- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷയില്‍ വിധി ഇന്നില്ല; നാളെ വീണ്ടും തുടര്‍വാദം കേട്ട ശേഷം വിധി പറയാന്‍ കോടതി; ബലാത്സംഗ പരാതി കെട്ടിചമച്ചത്, ലൈംഗിക ബന്ധം പരസ്പ്പര സമ്മതത്തോടെ; ഗര്‍ഭഛിദ്രം നടത്തിയത് യുവതിയെന്നും രാഹുലിന്റെ വാദം; കേസ് സ്വര്‍ണ്ണക്കൊള്ളയില്‍ നിന്നും ശ്രദ്ധതിരിക്കാന്‍; അടച്ചിട്ട കോടതി മുറിയില്‍ വാദം നീണ്ടത് ഒന്നര മണിക്കൂര്‍
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷയില്‍ വിധി ഇന്നില്ല
തിരുവനന്തപുരം: ലൈംഗിക പീഡന കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി നാളെ. നാളെ വീണ്ടും തുടര്‍വാദം കേട്ട ശേഷം വിധി പറയാനാണ് കോടതി ഒരുങ്ങുന്നത്. തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ചത്. അടച്ചിട്ട കോടതി മുറിയില്‍ ഒന്നരമണിക്കൂറാണ് വാദം നടന്നത്. വാദം നാളെയും തുടരും.
അറസ്റ്റ് കോടതി തടഞ്ഞിട്ടില്ല, പൊലീസിന്റെ റിപ്പോര്‍ട്ടില്‍ രാഹുലിനെതിരെ ഗുരുതര പരാമര്‍ശങ്ങളാണ് ഉള്‍പ്പെടുത്തിയത്. രാഹുല്‍ ഭീഷണിപ്പെടുത്തുന്ന ഓഡിയോയും ചാറ്റുകളുമെല്ലാം കോടതിയില്‍ ഹാജരാക്കി. ജാമ്യം അനുവദിക്കുന്ന പക്ഷം പരാതിക്കാരിയെ ഭീഷണിപ്പെടുത്താനും തെളിവുകള്‍ നശിപ്പിക്കാനും സാദ്ധ്യതയുണ്ടെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. എന്നാല്‍, യുവതിയുടെ പരാതി വ്യാജമാണെന്ന് രാഹുലിന്റെ അഭിഭാഷകന്‍ വാദിച്ചു. പരസ്പര സമ്മതത്തോടെയായിരുന്നു ലൈംഗികബന്ധം. കേസിന് പിന്നില്‍ ബിജെപി - സിപിഎം ഗൂഢാലോചനയാണ്. രാഹുലിന്റെ രാഷ്ട്രീയ ഭാവി തകര്‍ക്കാന്‍ ശ്രമിക്കുന്നു. സ്വര്‍ണക്കൊള്ളയില്‍ നിന്ന് ശ്രദ്ധതിരിക്കാനാണ് ഇപ്പോള്‍ കേസ് വന്നതെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം.
ലൈംഗിക ബന്ധം നടന്നത് ഉഭയകക്ഷി സമ്മതപ്രകാരമാണെന്നും ഗര്‍ഭഛിദ്രം നടത്തിയത് യുവതിയാണെന്നും രാഹുല്‍ കോടതിയില്‍ വാദിച്ചു. പരാതിക്കാരിയുമായി തനിക്ക് ദീര്‍ഘകാലമായി സൗഹൃദമുണ്ടെന്നും പക്ഷേ യുവതി പറയുന്നതുപോലെ ബലാത്സംഗം ചെയ്തിട്ടില്ലെന്നുമായിരുന്നു രാഹുലിന്റെ ഹര്‍ജിയിലെ പ്രധാന വാദം. അന്വേഷണമായി സഹകരിക്കുമെന്നും ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു.
തിരുവനന്തപുരം വലിയമല പൊലീസ് സ്റ്റേഷനിലാണ് രാഹുലിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്ന് നേമം പൊലീസ് സ്റ്റേഷനിലേക്ക് കൈമാറുകയായിരുന്നു. വിവാഹ വാഗ്ദാനം നല്‍കി പീഡനം, നിര്‍ബന്ധിത ഗര്‍ഭഛിദ്രം തുടങ്ങി ജാമ്യം ലഭിക്കാത്ത വകുപ്പുകളാണ് ചുമത്തിയത്. ഇതുപ്രകാരം പത്ത് വര്‍ഷം മുതല്‍ ജീവപര്യന്തം തടവ് ശിക്ഷവരെ ലഭിക്കാം. കേസെടുത്തതിന് പിന്നാലെ രാഹുല്‍ ഒളിവില്‍ പോയിരുന്നു. ഇന്നലെ രാഹുലിനെതിരെ ലൈംഗിക പീഡനം ആരോപിച്ച് മറ്റൊരു യുവതിയും രംഗത്തെത്തിയിരുന്നു.
