- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വെള്ളം മാത്രം മതി; ഭക്ഷണമൊന്നും വേണ്ട; ജയിലില്‍ നിരാഹാരം അരംഭിച്ച് രാഹുല്‍ ഈശ്വര്‍; പോലീസ് പറഞ്ഞതെല്ലാം കള്ളം, ഹാജരാകാന്‍ നോട്ടീസ് ലഭിച്ചിരുന്നില്ലെന്ന് രാഹുല്‍ ഈശ്വറിന്റെ ഭാര്യ; അറസ്റ്റ് ആദ്യം നടക്കട്ടെ പിന്നീട് കുറ്റം കണ്ടുപിടിക്കാം എന്ന നിലപാടിലായിരുന്നു പോലീസെന്ന് ദീപ രാഹുല്‍ ഈശ്വര്‍
വെള്ളം മാത്രം മതി; ഭക്ഷണമൊന്നും വേണ്ട; ജയിലില്‍ നിരാഹാരം അരംഭിച്ച് രാഹുല്‍ ഈശ്വര്‍
തിരുവനന്തപുരം: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തലിനെതിരെ പരാതി നല്‍കിയ അതിജീവിതയ്‌ക്കെതിരെ സൈബര്‍ അധിക്ഷേപം നടത്തിയതിന് അറസ്റ്റിലായ രാഹുല്‍ ഈശ്വര്‍ ജയിലില്‍ നിരാഹാരത്തില്‍. ഇന്നലെ വൈകിട്ട് ആറരയോടെ തിരുവനന്തപുരം ജില്ലാ ജയിലില്‍ എത്തിയ രാഹുല്‍ ഈശ്വര്‍ രാത്രിയില്‍ ഭക്ഷണം കഴിക്കാന്‍ കൂട്ടാക്കിയില്ല. നിരാഹാര സമരത്തില്‍ ആണെന്ന് ജയില്‍ ഉദ്യോഗസ്ഥരെ അറിയിച്ചു.
കുടിക്കാന്‍ വെള്ളം വേണമെന്ന് മാത്രമാണ് ആവശ്യപ്പെട്ടത്. തനിക്കെതിരെ എടുത്തത് കള്ളക്കേസെന്ന് ആരോപിച്ചാണ് നിരാഹാരം തുടരുന്നത്. അതിനിടെ കേസിലെ മറ്റു പ്രതികളായ സന്ദീപ് വാര്യര്‍ ഉള്‍പ്പെടെയുള്ളവരെ കസ്റ്റഡിയിലെടുക്കാനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം. സന്ദീപ് വാര്യര്‍ മുന്‍കൂര്‍ ജാമ്യ അപേക്ഷ തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയില്‍ നല്‍കിയിട്ടുണ്ട്.
രാഹുല്‍ ഈശ്വറിനെതിരെ കള്ളക്കേസെന്ന് ഭാര്യ ദീപ പറഞ്ഞു. അറസ്റ്റ് ആദ്യം നടക്കട്ടെ പിന്നീട് കുറ്റം കണ്ടുപിടിക്കാം എന്ന നിലപാടാണ് രാഹുലിന്റെ കാര്യത്തിലെന്ന് ദീപ ആരോപിച്ചു. കസ്റ്റഡിയിലെടുത്തത് നോട്ടിസുപോലും നല്‍കാതെയാണെന്നും ജാമ്യം നിഷേധിച്ചതാകാം നിരാഹാരത്തിന് കാരണമെന്നും അതിജീവിത കള്ളം പറയുന്നെന്നും ദീപ കൂട്ടിച്ചേര്‍ത്തു.
