്‍ സാധിച്ചതെന്നും റഹീം പറയുന്നു. രാഷ്ട്രീയ എതിരാളികളെ ഏറ്റവും എളുപ്പത്തില്‍ കുടുക്കാന്‍ പറ്റുന്ന ഇരുതല മൂര്‍ച്ചയുള്ള ആയുധമാണ് പോക്സോ ആക്ടെന്നും ആരോപിക്കുന്നു.
മിക്ക പോക്സോ കേസുകളും കോടതിയില്‍ വിചാരണക്ക് എത്തുന്നതോടെ ശിക്ഷിക്കപ്പെടുന്നു എന്നുള്ളതാണ് യാഥാര്‍ത്ഥ്യം. ഇത്തരം കേസുകളിലെ ഇര കോടതി മുമ്പാകെ പ്രതി, തന്നെ പീഡിപ്പിച്ചിട്ടുണ്ട് എന്ന് പറഞ്ഞു കഴിഞ്ഞാല്‍ തന്നെ മിക്ക കോടതികളും പ്രതികളെ ശിക്ഷിക്കുന്നതാണ് കണ്ടുവരുന്നതെന്നും അദ്ദേഹം പറയുന്നു. പാലത്തായി കേസില്‍ ആദ്യം ലോക്കല്‍ പോലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ചിട്ടും പോക്സോ വകുപ്പ് ചുമത്താതെയാണ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പിന്നീട് വനിതാ ഉദ്യോഗസ്ഥയെ ഉള്‍പ്പെടുത്തി എസ്ഐടി രൂപീകരിച്ചു. അവര്‍ നടത്തിയ അന്വേഷണത്തിലും പോക്സോ വകുപ്പ് ചുമത്താനുള്ള തെളിവുകള്‍ ലഭിച്ചിരുന്നില്ല. പിന്നീട് അന്നത്തെ തളിപ്പറമ്പ് ഡിവൈഎസ്പി ആയിരുന്ന ടി.കെ രത്നകുമാറിനെ കേസ് അന്വേഷണം ഏല്‍പ്പിച്ചത്. ഇദ്ദേഹമാണ് പോക്സോ വകുപ്പ് ചുമത്തി കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
ഈ അന്വേഷണ റിപ്പോര്‍ട്ടിന്റെയും പെണ്‍കുട്ടിയുടെ മൊഴിയുടെയും അടിസ്ഥാനത്തിലാണ് പദ്മരാജനെ കോടതി മരണം വരെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. വിചാരണക്കോടതി വിധിക്കെതിരെ അപ്പീല്‍ പോകാന്‍ പദ്മരാജന്‍ തീരുമാനിച്ചിട്ടുണ്ട്. വിഷയം രാഷ്ട്രീയമായി ചര്‍ച്ചചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് റഹീമിന്റെ ഫെസ്ബുക്ക് പോസ്റ്റ്.
ഫെയ്‌സ് ബുക്ക് പോസ്റ്റ് ചുവടെ
ഇരുതല മൂര്‍ച്ചയുള്ള പോക്‌സോ ആക്ട്
2012 നിലവില്‍ വന്ന പോക്‌സോ ആക്റ്റ് ( Protection of Children from Sexual Offences Act) ഇരുതല മൂര്‍ച്ചയുള്ള ഒരു ആയുധമാണ്.
കുട്ടികള്‍ക്കെതിരെ ഉണ്ടാകുന്ന സെക്ഷ്വല്‍ ഹറാസ്‌മെന്റ്, സെക്ഷ്വല്‍ അസാള്‍ട്ട് തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്ക് അറുതി വരുത്താന്‍ വേണ്ടി കേന്ദ്ര ഗവണ്‍മെന്റ് കൊണ്ടുവന്ന നിയമമാണ് ഇത്. പോലീസ് സംവിധാനത്തെ ചൈല്‍ഡ് ഫ്രണ്ട്‌ലി ആക്കുന്നതോടൊപ്പം അതിന്റെ പ്രാവര്‍ത്തിക ക്ഷമത ഉറപ്പുവരുത്തുകയും ചെയ്യുന്നു ഈ നിയമം. കുട്ടികള്‍ ഒരിക്കലും ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടു കൂടാ എന്ന ലക്ഷ്യത്തോടുകൂടിയാണ് ഈ നിയമം നടപ്പാക്കിയിട്ടുള്ളത്. എന്നിരുന്നാലും ആ നിയമം കൊണ്ടുവന്ന ഉദ്ദേശ ലക്ഷ്യങ്ങള്‍ അത് നേടിയെടുത്തിട്ടുണ്ടോ എന്നത് ഗൗരവമായ ചര്‍ച്ചയ്ക്ക് വിധേയമാകേണ്ടതുണ്ട്.
