- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടോൾ നൽകി മുമ്പോട്ട് എടുക്കുമ്പോൾ തൊട്ടു പിറകെ എത്തിയ കാർ പണം നൽകാതെ വെട്ടിച്ച് മുമ്പോട്ട് പോയി; ഇരുമ്പ് വടി എടുത്തെറിഞ്ഞ് തടയാൻ ശ്രമിച്ചത് പിറകിലെ കാറിനെ; വടി കൊണ്ട് തകർന്നത് യൂത്ത് കോൺഗ്രസ് നേതാവിന്റെ കാറും; ചോദിച്ചപ്പോൾ ജീവനക്കാരുടെ ഗുണ്ടായിസം; പാലിയേക്കരയിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ കാറിനെ ആക്രമിച്ചു; ടോൾ പ്ലാസ ആക്രമത്തിൽ സംഭവിച്ചത്
കൊച്ചി: രാഹുൽ മാങ്കട്ടത്തിലിന്റെ കാർ ടോൾ പ്ലാസയിൽ അടിച്ചു തകർത്തു. പാലിയേക്കര ടോൾ പ്ലാസയിലാണ് സംഭവം. ടോൾ പ്ലാസയിലെ ജീവനക്കാരാണ് യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറിയുടെ കാർ ആക്രമിച്ചത്. ചൊവ്വാഴ്ച രാത്രി പതിനൊന്ന് മണിയോടെയായിരുന്നു അക്രമം.
ടോൾ നൽകി രാഹുൽ കടന്നു പോയി. പിന്നാലെ വന്ന കാർ ടോൾ നൽകിയില്ല. ഈ കാറിനെ തടയാനുള്ള ശ്രമമാണ് അക്രമമായത്. ആ വാഹനത്തെ തടഞ്ഞു നിർത്താൻ രാഹുലിന്റെ കാറിന് നേരെ ഇരുമ്പു വടി എറിഞ്ഞു. ഇരുമ്പു വടി വീണത് രാഹുലിന്റെ കാറിന്റെ മുൻ വശത്താണ്. കാറിന്റെ മുൻ വശം തകർന്നു. ഇത് ചോദ്യം ചെയ്തപ്പോൾ രാഹുലിനെ കൈയേറ്റം ചെയ്യാനും ടോൾ പ്ലാസയിലെ ജീവനക്കാർ ശ്രമിച്ചു. ഗുണ്ടകളാണ് ടോൾ പ്ലാസയിൽ അധികവും ജോലി ചെയ്യുന്നതെന്ന പരാതിക്ക് പുതിയ തലം നൽകുന്നതാണ് ഈ അക്രമവും.
ഇതിന് പിന്നാലെ ടോൾ പ്ലാസയിലേക്ക് യൂത്ത് കോൺഗ്രസുകാർ എത്തി. ടോൾ പ്ലാസ തുറന്നു വിട്ട് അവർ പ്രതിഷേധിച്ചു. പുതുക്കാട് നിന്നും പൊലീസ് എത്തി. കാറിനെ ആക്രമിച്ചവരെ കസ്റ്റഡിയിലും എടുത്തു. രാഹുലിന്റെ വാഹനത്തിന് നേരെ അതിക്രമം ഉണ്ടായെന്ന വാർത്ത പരന്നതോടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി എത്തിയതാണ് നിർണ്ണായകമായത്. അതുകൊണ്ടാണ് പൊലീസിന് നടപടിയും എടുക്കേണ്ടി വന്നത്.
രാഹുൽ മാങ്കൂട്ടം സഞ്ചരിച്ച വാഹനത്തിന് പിന്നാലെ എത്തിയ ഒരു വാഹനം ടോൾ നൽകാതെ കടക്കാൻ ശ്രമിച്ചതാണ് പ്രശ്‌നങ്ങൾക്ക് കാരണം. ഈ വാഹനം തടയാൻ എത്തിയ ടോൾ ജീവനക്കാർ രാഹുലിന്റെ വാഹനത്തിന് നേരെ വടി എടുത്ത് എറിഞ്ഞതാണ് പ്രശ്‌നമായത്. ഏത് സാഹചര്യത്തിലും വടി എടുത്ത് എറിയാമോ എന്നതാണ് ഉയരുന്ന ചോദ്യം. അതിക്രമം കാണിച്ചവർക്കെതിരെ നടപടി ആവശ്യപ്പെട്ടായിരുന്നു യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം.
ടോൾ ജീവനക്കാർ അതിക്രമം കാണിച്ചെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. എന്നാൽ വലിയ കേസുകളൊന്നും ആർക്കെതിരേയും ചുമത്തിയിട്ടില്ലെന്നാണ് സൂചന.
മറുനാടന് മലയാളി ബ്യൂറോ