പൊലീസിന്റെ വാദം പച്ചക്കള്ളമെന്ന് പറഞ്ഞ ദീപ അതിജീവിത, ഇരയെന്നൊക്കെ പറയുന്നത് പോലും ശരിയല്ലെന്നും കൂട്ടിച്ചേര്‍ത്തു. റിമാന്‍ഡ് ചെയ്തപ്പോള്‍ ജയിലിനുള്ളില്‍ നിരാഹാര സമരമിരിക്കുമെന്ന് രാഹുല്‍ ഈശ്വര്‍ പറഞ്ഞിരുന്നു. അങ്ങനെ തന്നെ മുന്നോട്ട് പോകാനാണ് തീരുമാനമെന്നും അവര്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. പൊലീസ് വീട്ടില്‍ വന്നപ്പോള്‍ നോട്ടീസ് തന്നിരുന്നില്ല. എന്നാല്‍, നോട്ടീസ് തന്നിട്ടും കൈപ്പറ്റാന്‍ വിസമ്മതിച്ചതായാണ് പൊലീസ് ഇന്നലെ കോടതിയില്‍ പറഞ്ഞത്. എല്ലാ കാര്യങ്ങളും കള്ളമാണ്. തുടര്‍നടപടികളിലേക്ക് കടക്കാനാണ് നിലവിലെ തീരുമാനമെന്നും ദീപ പറഞ്ഞു.
അതേസമയം, സൈബര്‍ അധിക്ഷേപ കേസില്‍ രാഹുല്‍ ഈശ്വര്‍ ഇന്ന് തിരുവനന്തപുരം ജില്ലാ കോടതിയില്‍ അപ്പീല്‍ നല്‍കും. ഇന്നലെ രാഹുലിന്റെ ജാമ്യാപേക്ഷ തിരുവനന്തപുരം എസിജെഎം കോടതി തള്ളിയിരുന്നു. 14 ദിവസത്തേക്കാണ് രാഹുല്‍ ഈശ്വറിനെ റിമാന്‍ഡ് ചെയ്തത്. അന്വേഷണം നടക്കുമ്പോള്‍ ഇത്തരം പോസ്റ്റുകള്‍ ഇട്ടത് ചെറുതായി കാണാന്‍ ആകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് തിരുവനന്തപുരം എസിജെഎം കോടതി രാഹുലിന്റെ ജാമ്യാപേക്ഷ തള്ളിയത്.
എല്ലാവരും ഇര എന്നാണ് പറയുന്നത്, രണ്ട് വ്യക്തികളാണുള്ളത്. രണ്ടുപേരുടെ ഭാഗത്തും ശരിയും തെറ്റും ഉണ്ടാകും. അപ്പോള്‍ ഒരാള്‍ മാത്രം എങ്ങനെ തെറ്റാകും. അതിനെതിരെ സംസാരിച്ച ഒരാള്‍ക്ക് ജാമ്യം പോലും നിഷേധിക്കുന്നതിനുള്ള എതിര്‍പ്പിന്റെ ഭാഗമായാണ് നിരാഹാരം കിടക്കുന്നത് എന്നാണ് ദീപ വ്യക്തമാക്കുന്നത്.
അതേസമയം, കേസിലെ അതിജീവിതയെ അപമാനിച്ച രണ്ട് പേര്‍ക്കെതിരെ കൂടി കേസ് എടുത്തു. എറണാകുളം സൈബര്‍ പോലീസാണ് രണ്ട് പേര്‍ക്കെതിരെ കേസ് എടുത്തത്. റസാഖ് പി എ, രാജു വിദ്യകുമാര്‍ എന്നിവര്‍ക്കെതിരെയാണ് ഐടി ആക്ട് പ്രകാരം കേസ് എടുത്തത്. സമൂഹ മാധ്യമത്തിലൂടെ അതിജീവിതയുടെ ചിത്രങ്ങള്‍ പരസ്യപ്പെടുത്തിയതിനാണ് കേസ്.
അതേസമയം, ലൈംഗികതിക്രമം, ഭ്രൂണഹത്യാ കേസുകളില്‍ പ്രതിയായി ഒളിവില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തിലിനായി തിരച്ചില്‍ തുടരുകയാണ്. ഇപ്പോഴും രാഹുല്‍ സംസ്ഥാനം കടന്നോ എന്നതിലും വ്യക്തതയില്ല. കൂടുതല്‍ സ്ഥലങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനും, ജില്ലാതലങ്ങളില്‍ അന്വേഷിക്കാനാണ് ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ നിര്‍ദ്ദേശം. രാഹുലിന്റെ ബന്ധുക്കളെയും സുഹൃത്തുക്കളെയും ഒളിവില്‍ പോകാന്‍ സഹായിച്ചവരെയും കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. ബുധനാഴ്ചയാണ് രാഹുലിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി കോടതി പരിഗണിക്കുക.




