ശ്രീനഗർ: ചരിത്രം കുറിച്ച് ഭാരത് ജോഡോ യാത്ര സമാപിച്ചിരിക്കുകയാണ്.യാത്രയിൽ നിന്നും ഉൾക്കൊണ്ട ഊർജ്ജവുമായി പുതിയൊരു കോൺഗ്രസ്സിനെയു നേതൃത്വത്തെയും ആകും ഇനിയങ്ങോട്ട് കാണാനാവുക എന്ന പ്രതീക്ഷയിലാണ് അണികളും.യാത്രയിലെ ഈ ഊർജ്ജം സമാപന വേദിയിലും പ്രകടമായി.കുട്ടികളെപ്പോലെ മഞ്ഞുവാരി കളിച്ചാണ് രാഹുലും പ്രിയങ്കയും സമാപനത്തിൽ ആഹ്ലാദം പങ്കുവെച്ചത്.സഹോദരങ്ങളുടെ ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാണ്.

സമാപന സമ്മേളനത്തിടയിലും കശ്മീരിൽ കനത്ത മഞ്ഞുവീഴ്ച തുടരുകയാണ്. ഭാരത് ജോഡോ യാത്രയുടെ സമാപന സമ്മേളനത്തിനു മുൻപ് കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിയും സഹോദരി പ്രിയങ്ക ഗാന്ധിയും മഞ്ഞിൽ കളിക്കുന്നതിന്റെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്.രാഹുൽ മഞ്ഞുകട്ട വാരിയെടുത്ത് കൈകൾ പിന്നിൽകെട്ടി പതുക്കെ പ്രിയങ്കയുടെ അടുത്തെത്തി തലയിൽ ഇട്ട് ഓടുന്നതും വിഡിയോയിൽ കാണാം.

പ്രിയങ്കയും വെറുതെ വിട്ടില്ല.സഹോദരനെ ഓടിച്ചിട്ട് പിടിച്ച് കൈ രണ്ടും കൂട്ടികെട്ടി നിർത്തി.അപ്പോഴേക്കും സഹപ്രവർത്തകൻ മഞ്ഞുകട്ടകളുമായെത്തുകയും ചെയ്തു. അതെടുത്ത് രാഹുലിന്റെ തലയിലിട്ട് പ്രിയങ്ക പ്രതികാരം തീർത്തു.ഈ കളിക്ക് താനില്ലെന്ന് പറഞ്ഞ് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ ഓടി രക്ഷപ്പെടാൻ നോക്കിയെങ്കിലും നടന്നില്ല.രാഹുൽ പിന്തുടർന്ന് കെസിയുടെ തലയിൽ മഞ്ഞ് വാരിയിടുകയായിരുന്നു.

 

നിമിഷനേരം കൊണ്ട് രണ്ട് ലക്ഷത്തിലധികം ആളുകളാണ് വിഡിയോ കണ്ടത്.പ്രിയങ്കയുടെയും രാഹുലിന്റെയും കുട്ടിക്കളി ഇനിയും മാറിയിട്ടില്ലെന്നാണ് പലരുടെയും കമന്റ്.അതേസമയം കനത്ത മഞ്ഞു വീഴ്ചയിലും ആവേശം ചോരാതെ രാഹുൽഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്ക്ക് ഉജ്ജ്വല സമാപനം. പ്രതികൂല കാലാവസ്ഥയിലും ഭാരജ് ജോഡോ സമാപന സമ്മേളനത്തിൽ നിരവധി പ്രതിപക്ഷ പാർട്ടി നേതാക്കൾ സംബന്ധിച്ചു.കേന്ദ്രം ഭരിക്കുന്ന ബിജെപിക്കെതിരെ പ്രതിപക്ഷ പാർട്ടികളുടെ ശക്തിപ്രകടനത്തിനും മരം കോച്ചുന്ന തണുപ്പിലും ശ്രീനഗർ സാക്ഷ്യം വഹിച്ചു.