പലപ്പോഴും തങ്ങള്‍ക്ക് എതിര്‍പ്പുള്ളവരെ ഒതുക്കാന്‍ വേണ്ടി ഈ നിയമം ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.
ഞാന്‍ കാസര്‍കോട് ഡിസി ആര്‍ ബി ഡിവൈഎസ്പി ആയിരിക്കേ കാസര്‍കോട് ജില്ലയില്‍ തന്നെ ഒരു പോലീസ് സ്റ്റേഷനില്‍ ഒരച്ഛന്റെ പ്രതികാരം തീര്‍ക്കുന്നതിനു വേണ്ടി മകളെക്കൊണ്ട് അയാളുടെ ശത്രുക്കള്‍ക്കെതിരെ പോക്‌സോ കേസ് നല്‍കി ജയിലില്‍ അടപ്പിച്ച സംഭവവും പിന്നീട് ആ കേസില്‍ ഉള്‍പ്പെട്ട ഒരു വ്യക്തിയെ പണം വാങ്ങി കേസില്‍ നിന്നും ഒഴിവാക്കിയ സംഭവവും ഉണ്ടായിട്ടുണ്ട്.
ഇതിന് പുറമേ മുസ്ലിം സമുദായത്തിനിടയിലെ സംഘടനകള്‍ തമ്മിലുള്ള പ്രശ്‌നം രൂക്ഷമായ പ്രദേശങ്ങളില്‍ മദ്രസകളിലെ ഉസ്താദുമാര്‍ക്കെതിരെ എതിര്‍ വിഭാഗം ഉസ്താദുമാര്‍ കുട്ടികളെ ഉപയോഗിച്ച് പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്യുകയും പ്രതികാര നടപടി എടുക്കുകയും ചെയ്യുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.
പോക്‌സോ കേസ് അന്വേഷിക്കുന്ന സമയത്ത് കേസിലെ ഇരയായ കുട്ടി പറയുന്നതിനപ്പുറം അന്വേഷണം വ്യാപിപ്പിക്കാന്‍ പലപ്പോഴും പോലീസ് മടിക്കാറുണ്ട്.
ഇതെവിടെ കുറിക്കാന്‍ കാരണം ഈയടുത്ത് ഓണ്‍ലൈനായും ഓഫ് ലൈന്‍ ആയും ചര്‍ച്ച ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്ന പാലത്തായി കേസിന്റെ വിധിയാണ്.
പോക്‌സോ ആക്ട് ദുരുപയോഗം ചെയ്യപ്പെട്ടതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് പാലത്തായി കേസ് എന്നാണ് മനസ്സിലാവുന്നത്. ആദ്യം ലോക്കല്‍ പോലീസും തുടര്‍ന്ന് ക്രൈം ബ്രാഞ്ചും അതിനുശേഷം എസ് ഐ .ടി (സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമും) യുമാണ് പാലത്തായി കേസ് അന്വേഷിച്ചത്. പാലത്തായി കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച്, കോടതി മുമ്പാകെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചപ്പോള്‍ പോക്സോ ആക്ട് നിലനില്‍ക്കില്ല എന്നാണ് കോടതിയില്‍ നല്‍കിയത് എന്നാണ് അറിയുന്നത്. അതുതന്നെയാണ് ശരി എന്ന് അന്വേഷണ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടപ്പോള്‍ ഈയുള്ളവന് മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുള്ളത്.
അതായത് എതിരാളികളെ ഏറ്റവും എളുപ്പത്തില്‍ കുടുക്കാന്‍ പറ്റുന്ന ഇരുതല മൂര്‍ച്ചയുള്ള ആയുധമാണ് പോക്‌സോ ആക്ട് എന്ന് ചുരുക്കം.
