- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹത്രാസ് ദുരന്തത്തിലെ ഇരകളുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചു രാഹുല്‍ ഗാന്ധി; സഹായം ഉറപ്പാക്കുമെന്ന് വാഗ്ദാനം; കൂട്ടമരണത്തില്‍ ആറ് പേര് അറസ്റ്റില്‍
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ പ്രാര്‍ഥന ചടങ്ങിനിടെയുണ്ടായ തിക്കിലും തിരക്കിലുംപ്പെട്ട മരിച്ചവരുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച് കോണ്‍ഗ്രസ് നേതാവും ലോക്സഭ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധി. അലിഗഢില്‍ എത്തിയാണ് കുടുംബങ്ങളെ രാഹുല്‍ സന്ദര്‍ശിച്ചത്. എല്ലാ സഹായങ്ങളും രാഹുല്‍ വാഗ്ദാനം ചെയ്തതായി കൂടിക്കാഴ്ച നടത്തിയവരില്‍ ഒരാള്‍ മാധ്യമങ്ങളോട് പറഞ്ഞു.
പ്രാര്‍ഥന ചടങ്ങിനിടെയുണ്ടായ തിക്കിലും തിരക്കിലുംപ്പെട്ട മരിച്ചവരുടെ കുടുംബാംഗങ്ങളെ കാണാന്‍ ഇന്ന് രാവിലെയാണ് രാഹുല്‍ ഗാന്ധി ഉത്തര്‍പ്രദേശിലെ ഹത്രാസിലേക്ക് പുറപ്പെട്ടത്. ദുരന്തസ്ഥലം സന്ദര്‍ശിക്കുന്ന രാഹുല്‍, മരിച്ചവരുടെ കുടുംബാംഗങ്ങളെ നേരില്‍ കാണുകയും ആശ്വസിപ്പിക്കുകയും ചെയ്യും. ഇന്നലെ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലാണ് രാഹുല്‍ ഹത്രാസ് സന്ദര്‍ശിക്കുന്ന വിവരം മാധ്യമങ്ങളെ അറിയിച്ചത്.
അതേസമയം, കൂട്ടമരണവുമായി ബന്ധപ്പെട്ട് ആറു പേരെ ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു. ചടങ്ങിന്റെ സംഘാടക സമിതിയില്‍ ഉണ്ടായിരുന്ന നാല് പുരുഷന്മാരും രണ്ട് സ്തീകളുമാണ് അറസ്റ്റിലായത്. പ്രധാന പ്രതിയായ ചടങ്ങിന്റെ 'മുഖ്യ സേവദാര്‍' ദേവ്പ്രകാശ് മധുകര്‍ ഒളിവിലാണ്. ഇയാളെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.
സ്വയം പ്രഖ്യാപിത ആള്‍ദൈവമായ ജഗദ്ഗുരു സാകര്‍ വിശ്വഹരി എന്ന ഭോലെ ബാബയുടെ നേതൃത്വത്തില്‍ ഹാഥറസില്‍ നടന്ന പ്രാര്‍ഥന ചടങ്ങാണ് വന്‍ദുരന്തത്തിന് വഴിവെച്ചത്. തിക്കിലും തിരക്കിലുംപ്പെട്ട് 121 പേരാണ് മരിച്ചത്. മരിച്ചവരില്‍ ഏഴ് കുട്ടികളും ഒരു പുരുഷനുമൊഴികെ എല്ലാവരും സ്ത്രീകളാണ്. 28 പേര്‍ക്ക് പരിക്കുണ്ട്. മരിച്ചവരില്‍ നാലു പേരൊഴികെ എല്ലാവരെയും തിരിച്ചറിഞ്ഞു. നാല് ഹരിയാന സ്വദേശികളും മധ്യപ്രദേശ്, രാജസ്ഥാന് എന്നിവിടങ്ങളില്‍ നിന്നുള്ള ഓരോരുത്തരുമൊഴികെ ബാക്കിയെല്ലാം ഉത്തര്‍പ്രദേശുകാരാണ്.
ഹാഥറസ് ജില്ലയിലെ സിക്കന്ദ്റ റാവു പൊലീസ് സ്റ്റേഷന് പരിധിയില്‍ ഫുല്‍റായ്ക്ക് സമീപം കാണ്‍പൂര്‍- കൊല്‍ക്കത്ത പാതക്കരികിലാണ് ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ രണ്ടു മണിയോടെ ദുരന്തമുണ്ടായത്. വയലില്‍ നിര്‍മിച്ച താല്കാലിക വേദിയിലായിരുന്നു സത്സംഗ്. ചടങ്ങ് കഴിഞ്ഞ് മടങ്ങാന്‍ കാറില്‍ കയറുകയായിരുന്ന ഭോലെ ബാബയെ ദര്‍ശിക്കാനും കാല്പാദത്തിനടിയിലെ മണ്ണ് ശേഖരിക്കാനും വലിയ തിരക്ക് അനുഭവപ്പെട്ടു.
വയലിലെ ചളിയില്‍ അടിതെറ്റിയവര്‍ക്കുമേല്‍ ഒന്നിനുപിറകെ ഒന്നായി ആളുകള്‍ വീഴുകയായിരുന്നു. ഭോലെ ബാബയുടെ സുരക്ഷ ഭടന്മാര് ആളുകളെ പുറത്തുപോകാന്‍ അനുവദിക്കാതിരുന്നതും ദുരന്തത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചു. ചവിട്ടേറ്റ് അവശരായവരെ ആശുപത്രിയിലെത്തിക്കാതെ സംഘാടകര്‍ മുങ്ങുകയും ചെയ്തു.