ബലാത്സംഗം, നിര്‍ബന്ധിത ഗര്‍ഭഛിദ്രത്തിന് പ്രേരിപ്പിക്കല്‍, വിശ്വാസവഞ്ചന, ദേഹോപദ്രവം, സ്വകാര്യ ദൃശ്യങ്ങള്‍ ചിത്രീകരിക്കല്‍ തുടങ്ങി എട്ട് വകുപ്പുകളാണ് രാഹുലിനെതിരെ ചുമത്തിയിരിക്കുന്നത്. അശാസ്ത്രീയവും നിര്‍ബന്ധിതവുമായ ഗര്‍ഭഛിദ്രമാണ് മുഖ്യകുറ്റം. 10 വര്‍ഷം മുതല്‍ ജീവപര്യന്തം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണിവ.
അതേസമയം, രാഹുല്‍ ഒളിവില്‍ തുടരുകയാണ്. എം.എല്‍.എ ബംഗളൂരുവിലേക്ക് കടന്നതായി പൊലീസിന് തെളിവ് ലഭിച്ചതായാണ് വിവരം. രാഹുലിനൊപ്പം കേസിലെ രണ്ടാം പ്രതിയായ ജോബി ജോസഫുമുണ്ടെന്നും വിവരമുണ്ട്. അദ്ദേഹം ഫോണുകളും സിമ്മുകളും മാറ്റി മാറ്റി ഉപയോഗിക്കുന്നുണ്ടെന്നും എസ്.ഐ.ടിക്ക് വിവരം ലഭിച്ചു. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ അതിജീവിതയുടെ പരാതിയിലെ എഫ്.ഐ.ആറില്‍ ഗുരുതര പരാമര്‍ശങ്ങളാണ് ഉള്ളത്. പീഡനങ്ങള്‍ എം.എല്‍.എ പദവിയിലെത്തിയ ശേഷമാണെന്നും നിലമ്പൂരില്‍ പ്രചാരണത്തിനിടെയാണ് യുവതിയെ ഭ്രൂണഹത്യക്ക് നിര്‍ബന്ധിപ്പിക്കുകയും മരുന്ന് കഴിപ്പിക്കുകയും ചെയ്തതെന്നും എഫ്‌ഐ.ആറിലുണ്ട്.
രണ്ടു തവണ തിരുവനന്തപുരത്തെ യുവതിയുടെ ഫ്‌ലാറ്റിലും രണ്ടു തവണ പാലക്കാട്ടെ രാഹുലിന്റെ ഫ്‌ലാറ്റിലും വെച്ചാണ് ബലാത്സംഗം ചെയ്തതെന്നും ഗര്‍ഭിണിയാണെന്ന് അറിഞ്ഞിട്ടും ബലാത്സംഗം ചെയ്‌തെന്നും എതിര്‍ത്തപ്പോള്‍ ക്രൂരമായി മര്‍ദിച്ചുവെന്നും യുവതി മൊഴി നല്‍കിയിട്ടുണ്ട്.
2025 മാര്‍ച്ച് നാലിനാണ് രാഹുല്‍ യുവതിയെ തിരുവനന്തപുരം തൃക്കണ്ണാപുരത്തെ ഫ്‌ലാറ്റില്‍വെച്ച് ആദ്യം ബലാത്സംഗം ചെയ്തത്. മാര്‍ച്ച് 17ന് യുവതിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തുകയും പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. യുവതി ഗര്‍ഭിണി ആണെന്ന് അറിഞ്ഞിട്ടും ഏപ്രില്‍ 22ന് തൃക്കണ്ണാപുരത്തെ ഫ്‌ലാറ്റിലെത്തി സ്വകാര്യ ദൃശ്യങ്ങള്‍ കാട്ടി വീണ്ടും ബലാത്സംഗം ചെയ്തു. മേയ് അവസാന ആഴ്ച രണ്ടു തവണ പാലക്കാട്ടെ ഫ്‌ലാറ്റില്‍വെച്ചും ബലാത്സംഗം ചെയ്തു.
പത്തനംതിട്ടയിലെ സുഹൃത്ത് ജോബി ജോസഫ് വഴി മേയ് 30നാണ് ഗര്‍ഭച്ഛിദ്ര മരുന്ന് തിരുവനന്തപുരത്ത് എത്തിച്ച് നല്‍കിയത്. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് പ്രചാരണ സമയമായിരുന്നു അത്. കൈമനത്ത് ജോബി ജോസഫിന്റെ കാറില്‍വെച്ച് നിര്‍ബന്ധിച്ച് ഗുളിക കഴിപ്പിക്കുകയും പ്രചാരണത്തിലായിരുന്ന രാഹുല്‍ വിഡിയോ കോള്‍ വഴി യുവതി മരുന്ന് കഴിച്ചത് ഉറപ്പിച്ചുവെന്നും എഫ്.ഐ.ആറില്‍ പറയുന്നു.
അതേസമയം, രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ക്രൂരത വെളിപ്പെടുത്തി മറ്റൊരു യുവതി കൂടി രംഗത്തെത്തി. കേരളത്തിന് പുറത്ത് താമസിക്കുന്ന 23കാരിയാണ് രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് എം.എല്‍.എ എന്നിവര്‍ക്ക് ഇ-മെയില്‍ അയച്ചത്. വിവാഹ വാഗ്ദാനം നല്‍കി ഹോംസ്റ്റേയിലെത്തിച്ച് ക്രൂരമായി ബലാത്സംഗം ചെയ്തെന്നാണ് വെളിപ്പെടുത്തല്‍. പരാതി കെ.പി.സി.സി നേതൃത്വം ഡി.ജി.പിക്ക് കൈമാറി.




