ന്യൂഡൽഹി: ലോക്‌സഭാംഗത്വത്തിൽ നിന്ന് അയോഗ്യനാക്കിയതിന് ശേഷം ട്വിറ്ററിലെ തന്റെ ബയോ മാറ്റി രാഹുൽ ഗാന്ധി. 'മെമ്പർ ഓഫ് പാർലമെന്റ്' എന്നത് മാറ്റി 'അയോഗ്യനാക്കപ്പെട്ട എംപി' എന്നാണ് രാഹുൽ ഗാന്ധിയുടെ ഇപ്പോഴത്തെ ട്വിറ്റർ ബയോ. 'മോദി' സമുദായത്തെ അപകീർത്തിപ്പെടുത്തി എന്ന കേസിൽ സൂറത്ത് കോടതി വിധിക്ക് പിന്നാലെ രാഹുൽ ഗാന്ധിയെ ലോക്‌സഭാംഗത്വത്തിൽ നിന്നും ലോക്‌സഭാ സെക്രട്ടറിയേറ്റ് അയോഗ്യനാക്കുകയായിരുന്നു.

എന്തായാലും അയോഗ്യത നേട്ടമാക്കി എടുക്കാനുള്ള പരിശ്രമത്തിലാണ് രാഹുൽ ഗാന്ധി. അയോഗ്യതനടപടി ഉയർത്തിക്കാട്ടി ജനമധ്യത്തിലേക്കിറങ്ങാനുള്ള കോൺഗ്രസ് നീക്കത്തിന്റെ ഭാഗമാണ് ഈ മാറ്റമെന്നാണ് സൂചന. രാഹുലിനെ അയോഗ്യനാക്കിയ നടപടിയിൽ ഉയർന്നുവന്ന പ്രതിഷേധം പ്രതിപക്ഷ ഐക്യശബ്ദമാക്കി മാറ്റാൻ കോൺഗ്രസ് സ്ട്രാറ്റജി യോഗം തീരുമാനമെടുത്തിരുന്നു. അയോഗ്യത ഒരു പ്രചാരണ വിഷയമാക്കി മാറ്റിയെടുക്കാൻ തന്നെയാണ് രാഹുലിന്റേയും ഒരുക്കം. പ്രതിഷേധങ്ങളിൽ നേതാക്കളുടെ ആഹ്വാനംപോലുമില്ലാതെ പിന്തുണ വർധിക്കുന്നത് കോൺഗ്രസ് ആത്മവിശ്വാസത്തോടെയാണ് കാണുന്നത്.

അതേസമയം ഭാരത് ജോഡോ യാത്രയുടെ രണ്ടാംഘട്ടം വേഗത്തിലാക്കാനും പാർട്ടിക്കുള്ളിൽ മുറവിളി ഉയരുന്നുണ്ട്. ഇതിനിടെ അപകീർത്തി കേസിൽ രാഹുലിനെ ശിക്ഷിച്ച സൂറത്ത് കോടതി വിധിക്കെതിരെ ധൃതിപിടിച്ച് കോൺഗ്രസ് അപ്പീലിന് പോയേക്കില്ലെന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ടുയർന്ന അനുകൂല സാഹചര്യങ്ങൾ പരമാവധി മുതലെടുക്കാനാണ് കോൺഗ്രസ് നേതൃത്വം ശ്രമിക്കുന്നത്.

അതിനിടെ രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ച് കോൺഗ്രസ് ഡൽഹിയിലെ രാജ്ഘട്ടിൽ നടത്തുന്ന സത്യാഗ്രഹം തുടരുകയാണ്. പ്രദേശത്ത് നിരോധനാജ്ഞ നിലനിൽക്കുകയാണെന്ന് കാണിച്ച് ആദ്യം പൊലീസ് സത്യാഗ്രഹത്തിന് അനുമതി നിഷേധിച്ചിരുന്നു. ഇക്കാര്യം എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ട്വിറ്ററിലൂടെ പുറത്തുവിട്ടതോടെ പൊലീസ് അനുമതി നൽകുകയായിരുന്നു. 'എല്ലാ കള്ളന്മാർക്കും എങ്ങനെയാണ് മോദിയെന്ന് പേര് വരുന്നത്' എന്ന രാഹുലിന്റെ പരാമർശമാണ് അയോഗ്യതയിലേക്ക് നയിച്ചത്. കേസിൽ സൂറത്ത് കോടതി രണ്ട് വർഷത്തെ ജയിൽ ശിക്ഷ വിധിച്ചിട്ടുണ്ട്. ബിജെപി എംഎൽഎ പൂർണേഷ് മോദിയുടെ പരാതിയിലായിരുന്നു കേസ്.

രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിനെതിരെ അപ്പീൽ നൽകുന്നത് സംബന്ധിച്ച് ചർച്ച ചെയ്യാൻ അഭിഷേക് മനു സിങ് വി അടങ്ങുന്ന സമിതി ഇന്ന് യോഗം ചേർന്നേക്കും. തിങ്കളാഴ്ച മുതൽ മറ്റ് പ്രതിഷേധങ്ങൾക്കും കോൺഗ്രസ് ആഹ്വാനം ചെയ്തിട്ടുണ്ട്. ചൊവ്വാഴ്ചയോടെ സൂറത്ത് കോടതി വിധിക്കെതിരെ അപ്പീൽ നൽകാനാണ് തീരുമാനം.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അദാനിക്കുമെതിരെ ചോദ്യങ്ങൾ ഉന്നയിച്ചതാണ് തനിക്കെതിരെയുള്ള നടപടികൾക്ക് കാരണമെന്ന് രാഹുൽ ഗാന്ധി ശനിയാഴ്ച നടത്തിയ വാർത്താസമ്മേളനത്തിൽ ആരോപിച്ചിരുന്നു. ചോദ്യങ്ങൾ ചോദിക്കുന്നത് അവസാനിപ്പിക്കില്ല. ജനാധിപത്യത്തിന് മേൽ ആക്രമണം നടക്കുകയാണ്. താൻ ആരേയും ഭയക്കുന്നില്ല. ജയിലിൽ അടച്ച് നിശബ്ദനാക്കാനാകില്ല. ജനാധിപത്യത്തിന് വേണ്ടിയാണ് തന്റെ പോരാട്ടമെന്നും രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. തന്റെ പരാമർശത്തിൽ മാപ്പ് പറയാൻ താൻ സവർക്കറല്ല ഗാന്ധിയാണെന്നും മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകിയിരുന്നു.