ഡിഎംകെ, ജാർഖണ്ഡ് മുക്തിമോർച്ച, ബിഎസ്‌പി, നാഷണൽ കോൺഫറൻസ്, പിഡിപി, സിപിഐ, ആർഎസ്‌പി, വിടുതലെ ചിരുതൈ കട്ച്ചി, മുസ്ലിം ലീഗ് തുടങ്ങിയ പാർട്ടികളാണ് സമാപനസമ്മേളനത്തിൽ പങ്കെടുത്തത്. സിപിഎം, തൃണമൂൽ കോൺഗ്രസ് തുടങ്ങിയ പാർട്ടികൾ വിട്ടു നിന്നു.

ബ്രിട്ടീഷ് ഭരണത്തിനെതിരെ നാമെല്ലാം ഒത്തുചേർന്ന് പൊരുതി രാജ്യത്തിന് സ്വാതന്ത്ര്യം നേടി. അതുപോലെ, ബിജെപി രാജിനെ നേരിടാനും രാജ്യത്തെ മതേതര പാർട്ടികളെല്ലാം ഒത്തുചേരണമെന്ന് സിപിഐ ദേശീയ ജനറൽ സെക്രട്ടറി ഡി രാജ ആവശ്യപ്പെട്ടു. ഇത്തരമൊരു യാത്ര നടത്തിയ രാഹുൽഗാന്ധിയെ താനും തന്റെ പാർട്ടിയും അഭിനന്ദിക്കുന്നതായി നാഷണൽ കോൺഫറൻസ് നേതാവും കശ്മീർ മുൻ മുഖ്യമന്ത്രിയുമായ ഒമർ അബ്ദുള്ള പറഞ്ഞു.

ഭാരജ് ജോഡോ യാത്ര വൻ വിജയമായിരുന്നു. ഇതുപോലെ രാജ്യത്തിന്റെ പടിഞ്ഞാറു നിന്നും കിഴക്കോട്ടേക്ക് ഒരു യാത്ര കൂടി സംഘടിപ്പിക്കണമെന്ന് രാഹുലിനോട് അഭ്യർത്ഥിക്കുന്നു. ആ കാൽനടയാത്രയിൽ താനും പങ്കാളിയാകുമെന്നും ഒമർ അബ്ദുള്ള പറഞ്ഞു. രാഹുൽഗാന്ധിയിൽ രാജ്യം പ്രതീക്ഷയുടെ ഒരു നാളമാണ് കാണുന്നതെന്ന് കശ്മീർ മുൻ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹബുബ മുഫ്തി പറഞ്ഞു.

ഇതൊരു ചരിത്രനിമിഷമാണെന്നും, രാജ്യത്തെ ഭിന്നിക്കാൻ ശ്രമിക്കുന്ന ഛിദ്രശക്തികൾക്കെതിരായ പോരാട്ടത്തിനുള്ള യഥാർത്ഥ നേതാവ് രാഹുൽഗാന്ധിയാണെന്ന് തെളിഞ്ഞതായും ആർഎസ്‌പി നേതാവ് എൻ കെ പ്രേമചന്ദ്രൻ അഭിപ്രായപ്പെട്ടു. കന്യാകുമാരിയിൽ നിന്നും ആരംഭിച്ച ഭാരത് ജോഡോ യാത്രയുടെ ഭാഗമായി 12 പൊതുസമ്മേളനങ്ങളും നൂറോളം കോർണർ യോഗങ്ങളും 13 വാർത്താസമ്മേളനങ്ങളും രാഹുൽ ഗാന്ധി നടത്തിയിരുന്നു.

സമാപനസമ്മേളനത്തിന് മുന്നോടിയായി ശ്രീനഗറിലെ കോൺഗ്രസ് ഓഫീസിൽ പാർട്ടി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ ദേശീയപതാക ഉയർത്തി. രാഹുലും പ്രിയങ്ക ഗാന്ധിയും പതാക ഉയർത്തലിന് സംബന്ധിച്ചു. കഴിഞ്ഞ വർഷം സെപ്റ്റംബർ ഏഴിനാണ് കന്യാകുമാരിയിൽ നിന്നും രാഹുൽ ഗാന്ധി ഭാരജ് ജോഡോ യാത്ര ആരംഭിച്ചത്.