കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പ്രതിയായ ലൈംഗികാതിക്രമ കേസിലെ അതിജീവിതയെ അപമാനിച്ചെന്ന പരാതിയില്‍ റിമാന്‍ഡിലുള്ള രാഹുല്‍ ഈശ്വറിന് ജാമ്യം അനുവദിച്ചു. ജാമ്യാപേക്ഷ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് പരിഗണിച്ചത്. പൊലീസ് റിപ്പോര്‍ട്ട് കിട്ടിയ ശേഷം പരിഗണിക്കാമെന്ന് അറിയിച്ചാണ് രാഹുലിന്റെ ജാമ്യാപേക്ഷ സെഷന്‍സ് കോടതി ഇന്നത്തേക്ക് മാറ്റിയിരുന്നത്. രാഹുല്‍ ഈശ്വറിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്ത് പരമാവധി തെളിവുകള്‍ ശേഖരിച്ച സാഹചര്യത്തില്‍ പൊലീസ് ഇന്ന് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. റിമാന്‍ഡിലുള്ള രാഹുല്‍ ഈശ്വര്‍ പൂജപ്പുര ജയിലിലാണ്. സാക്ഷികളെ സ്വാധീനിക്കരുത്, മറ്റുകേസുകളില്‍ പെടരുത് എന്നതടക്കം ഉപാധികളോടെയാണ് ജാമ്യം.

ജാമ്യാപേക്ഷയില്‍ ഇന്ന് വാദം പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് ഉച്ചയ്ക്കുശേഷം ജാമ്യം നല്‍കികൊണ്ടുള്ള വിധി പറഞ്ഞത്. രാഹുല്‍ അന്വേഷണവുമായി സഹകരിക്കാത്തിനാല്‍ രണ്ടു ദിവസത്തെ കസ്റ്റി വേണമെന്ന് പ്രോസിക്യൂഷന്‍ ജാമ്യ ഹര്‍ജിയെ എതിര്‍ത്തുകൊണ്ട് ആവശ്യപ്പെട്ടിരുന്നു. 16 ദിവസമായി റിമാന്‍ഡിലാണെന്നും അറിഞ്ഞുകൊണ്ട് ഒരു തെറ്റും ചെയ്തിട്ടില്ലെന്നും രാഹുല്‍ ഈശ്വറിന്റെ അഭിഭാഷകന്‍ വാദിച്ചു. ഇത്രയും ദിവസത്തിനു ശേഷം ഇനി എന്തിനാണ് വീണ്ടും കസ്റ്റഡിയെന്നായിരുന്നു കോടതിയുടെ ചോദ്യം. വാദത്തിന് ശേഷം ഉത്തരവിനായി മാറ്റുകയായിരുന്നു. തുടര്‍ന്നാണിപ്പോള്‍ വിധി പറഞ്ഞത്. ഈ കേസിലെ മറ്റൊരു പ്രതി സന്ദീപാ വാര്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ നാളെ പരിഗണിക്കും

അന്വേഷണവുമായി സഹകരിച്ചെന്നും ജാമ്യത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുകയാണെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞിരുന്നു. എല്ലാവരും സത്യം മാത്രം പറയുക എന്നും രാഹുല്‍ പറഞ്ഞു. വൈദ്യപരിശോധനയ്ക്കായി എത്തിച്ചപ്പോഴായിരുന്നു രാഹുലിന്റെ പ്രതികരണം. ജയിലില്‍ നിരാഹാരം കിടന്നിരുന്ന രാഹുല്‍ പിന്നീട് ഉപവാസം അവസാനിപ്പിച്ചിരുന്നു. നിരാഹാരം നിര്‍ത്തിയത് കിഡ്നിയെ ബാധിക്കുമെന്ന് ഡോക്ടര്‍ പറഞ്ഞതിനാലാണ് എന്നാണ് രാഹുല്‍ വിശദീകരിച്ചത്.

'കിഡ്നിക്ക് പ്രശ്നമാവുമെന്ന് ഡോക്ടര്‍ പറഞ്ഞു. നാല് ദിവസം വെള്ളമില്ലാതെയും അഞ്ച് ദിവസം ആഹാരമില്ലാതെയും കഴിഞ്ഞു.11 ദിവസമായി. സ്റ്റേഷന്‍ ജാമ്യം കിട്ടേണ്ട കേസ് ആണ്', എന്നാണ് രാഹുല്‍ മാധ്യമങ്ങളോട് വിളിച്ചു പറഞ്ഞത്. കേസില്‍ അഞ്ചാം പ്രതിയാണ് രാഹുല്‍ ഈശ്വര്‍. അതിജീവിതയ്ക്ക് എതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ ഒന്നിന് പിറകെ ഒന്നായി നടത്തിയ രാഹുല്‍ ഈശ്വറിനെ നവംബര്‍ 30നായിരുന്നു പൊലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് ചെയ്തത്.

