തിരുവനന്തപുരം: സ്ത്രീ വിഷയത്തില്‍ ആരോപണ വിധേയനായ രാഹുല്‍ മാങ്കൂട്ടത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജി വച്ചെങ്കിലും എം.എല്‍.എ സ്ഥാനം തല്‍ക്കാലം രാജി വക്കില്ല. ലൈംഗിക പീഡനക്കേസില്‍ പ്രതിയായ മുകേഷ് ഇതുവരെ എം.എല്‍.എ സ്ഥാനം രാജി വച്ചിട്ടില്ലെന്ന് ന്യായം ചൂണ്ടിക്കാട്ടിയാണ് രാഹുലിന്റെ ഈ നിലപാട്. മന്ത്രിയായിരിക്കെ ഇത്തരം ആരോപണങ്ങള്‍ക്കു വിധേയരായ പി.ജെ ജോസഫ്, നീലലോഹിതദാസന്‍ നാടാര്‍, ജോസ് തെറ്റയില്‍ എന്നിവര്‍ മന്ത്രിസ്ഥാനം മാത്രമാണ് രാജി വച്ചത്. എം.എല്‍.എയായി തുടര്‍ന്നു കൊണ്ടാണ് അവരെല്ലാം കേസിനെ നേരിട്ടത്. വരുന്ന നിയമസഭാ സമ്മേളനത്തില്‍ നിന്നും വിട്ടുനില്‍ക്കാന്‍ കോണ്‍ഗ്രസ് ആവശ്യപ്പെടും.

സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷിക്ക് പാര്‍ട്ടിയിലെ വനിതാ നേതാക്കള്‍ രാഹുലിനെതിരെ പരാതി നല്‍കിയിരുന്നു. ഇത് അന്വേഷിക്കാന്‍ സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വത്തോട് ദീപാദാസ് മുന്‍ഷി ആവശ്യപ്പെട്ടു. ഇതിനുപിന്നാലെയാണ് രാഹുലിനെതിരെ സംഘടന നടപടി ആലോചിച്ചു തുടങ്ങിയത്. തെറ്റുകാരനെങ്കില്‍ രാഹുലിനെ സംരക്ഷിക്കേണ്ടതില്ലെന്നായിരുന്നു നേതാക്കളുടെ നിലപാട്. തിരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തില്‍ രാഹുലിനെ സംരക്ഷിക്കുന്നത് പാര്‍ട്ടിക്ക് ചീത്തപേരുണ്ടാക്കും എന്നും വിലയിരുത്തലുണ്ടായി. സംസ്ഥാന നേതാക്കള്‍ കൈവിട്ടതോടെയാണ് രാജിയിലേക്കെത്തിയത്. വിഡി സതീശനും രമേശ് ചെന്നിത്തലയുമുള്‍പ്പെടെ രാഹുലിനെ തള്ളിയാണ് രംഗത്തെത്തിയത്. ഇതോടെയാണ് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്ന് മാറാനുള്ള തീരുമാനത്തിലേക്ക് രാഹുല്‍ എത്തിയത്. എന്നാല്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടിട്ടില്ലെന്നാണ് സൂചന