മിക്ക പോക്സോ കേസുകളും കോടതിയില്‍ വിചാരണക്ക് എത്തുന്നതോടെ ശിക്ഷിക്കപ്പെടുന്നു എന്നുള്ളതാണ് യാഥാര്‍ത്ഥ്യം. ഇത്തരം കേസുകളിലെ ഇര കോടതി മുമ്പാകെ പ്രതി, തന്നെ പീഡിപ്പിച്ചിട്ടുണ്ട് എന്ന് പറഞ്ഞു കഴിഞ്ഞാല്‍ തന്നെ മിക്ക കോടതികളും പ്രതികളെ ശിക്ഷിക്കുന്നതാണ് കണ്ടുവരുന്നത്.
ഇതോടൊപ്പം മനസ്സിലാക്കേണ്ട മറ്റൊരു വസ്തുത കേരള പോലീസിന്റെ മുഖം രക്ഷിക്കുന്ന ഒരു ആക്ട് കൂടിയാണ് പോക്‌സോ ആക്ട്. സാധാരണഗതിയില്‍ പോലീസിന്റെ കഴിവും പ്രാപ്തിയും കണക്കാക്കുന്നത് പോലീസ് അന്വേഷിച്ച കേസുകളില്‍ ലഭിച്ചിട്ടുള്ള കണ്‍വിക്ഷന്‍ റേറ്റിന്റെ അടിസ്ഥാനത്തിലാണ്. കേരള സ്റ്റേറ്റ് കമ്മീഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് ചൈല്‍ഡ് റൈറ്റ് ന്റെ കണക്ക് പ്രകാരം 2019 കാലഘട്ടത്തില്‍ പോക്സോ കേസുകളുടെ കണ്‍വിക്ഷന്‍ റേറ്റ് 73.89% ആണ്.
ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത് എന്നതാണ് ഇന്ത്യന്‍ നിയമവ്യവസ്ഥയുടെ അടിസ്ഥാന പ്രമാണം.
എന്നാല്‍ ഈ കേസുകളില്‍ എത്രമാത്രം നിരപരാധികള്‍ ശിക്ഷിക്കപ്പെട്ടിട്ടുണ്ട് എന്ന് കണക്കെടുക്കേണ്ടത് നിയമ വ്യവസ്ഥയോട് ചെയ്യുന്ന പുണ്യകരമായ കാര്യമായിരിക്കും.
ഒരുപക്ഷേ, പാലത്തായി കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതി, ഒരു സമുദായത്തിന് മൊത്തം വെറുക്കപ്പെട്ടവന്‍ ആയിരിക്കാം. എന്നിരുന്നാലും നിരപരാധി ആണെങ്കില്‍ അയാള്‍ ഒരിക്കലും ശിക്ഷിക്കപ്പെടരുത് എന്നാണ് ആ മതവിഭാഗത്തിന്റെ തന്നെ വിശുദ്ധ വേദഗ്രന്ഥം ഉല്‍ബോധിപ്പിക്കുന്നത്.
സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിനുവേണ്ടി നിലകൊള്ളുന്നവരും നീതിക്ക് സാക്ഷ്യം വഹിക്കുന്നവരുമായിരിക്കുക. ഒരു ജനതയോടുള്ള വിദ്വേഷം നീതി പാലിക്കുന്നതില്‍ നിന്ന് നിങ്ങളെ തടയരുത്. നീതി പാലിക്കുക; അതാണ് തഖവയോട് ഏറ്റവും അടുത്തത്. അല്ലാഹുവിനെ സൂക്ഷിക്കുക. തീര്‍ച്ചയായും അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെല്ലാം സൂക്ഷ്മമായി അറിയുന്നവനാകുന്നു
(വിശുദ്ധ ഖുര്‍ആന്‍ 5 :8 )
2012ല്‍ കൊണ്ടുവന്ന ആക്ട് കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നതില്‍ നിന്നും എന്തുമാത്രം തടഞ്ഞിട്ടുണ്ടെന്നും, ഈ ആക്ട് എത്രമാത്രം ദുരുപയോഗം ചെയ്യപ്പെട്ടിട്ടുണ്ടെന്നും വിലയിരുത്തേണ്ട ഒരു അവസരം കൂടിയാണ് ഇത്.




