- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒളിച്ചുകളിക്കുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ പോലീസിനെ കബളിപ്പിക്കുന്നു; ഫോണ്‍ സ്വിച്ച് ഓണ്‍ ചെയ്യുന്നത് വഴിതെറ്റിക്കല്‍ തന്ത്രം; വിവരങ്ങള്‍ രാഹുലിന് ചോരുന്നു എന്ന് നിഗമനത്തില്‍ അന്വേഷണത്തിന് പുതിയ ക്രൈംബ്രാഞ്ച് സംഘത്തെ നിയോഗിച്ചു; രണ്ടാം കേസില്‍ പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്താനും പോലീസ് നീക്കം
ഒളിച്ചുകളിക്കുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ പോലീസിനെ കബളിപ്പിക്കുന്നു; ഫോണ്‍ സ്വിച്ച് ഓണ്‍ ചെയ്യുന്നത് വഴിതെറ്റിക്കല്‍ തന്ത്രം
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഒളിവുജീവിതം കേരളാ പോലീസിനെ ശരിക്കും അലോസരപ്പെടുത്തുന്നു. രാഹുലിനെ പിടികൂടാന്‍ കഴിയാത്തതില്‍ വിമര്‍ശനം കടുക്കവേ പുതിയ അന്വേഷണ സംഘത്തെ നിയോഗിച്ചു. പുതിയ ക്രൈംബ്രാഞ്ച് സംഘത്തെയാണ് നിയോഗിച്ചത്. ആദ്യ സംഘത്തില്‍ നിന്ന് അന്വേഷണ വിവരങ്ങള്‍ രാഹുലിന് ചോരുന്നു എന്ന നിഗമനത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് മറ്റൊരു സംഘത്തെ നിയോഗിച്ചത്. കഴിഞ്ഞ 11 ദിവസമായി രാഹുല്‍ ഒളിവില്‍ തുടരുകയാണ്.
ബെംഗളൂരുവില്‍ രാഹുല്‍ ഒളിവില്‍ കഴിയുന്നു എന്നാണ് പൊലീസിന് ലഭിച്ച വിവരം. ഒരു കേസില്‍ മാത്രമാണ് രാഹുലിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിട്ടുള്ളത്. രണ്ടാം കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി രാഹുല്‍ നല്‍കിയ ഹര്‍ജി തിരുവനന്തപുരം ജില്ലാ കോടതി തിങ്കളാഴ്ച പരിഗണിക്കാന്‍ മാറ്റിയിട്ടുണ്ട്. കേസില്‍ അറസ്റ്റ് തടഞ്ഞ് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്ന രാഹുലിന്റെ ആവശ്യം കോടതി തള്ളിയിരുന്നു. ഈ കേസില്‍ പരാതിക്കാരിയുടെ മൊഴി എത്രയും വേഗം രേഖപ്പെടുത്താനുള്ള നീക്കവും പൊലീസ് നടത്തുന്നുണ്ട്. രാഹുലിനെതിരെ കൂടുതല്‍ തെളിവുകള്‍ ഹാജരാക്കാന്‍ എസ്‌ഐടി നീക്കം.
23 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസിലാണ് പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തുക. രാഹുലിന്റെ മുന്‍കൂര്‍ ജാമ്യ അപേക്ഷ നാളെ പരിഗണിക്കാനിരിക്കെയാണ് നടപടികള്‍ വേഗത്തിലാക്കുന്നത്. മൊഴി നല്‍കാന്‍ തയ്യാറാണെന്ന് അന്വേഷണസംഘത്തെ പരാതിക്കാരി അറിയിച്ചിരുന്നു. തനിക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്ന് ജാമ്യാപേക്ഷയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍. കേസില്‍ ഇരയോ മൊഴിയോ ഇല്ല. കെപിസിസി പ്രസിഡന്റിന് വന്ന ഇമെയിലിന്റെ അടിസ്ഥാനത്തിലാണ് കേസ് എടുത്തിരിക്കുന്നത്. എന്നാല്‍ കേസിനാസ്പദമായ സംഭവം നടന്നിട്ടേയില്ലായെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍.
തിരുവനന്തപുരം സെഷന്‍സ് കോടതിയിലാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. അതിവേഗ കോടതിയാണ് അപേക്ഷ പരിഗണിച്ചത്. രാഷ്ട്രീയ പ്രാധാന്യമുള്ള കേസാണിതെന്ന് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അഭിഭാഷകന്‍ വാദിച്ചത്. പരാതിക്കാരിയുടെ പേരോ സംഭവ സ്ഥലമോ വ്യക്തമല്ലെന്ന് അഭിഭാഷകന്‍. നേരത്തെ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഹൈക്കോടതി അറസ്റ്റ് തടഞ്ഞെന്നും രാഹുലിന്റെ അഭിഭാഷകന്‍. ആദ്യ കേസില്‍ ഹൈക്കോടതി അറസ്റ്റ് തടഞ്ഞിട്ടുണ്ടെന്നും വാദം. രാഹുലിന്റെ സ്വന്തം പാര്‍ട്ടിയുടെ അധ്യക്ഷനാണ് പരാതി ഡിജിപിക്ക് കൈമാറിയതെന്ന് പ്രൊസിക്യൂഷന്‍. തിങ്കളാഴ്ച പരിഗണിക്കാന്‍ മാറ്റണമെന്നും പ്രൊസിക്യൂഷന്‍ ആവശ്യപ്പെട്ടു.
