അഹമ്മദാബാദ്: 'മോദി' പരാമർശവുമായി ബന്ധപ്പെട്ട മാനനഷ്ടക്കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് തിരിച്ചടി. രാഹുലിനെ ശിക്ഷിച്ച വിധി ഗുജറാത്ത് ഹൈക്കോടതി സ്‌റ്റേ ചെയ്തില്ല. ഹർജി തള്ളിയ കോടതി സൂറത്ത് കോടതിയുടെ വിധി ഉചിതമാണെന്നും അഭിപ്രായപ്പെട്ടു. ഇടപെടേണ്ട കാര്യമില്ല, രാഹുൽ സ്ഥിരമായി തെറ്റ് ആവർത്തിക്കുന്നുവെന്നും കോടതി പറഞ്ഞു. ജസ്റ്റിസ് ഹേമന്ത് പ്രച്ഛക് സുപ്രധാന വിധി പുറപ്പെടുവിച്ചത്. ശിക്ഷ കോടതി സ്റ്റേ ചെയ്യാത്തതോടെ രാഹുൽ ഗാന്ധിക്കെതിരായ അയോഗ്യത നിലനിൽക്കും. 'മോദി' പരാമർശവുമായി ബന്ധപ്പെട്ട മാനനഷ്ടക്കേസിൽ രാഹുൽ നൽകിയ പുനഃപരിശോധന ഹരജിയിലാണ് ഹൈക്കോടതി വിധി പറഞ്ഞത്.

മജിസ്‌ട്രേട്ട് കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടു നേരത്തേ സെഷൻസ് കോടതിയിൽ നൽകിയ അപ്പീൽ തള്ളിയിരുന്നു. തുടർന്നാണു ഹൈക്കോടതിയെ സമീപിച്ചത്. മേയിൽ ഇടക്കാല ഉത്തരവു നൽകാൻ വിസമ്മതിച്ച കോടതി, വേനലവധിക്കു ശേഷം അന്തിമവിധി നൽകുമെന്നും വ്യക്തമാക്കിയിരുന്നു.

2019 ഏപ്രിൽ 13ന് ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കർണാടകത്തിലെ കോലാറിൽ സംഘടിപ്പിച്ച റാലിയിൽ നടത്തിയ പ്രസംഗത്തിൽ മോദി സമുദായത്തെ രാഹുൽ ഗാന്ധി അവഹേളിച്ചെന്നാണ് കേസ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച്? നടത്തിയ പരാമർശമാണ് രാഹുലിന് തിരിച്ചടിയായത്.

'കള്ളന്മാരുടെയെല്ലാം പേരുകളിൽ എങ്ങനെയാണ് മോദി എന്നു വന്നത്. നരേന്ദ്ര മോദി, ലളിത് മോദി, നീരവ് മോദി എല്ലാവരുടെയും പേരിൽ മോദിയുണ്ട്' എന്നായിരുന്നു രാഹുലി??ന്റെ പരാമർശം. തുടർന്ന് മോദി സമുദായത്തെ അവഹേളിച്ചെന്ന് ചൂണ്ടിക്കാട്ടി ബിജെപി എംഎ‍ൽഎയും ഗുജറാത്ത് മുൻ മന്ത്രിയുമായ പൂർണേഷ് മോദി പരാതി നൽകി. തുടർന്ന് ഐ.പി.സി 504 വകുപ്പ് പ്രകാരം കേസ് രാഹുലിനെതിരെ കേസെടുത്തു.

മാർച്ച് 23ന് കേസ് പരിഗണിച്ച സൂറത്ത് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി രാഹുൽ ഗാന്ധിക്ക് പരമാവധി തടവുശിക്ഷയായ രണ്ട് വർഷം വിധിച്ചു. കൂടാതെ, മേൽക്കോടതിയിൽ അപ്പീൽ പോകുന്നതിനായി വിധി നടപ്പാക്കാൻ 30 ദിവസത്തെ സാവകാശം നൽകിയ കോടതി രാഹുലിന് ജാമ്യം അനുവദിച്ചു.

സൂറത്ത് കോടതിയുടെ വിധിക്ക് പിന്നാലെ രാഹുലിന്റെ വയനാട് ലോക്‌സഭാംഗത്വം റദ്ദാക്കുകയും ആറു വർഷത്തേക്ക് തെരഞ്ഞെടുപ്പ് അയോഗ്യത നിലവിൽ വരുകയും ചെയ്തു. ഇതിന് പിന്നാലെതാമസിച്ചിരുന്ന ഔദ്യോഗിക വസതിയിൽ നിന്ന് അദ്ദേഹത്തെ ലോക്‌സഭ സെക്രട്ടറിയേറ്റ് ഒഴിപ്പിക്കുകയും ചെയ്തു. തുടർന്ന് മജിസ്‌ട്രേറ്റ് കോടതിയുടെ വിധി സെഷൻസ് കോടതിയും സ്റ്റേ ചെയ്യാത്ത സാഹചര്യത്തിലാണ് രാഹുൽ ഹൈക്കോടതിയെ സമീപിച്ചത്.

ജനപ്രതിനിധികൾ പരിധികൾക്കുള്ളിൽ നിന്ന് വേണം പ്രസ്താവനകൾ നടത്താനെന്ന് ഹരജി പരിഗണിച്ച ഹൈക്കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു. രാഹുലിനെതിരായ കുറ്റം ഗുരുതര സ്വഭാവമുള്ളതല്ലാത്തതിനാൽ വിചാരണകോടതി വിധി സ്റ്റേ ചെയ്യുന്നതിന് തടസമില്ലെന്ന് മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിങ്വി കോടതിയിൽ ചൂണ്ടികാട്ടിയിരുന്നു. രാഹുലിന്റെ ഹരജി നിയമപരമായ നിലനിൽക്കില്ലെന്നാണ് പരാതിക്കാരന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചത്.

താൻ ആരെയും വേദനിപ്പിക്കാനല്ല പരാമർശം നടത്തിയതെന്നും പരാമർശ ഉദ്ദേശ്യം മോശമായിരുന്നില്ലെന്നും മോദി പരാമർശത്തോട് രാഹുൽ ഗാന്ധി പ്രതികരിച്ചത്.