സംസ്ഥാന രാഷ്ട്രീയത്തില്‍ ഉമ്മന്‍ചാണ്ടി, കുഞ്ഞാലിക്കുട്ടി, എ.പി അനില്‍കുമാര്‍, ഹൈബി ഈഡന്‍, പീതാംബരക്കുറുപ്പ്, ശശി തരൂര്‍ എന്നിവരുടെയെല്ലാം പേരില്‍ ഇത്തരം ആരോപണങ്ങള്‍ ഉയര്‍ന്നുവന്നെങ്കിലും ഇവരാരും എം.എല്‍.എ സ്ഥാനം രാജിവച്ചിട്ടില്ല. സമാനരീതിയില്‍ ആരോപണവിധേയരായ പി.ജെ. ജോസഫ്, നീലലോഹിത ദാസന്‍ നാടാര്‍, ജോസ് തെറ്റയില്‍, പി.കെ കുഞ്ഞാലിക്കുട്ടി, കെ.ബി ഗണേഷ്‌കുമാര്‍ എന്നിവരും എം.എല്‍.എ സ്ഥാനം രാജി വച്ചിട്ടില്ല. മന്ത്രിസ്ഥാനമാണ് രാജി വച്ചത്. ആരോപിക്കപ്പെട്ടയാള്‍ നിയമസഭാംഗത്വം രാജി വച്ചാല്‍ പിന്നീട് നിരപരാധിയാണെന്ന സാഹചര്യം വന്നാല്‍ അവരെ തിരിച്ചെടുക്കുന്നതിനുള്ള നിയമസംവിധാനമില്ല. അതു ചൂണ്ടിക്കാട്ടിയാണ് എം.എല്‍.എ സ്ഥാനം തുടരാന്‍ പാര്‍ട്ടി നേതൃത്വവും അനുവദിക്കുന്നത്.

പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരിക്കെയാണ് പി. ജെ. ജോസഫ് വിവാദത്തില്‍ കുടുങ്ങിയത്. ചെന്നൈ- കൊച്ചി വിമാനത്തില്‍ യാത്ര ചെയ്യുമ്പോള്‍ സ്ത്രീയോട് മോശമായി പെരുമാറിയെന്നതായിരുന്നു പി.ജെ. ജോസഫിനെതിരായ ആരോപണം. ഇതിന്റെ അടിസ്ഥാനത്തില്‍ തമിഴ്നാട് പോലീസ് പി.ജെ. ജോസഫിനെതിരെ സ്ത്രീ പീഡനകുറ്റം ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. മന്ത്രിസ്ഥാനം രാജി വച്ച് കുറ്റവിമുക്തനായ ജോസഫ് അധികാരത്തില്‍ തിരികെയെത്തുകയും ചെയ്തു. ഗതാഗതമന്ത്രിയായിരിക്കുമ്പോഴാണ് നീലലോഹിതദാസന്‍ നാടാര്‍ വിവാദത്തില്‍പ്പെടുന്നത്. ഗതാഗത സെക്രട്ടറിയായിരുന്ന നളിനി നെറ്റോയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നതായിരുന്നു നാടാറിനെതിരായ ആരോപണം. മൂന്നുമാസം തടവും പിഴയും ചുമത്തിയെങ്കിലും പിന്നീട് കുറ്റവിമുക്തമാക്കുകയായിരുന്നു.

അങ്കമാലി മഞ്ഞപ്ര സ്വദേശിയായ യുവതിയാണ് ജോസ് തെറ്റയിലിനും മകന്‍ തോമസിനുമെതിരെ പോലീസില്‍ പരാതി നല്‍കിയത്. മകനെക്കൊണ്ട് വിവാഹം ചെയ്യിക്കാമെന്ന് വാഗ്ദാനം നല്‍കിയാണ് ജോസ് തെറ്റയില്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചതെന്നും ഇതിനെ സാധൂകരിക്കുന്ന തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും യുവതി നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു. സ്്ത്രീ വിഷയമാണ് ശശീന്ദ്രനെയും കുടുക്കിയത്. മംഗളം ചാനല്‍ ഒരുക്കിയ ഹണി ട്രാപ്പില്‍ വലിച്ചിഴക്കപ്പെട്ടതിനെത്തുടര്‍ന്നാണ് രാജി വക്കേണ്ടി വന്നത്. പിന്നീട് കുറ്റവിമുക്തനായി വീണ്ടും മന്ത്രിയാകുകയായിരുന്നു. രാജ്യത്ത് 16 എം.പിമാരും 135 എം.എല്‍.എമാരും സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ പ്രതികളാണ് . അതില്‍ ബി.ജെ.പി 54, കോണ്‍ഗ്രസ് 23, ആം ആദ്മി പാര്‍ട്ടി 13 എന്നിങ്ങനെ വിവിധ കക്ഷികളില്‍ പെട്ടവര്‍ ഇത്തരം കേസുകളില്‍ പ്രതികളാണ്.