- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
രാഹുൽ ഗാന്ധിയെ പിടിച്ചുകെട്ടും എന്നതൊക്കെ പി വി അൻവറിന്റെ ബഡായി
കോഴിക്കോട്: ശബരിമല തരംഗവും, രാഹുൽഗാന്ധി തരംഗവും ഇല്ലാത്ത ഈ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വയനാട് മണ്ഡലത്തിൽ ശക്തമായ മുന്നേറ്റം കാഴ്ച വെക്കുമെന്ന ഇടതുകേന്ദ്രങ്ങളുടെ അവകാശവാദവും വോട്ടെണ്ണിയപ്പോൾ തകർന്നു. 2019-ലേത് ഒരു പ്രത്യേക സാഹചര്യമാണെന്നും, ഇത്തവണ രാഹുൽ ഗാന്ധിയുടെ ഭുരിപക്ഷം ഒരു ലക്ഷത്തിലേക്ക് ഒതുക്കുമെന്നാണ് ഇടതുനേതാക്കൾ അവസാന നിമിഷവും പറഞ്ഞത്. ഇതിന്റെ
അടിസ്ഥാനത്തിൽ പന്തയം വെച്ച അണികൾക്കും വലിയ രീതിയിൽ കാശുപോയി. എന്നാൽ വയനാട് മണ്ഡലത്തിന്റെ 7 സീറ്റുകളിലും വൻ ഭൂരിപക്ഷത്തിന് രാഹുൽ ജയിച്ചുകയറി. മൊത്തം മൂന്നരലക്ഷത്തിലേറെ കടന്ന ഭൂരിപക്ഷം കണ്ട് ഇടതുനേതാക്കളുടെ ചങ്കിടിച്ചുപോയെന്നതാണ് യാഥാർത്ഥ്യം.
3,64,422 വോട്ടിന്റെ മിന്നുന്ന ഭൂരിപക്ഷവുമായാണ് രാഹുൽ ജയിച്ചുകയറിയത്. വണ്ടൂർ നിയോജക മണ്ഡലം ഒറ്റക്ക് സമ്മാനിച്ചത് 68,684 വോട്ടിന്റെ ഭൂരിപക്ഷം! ഇക്കുറി കേരളത്തിലെ നിയോജക മണ്ഡലങ്ങളിൽനിന്ന് ഒരു സ്ഥാനാർത്ഥിക്ക് കിട്ടുന്ന ഏറ്റവും വലിയ ഭൂരിപക്ഷമാണിത്. വണ്ടൂർ നിയോജക മണ്ഡലത്തിൽ നിന്ന് രാഹുൽഗാന്ധിക്ക് 1,12,310 വോട്ടു ലഭിച്ചപ്പോൾ ഇടതുമുന്നണിക്കുവേണ്ടി കളത്തിലിറങ്ങിയ സിപിഐ നേതാവ് ആനി രാജക്ക് 43,626 വോട്ടുകളാണ് ലഭിച്ചത്. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് മണ്ഡലത്തിൽ നിന്ന് കിട്ടിയത് 13,608 വോട്ടുകൾ മാത്രം.
വയനാട് പാർലമെന്റ് മണ്ഡലത്തിൽ എല്ലാ നിയോജക മണ്ഡലങ്ങളിലും രാഹുൽ ഗാന്ധിക്ക് വൻ ഭൂരിപക്ഷമാണ് ലഭിച്ചത്. മാനന്തവാടി (38,721), സുൽത്താൻ ബത്തേരി (43,981), കൽപറ്റ (49,657), തിരുവമ്പാടി (46,556), ഏറനാട് (57,743), നിലമ്പൂർ (56,363) എന്നിങ്ങനെയാണ് മറ്റു നിയോജക മണ്ഡലങ്ങളിലെ ഭൂരിപക്ഷം.
നിലമ്പൂരിലും അരലക്ഷത്തിലേറെ ഭൂരിപക്ഷം
എൽഡിഎഫിന്റെ സിറ്റിങ് സീറ്റായ നിലമ്പൂരിലും രാഹുൽഗാന്ധിയുടെ ഭൂരിപക്ഷം അരലക്ഷം കടന്നു. രാഹുൽ 99,325 വോട്ടുകൾ നേടിയപ്പോൾ, ആനിരാജ 42,962 വോട്ടുകളും, കെ സുരേന്ദ്രൻ 17,520 വോട്ടുകളുമാണ് നിലമ്പുർ അംസബ്ലി മണ്ഡലത്തിൽ നിന്ന് നേടിയത്. ഇതോടെ രാഹുൽഗാന്ധിയെ പിടിച്ചുകെട്ടുമെന്നതൊക്കെ പി വി അൻവറിന്റെ വെറും ബഡായിയാണെന്ന് തെളിയുകയാണ്. കേരള ഭരണത്തോടും എംഎൽഎയുമോടുള്ള കടുത്ത വിയോജിപ്പുകളും ഇവിടെ വോട്ടായി എന്നാണ് യുഡിഎഫ് നേതാക്കൾ പറയുന്നത്.