തൊട്ടടുത്ത ദിവസം ജാമ്യാപേക്ഷ തിരുവനന്തപുരം എസിജെഎം കോടതി തള്ളിയതോടെ നിരാഹാര സമരം ആരംഭിക്കുകയായിരുന്നു. രാഹുല്‍ ഈശ്വര്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന പ്രോസിക്യൂഷന്‍ വാദത്തെ അംഗീകരിച്ചായിരുന്നു കോടതി ജാമ്യം നിഷേധിച്ചത്. സാമൂഹിക മാധ്യമത്തിലെ പോസ്റ്റുകളടക്കം പിന്‍വലിക്കാമെന്ന് വാദത്തിനിടെ രാഹുല്‍ ഈശ്വര്‍ പറഞ്ഞിരുന്നെങ്കിലും കുറ്റകൃത്യത്തിന്റെ ഗൗരവം ചൂണ്ടിക്കാട്ടി കോടതി ജാമ്യം നിഷേധിക്കുകയായിരുന്നു. രണ്ടാം തവണയാണ് കോടതി ജാമ്യം നിഷേധിച്ചത്.

അതേസമയം, ഒന്നാം ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് താല്‍ക്കാലിക ആശ്വാസം. അറസ്റ്റ് തടഞ്ഞ ഇടക്കാല ഉത്തരവ് തുടരും. എംഎല്‍എ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി. രാഹുലിനെതിരെ രജിസ്റ്റര്‍ ചെയ്ത ഒന്നാമത്തെ കേസിലെ മുന്‍കൂര്‍ ജാമ്യാപേക്ഷ നേരത്തെ തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് രാഹുല്‍ ഹൈക്കോടതിയെ സമീപിച്ചത്. ആദ്യത്തെ പരാതിയില്‍ വിശദമായ വാദം കേള്‍ക്കുമെന്ന് കോടതി അറിയിച്ചുവെങ്കിലും വ്യാഴാഴ്ച്ചത്തേക്ക് മാറ്റുകയായിരുന്നു. വ്യാഴാഴ്ച്ച പരിഗണിക്കുമെന്ന് പറയുമ്പോഴും ക്രിസ്മസ് അവധിക്കായി കോടതി അടക്കുകയാണ്. ജനുവരി ആദ്യവാരത്തിലായിരിക്കും പിന്നീട് കോടതി തുറന്ന് പ്രവര്‍ത്തിക്കുക.

അതേസമയം, കേസില്‍ രാഹുലിന്റെ അറസ്റ്റ് തടഞ്ഞ ഇടക്കാല ഉത്തരവ് തുടരും. ഇത് രാഹുലിന് താല്‍ക്കാലിക ആശ്വാസമാണ്. അതേസമയം, രണ്ടാമത്തെ ബലാത്സംഗ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കിയതിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീലും പരിഗണിക്കുന്നത് മാറ്റി. ക്രിസ്തുമസ് അവധിക്ക് ശേഷം പരിഗണിക്കുമെന്ന് ഹൈക്കോടതി അറിയിച്ചു. മറുപടി നല്‍കാന്‍ സമയം വേണമെന്ന് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. ഇതു പരിഗണിച്ചാണ് ക്രിസ്തുമസ് അവധിക്ക് ശേഷം പരിഗണിക്കുമെന്ന് സിംഗിള്‍ ബെഞ്ച് അറിയിച്ചത്.

രണ്ടാമത്തെ ബലാത്സംഗ കേസില്‍ മുന്‍കൂര്‍ ജാമ്യം അനുവദിച്ച തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി വിധിക്കെതിരെയാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റിസ് വിജു ഏബ്രഹാമിന്റെ ബെഞ്ചാണ് അപ്പീല്‍ പരിഗണിച്ചത്. ഈ കേസില്‍ ഡിസംബര്‍ 10നാണ് ജില്ലാ സെഷന്‍സ് കോടതി ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. രാഹുല്‍ എല്ലാ തിങ്കളാഴ്ചകളിലും അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ ഹാജരായി ഒപ്പിടണമെന്ന് ഉപാധികളില്‍ ഉണ്ട്.