തിരുവനന്തപുരം: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രഹസ്യമൊഴി നല്‍കി രണ്ടാമത്തെ ബലാത്സംഗ കേസിലെ അതിജീവിത. ഒന്നിലേറെ പീഡിപ്പിച്ചതായാണ് അതിജീവിത നല്കിയിരിക്കുന്ന മൊഴി. നെടുമങ്ങാട് കോടതിയില്‍ മജിസ്ട്രേട്ടിനു മുന്നില്‍ ഹാജരായി രഹസ്യമൊഴി നല്‍കുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട തെളിവുകളും ഹാജറാക്കിയാതായി സൂചനയുണ്ട്.

വിവാഹവാഗ്ദാനം നല്‍കി ഹോം സ്റ്റേയിലെത്തിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ ബലാത്സംഗം ചെയ്‌തെന്നു പരാതി നല്‍കിയ ബെംഗളൂരുവില്‍ താമസിക്കുന്ന 23 വയസ്സുകാരിയാണ് രഹസ്യമൊഴി നല്‍കിയിരിക്കുന്നത്. തനിക്കു നേരിടേണ്ടിവന്ന ദുരനുഭവങ്ങള്‍ അതിജീവിത കോടതിയെ അറിയിച്ചു. ഈ കേസില്‍ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി രാഹുലിനു മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നു. യുവതിയുടെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തില്‍ കോടതി നിര്‍ദേശപ്രകാരം വരുംദിവസങ്ങളില്‍ പൊലീസ് തുടര്‍നടപടികളിലേക്കു കടക്കുമെന്നാണ് സൂചന.

2023 സെപ്റ്റംബറില്‍ ഇന്‍സ്റ്റഗ്രാമിലൂടെയാണ് രാഹുലിനെ പരിചയപ്പെട്ടത്. ടെലഗ്രാം അക്കൗണ്ട് നമ്പര്‍ ചോദിച്ചുവാങ്ങി അതുവഴി സന്ദേശങ്ങളയച്ചു എന്നാണ് പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നത്. വിവാഹം ചെയ്യാന്‍ ആഗ്രഹമുണ്ടെന്നും അറിയിച്ചു. വീട്ടുകാര്‍ക്ക് ആദ്യം താല്‍പര്യമില്ലായിരുന്നെങ്കിലും പിന്നീട് സമ്മതിച്ചു. അവധിക്കു ബെംഗളൂരുവില്‍ നിന്നു നാട്ടിലെത്തിയ തന്നെ വീട്ടിലെത്തുന്നതിനു മുന്‍പ് ഒറ്റയ്ക്കു കാണണമെന്ന് രാഹുല്‍ ആവശ്യപ്പെട്ടു. ഭാവികാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനെന്നു പറഞ്ഞായിരുന്നു ഇത്.

ഫെന്നി നൈനാനൊപ്പം കാറിലെത്തിയ രാഹുല്‍, നഗരത്തില്‍നിന്ന് ഏതാനും കിലോമീറ്ററുകള്‍ അകലെ ഒറ്റപ്പെട്ട സ്ഥലത്തുള്ള ഹോംസ്റ്റേയില്‍ എത്തിച്ചു. സുഹൃത്തിന്റെ ഹോംസ്റ്റേ ആണെന്നും ജനങ്ങള്‍ക്ക് തന്നെ അറിയാവുന്നതിനാല്‍ സ്വകാര്യതയുറപ്പാക്കാനാണ് അവിടേക്കു വന്നതെന്നുമാണ് പറഞ്ഞത്. അകത്തുകയറിയ ഉടന്‍ രാഹുല്‍ കടന്നുപിടിച്ച് ബലാത്സംഗം ചെയ്തു. പ്രതിരോധിക്കാന്‍ ശ്രമിച്ചെങ്കിലും ബലംപ്രയോഗിച്ചു പീഡിപ്പിച്ചു.

കടുത്ത ശാരീരിക, മാനസിക പീഡനമാണ് നേരിട്ടത്. അതിനു ശേഷം തന്നെ വിവാഹം ചെയ്യാനാവില്ലെന്ന് രാഹുല്‍ പറഞ്ഞു. ഭാര്യയ്ക്കും മക്കള്‍ക്കുമാവശ്യമായ ശ്രദ്ധ നല്‍കാന്‍ തന്റെ രാഷ്ട്രീയജീവിതം അനുവദിക്കില്ലെന്നാണു കാരണം പറഞ്ഞത്. തുടര്‍ന്ന് തന്നെ കാറില്‍ വീടിനു സമീപം ഇറക്കിവിട്ടു. കാണണമെന്നറിയിച്ച് ഏതാനും നാളുകള്‍ക്കു ശേഷം രാഹുല്‍ വീണ്ടും തന്നെ വിളിച്ചു. പിന്നീട് പതിവായി സന്ദേശങ്ങളയച്ചെന്നും യുവതി പൊലീസിനു മൊഴി നല്‍കിയിരുന്നു.

വിവാഹക്കാര്യം പറഞ്ഞ് രാഹുല്‍ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയിരുന്നുവെന്നും അതുകൊണ്ടാണ് പരാതി നല്‍കാന്‍ വൈകിയതെന്നും യുവതി മൊഴി നല്‍കിയിരുന്നു. ലൈംഗികപീഡനം ചൂണ്ടിക്കാട്ടി കെപിസിസി നേതൃത്വത്തിന് യുവതി അയച്ച ഇ-മെയില്‍ പൊലീസിനു കൈമാറിയതോടെയാണ് രാഹുലിനെതിരെ കേസെടുത്തത്. തുടര്‍ന്ന് ജി. പൂങ്കുഴലി ഐപിഎസിന്റെ നേതൃത്വത്തിലുള്ള സംഘം പെണ്‍കുട്ടിയെ ബന്ധപ്പെട്ട് മൊഴി രേഖപ്പെടുത്തിയിരുന്നു.

എന്നാല്‍ പേര് പോലും ഇല്ലാതെ ലഭിച്ച ഇമെയിലിന്റെ അടിസ്ഥാനത്തിലാണ് തനിക്കെതിരെ കേസെടുത്തതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു രാഹുല്‍ ജാമ്യ ഹര്‍ജി നല്‍കിയത്. പരാതി അടിസ്ഥാന രഹിതവും രാഷ്ട്രീയപ്രേരിതവുമാണ്. രണ്ടുവര്‍ഷം താമസിച്ചാണ് പരാതി നല്‍കിയത്. പരാതി സത്യമെങ്കില്‍ പൊലീസിനെ സമീപിക്കാന്‍ ഏറെ സമയം ഉണ്ടായിരുന്നുവെന്നും ജാമ്യഹര്‍ജിയില്‍ സൂചിപ്പിച്ചിരുന്നു. കേസില്‍ രാഹുലിന് മുന്‍കൂര്‍ജാമ്യം ലഭിച്ചിരുന്നു.