ഇതോടെ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ പി വി അൻവറിനെ മുട്ടുകുത്തിക്കാമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ് ക്യാമ്പ്. 2016-ൽ നേടിയ 11,504 എന്ന തിളക്കമാർന്ന ഭൂരിപക്ഷത്തിൽ വൻ ഇടിവ് നേരിട്ട് വെറും 2,794 വോട്ടിനാണ്, ഇടതുതരംഗം ആഞ്ഞടിച്ച 2021-ൽ പി വി അൻവർ കയറിക്കൂടിയത്. കഴിഞ്ഞ തവണ സ്ഥാനാർത്ഥി പ്രഖ്യാപനത്തിലെ കാലതാമസവും ഗ്രൂപ്പിസവും യുഡിഎഫിന് തിരിച്ചടിയായിരുന്നു. ആര്യാടൻ ഷൗക്കത്തിന് സീറ്റ് നിഷേധിച്ചതും യുഡിഎഫ് പാളയത്തിൽ വിള്ളലുണ്ടാക്കി. ഈ സാഹചര്യം മുതലെടുത്താണ് ഇടതു സ്വതന്ത്രനായ പിവി അൻവറിലൂടെ എൽഡിഎഫ് വീണ്ടും വിജയം നേടിയത്. അടുത്ത തിരഞ്ഞെടുപ്പിൽ പൊതുസ്വീകാര്യനായ ആരാട്യൻ ഷൗക്കത്ത് ഒരു തവണ കൂടി അങ്കത്തിനിറങ്ങിയാൽ, പി വി വീഴുമെന്ന് ഉറപ്പാണെന്ന് യുഡിഎഫ് നേതാക്കാൾ പറയുന്നു.
2019-ൽ വയനാട് ലോക്സഭ തിരഞ്ഞെടുപ്പിൽ രാഹുൽഗാന്ധിക്ക് 62,666 വോട്ടിന്റെ ഭൂരിപക്ഷമാണ് ലഭിച്ചത്. അത് ഇപ്പോൾ, 56,363ആയി കുറക്കാൻ കഴിഞ്ഞുവെന്നാണ് എൽഡിഎഫ് കണ്ടെത്തുന്ന ആശ്വാസം. പക്ഷേ യാഥാർത്ഥ്യം അതല്ല. നിലമ്പൂർ നഗരസഭയും വഴിക്കടവ്, എടക്കര, ചുങ്കത്തറ, പോത്തുകല്ല്, കരുളായി, അമരമ്പലം ഗ്രാമപഞ്ചായത്തുകളും ഉൾപ്പെടുന്ന മണ്ഡലത്തിൽ, ഇടതുശക്തികേന്ദ്രങ്ങളിൽപോലും വലിയ വോട്ടുചോർച്ചയുണ്ടായി.
നിലമ്പൂരിൽ രാഹുൽഗാന്ധിയുടെ ലീഡ് അയ്യായിരത്തിൽ ഒതുങ്ങുമെന്നാണ് ഇടത് ക്യാമ്പ് പ്രതീക്ഷിച്ചത്. പക്ഷേ അത് അരലക്ഷം കടന്നത് പാർട്ടി നേതൃത്വത്തെയും ഞെട്ടിച്ചിരിക്കയാണ്. മാത്രമല്ല കേരളത്തിലെ ഇടതുഭരണത്തിനെതിരായ അതിശക്തമായ ഭരണവിരുദ്ധ വികാരം ഈ ലോകസ്ഭാ തിരഞ്ഞെടുപ്പിലും പ്രതിഫലിച്ചതാണ്. നിയമസഭാ തിരഞ്ഞെടുപ്പ് ആകുന്നതോടെ ഭരണവിരുദ്ധവികാരത്തിന്റെ കുത്തൊഴുക്കിൽ, തങ്ങൾക്ക് ഈസി വിക്ടറിയുണ്ടാവുമെന്നാണ്, മലപ്പുറത്തെ യുഡിഎഫ് ജില്ലാനേതൃത്വം കരുതുന്നത്.