രാഹുലിനെതിരെ കൂടുതല്‍ തെളിവുകള്‍ കോടതിയില്‍ ഹാജരാക്കാനാണ് അന്വേഷണസംഘത്തിന്റെ നീക്കം. അതേസമയം രാഹുലിനായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. രാഹുല്‍ കര്‍ണാടകയില്‍ തന്നെ ഉണ്ടെന്നാണ് ലഭിക്കുന്ന വിവരം. രാഹുലിന് കര്‍ണാടകയില്‍ ഒളിവില്‍ കഴിയാന്‍ കോണ്‍ഗ്രസിന്റെ സഹായം ലഭിക്കുന്നുണ്ടെന്നാണ് സിപിഎം ഉള്‍പ്പെടെ ആരോപിക്കുന്നത്. എന്നാല്‍ 11 ദിവസമായിട്ടും രാഹുലിനെ പിടികൂടാന്‍ സാധിക്കാത്തതില്‍ പോലീസിനും ആഭ്യന്തര വകുപ്പിനും എതിരെ വിമര്‍ശനം ഉയരുന്നുണ്ട്.
രാഹുല്‍ മാങ്കൂട്ടത്തില്‍ കഴിഞ്ഞ 11 ദിവസം ഒളിവില്‍ കഴിഞ്ഞത് അതിവിദഗ്ധമായെന്നാണ് വിവരം. പൊലീസിന്റെ കണ്ണു വെട്ടിക്കാന്‍ പല വഴികളാണ് എംഎല്‍എ തേടിയത്. ഓരോ പോയിന്റിലും രാഹുലിന് സഹായമെത്തിക്കാന്‍ നിരവധി പേരെത്തിയെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. കഴിഞ്ഞ വ്യാഴാഴ്ച യുവതി പരാതിയുമായി മുഖ്യമന്ത്രിയ്ക്ക് മുന്നില്‍ എത്തിയ ഉടന്‍ രാഹുല്‍ മാങ്കൂടത്തില്‍ പാലക്കാട് നിന്ന് മുങ്ങിയത് അതിവിഭഗ്ധമായാണ്. സിസിടിവി ക്യാമറകള്‍ ഉള്ള റോഡുകള്‍ പരമാവധി ഒഴിവാക്കിയായിരുന്നു യാത്ര. സുഹൃത്തായ യുവ നടിയുടെ ചുവന്ന പോളോ കാറില്‍ പൊള്ളാച്ചി വരെ എത്തി. അവിടെ നിന്ന് മറ്റൊരു കാറില്‍ കോയമ്പത്തൂരിലേക്ക്.
അവിടെ നിന്ന് തമിഴ്‌നാട് - കര്‍ണാടക അതിര്‍ത്തിയിലേക്ക്. ബാഗല്ലൂരിലെ റിസോര്‍ട്ടില്‍ ഞായറാഴ്ച മുതല്‍ ഒളിവില്‍ കഴിഞ്ഞ രാഹുല്‍ അന്വേഷണ സംഘം എത്തുന്നതറിഞ്ഞ് രാവിലെ ഇവിടെ നിന്ന് മുങ്ങുകയായിരുന്നു. പിന്നീട് ബാഗല്ലൂരിലെ ഒരു വീട്ടിലേക്ക് ഒളിയിടം മാറ്റുന്നു. എന്നാല്‍ പൊലീസ് എത്തുന്ന വിവരമറിഞ്ഞ് നേരെ ബംഗളൂരുവിലേക്ക് കടന്നു. തൊട്ടു തൊട്ടില്ലെന്ന മട്ടില്‍ പലവട്ടം അന്വേഷണ സംഘം രാഹുലിന് സമീപമെത്തി. ഒളിവ് ജീവിതത്തിനിടെ രാഹുല്‍ കാറുകളും മൊബൈല്‍ നമ്പറുകളും മാറ്റിയത് നിരവധി തവണയാണ്.
ഓരോ ഒളിയിടത്തിലും കഴിഞ്ഞത് മണിക്കൂറുകള്‍ മാത്രമാണ്. കര്‍ണാടകത്തില്‍ രാഹുലിന് സംരക്ഷണമൊരുക്കുന്നത് റിയല്‍ എസ്റ്റേറ്റ് മാഫിയ ബന്ധമുള്ള ഒരു വനിത അഭിഭാഷകയാണെന്നാണ് വിവരം. ഇവര്‍ക്ക് പൊലീസില്‍ നിന്നുള്ള വിവരങ്ങള്‍ കൃത്യമായി ലഭിക്കുന്നുവെന്നാണ് അന്വേഷണ സംഘം കരുതുന്നത്. തിരുവനന്തപുരം സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷേ തള്ളിയാല്‍ രാഹുല്‍ കീഴടങ്ങുമെന്നും അതിന് മുമ്പേ അറസ്റ്റ് ചെയ്യാനുമായിരുന്നു പൊലീസിന്റെ നീക്കം.
ജാമ്യാപേക്ഷയില്‍ തീരുമാനം വന്നതോടെ രാഹുലിന്റെ മൊബൈല്‍ ഫോണുകള്‍ ഓണായി. കീഴടങ്ങില്ലെന്ന് ഉറപ്പായതോടെ അന്വേഷണ സംഘം എംഎല്‍എ ഓഫീസിലെ രണ്ട് അംഗങ്ങളെ കസ്റ്റഡിയിലെടുത്തു. ഡ്രൈവര്‍ക്കും പേഴ്‌സണല്‍ അസിസ്റ്റന്റിനുമൊപ്പമാണ് രാഹുല്‍ പാലക്കാട് വിട്ടിരുന്നത്. എന്നാല്‍ അവരില്‍ നിന്നും കൂടുതല്‍ വിവരം ലഭിച്ചില്ല. ഹൈകോടതി അറസ്റ്റ് താത്കാലികമായി തടഞ്ഞതോടെ എംഎല്‍എയുടെ ഓഫീസിലും ആശ്വാസമാണ്.




