തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച കാളയുമായി പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയിലേക്ക് നടത്തിയ പ്രതിഷേധത്തിനെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി. ഹിന്ദുമത വിശ്വാസപ്രകാരം ശിവന്റെ വാഹനമായ കാളയെ ഉപയോഗിച്ച് നടത്തിയ പ്രതിഷേധം മത വിശ്വാസത്തെ വ്രണപ്പെടുത്തിയെന്നാണ് പരാതി. ഇതിനൊപ്പം കന്റോണ്‍മെന്റ് ഹൗസില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന സുരക്ഷാവീഴ്ചകളില്‍ അടിയന്തര നടപടി ആവശ്യപ്പെട്ടും പ്രതിപക്ഷ നേതാവിന്റെ ഓഫീസ് സംസ്ഥാന പൊലീസ് മേധാവിക്ക് കത്ത് നല്‍കിയിട്ടുണ്ട്. സാധാരണ മതവിശ്വാസ വൃണപ്പെടുത്തല്‍ പരാതികള്‍ നല്‍കുന്നത് യുവമോര്‍ച്ചയും മറ്റ് പരിവാര്‍ സംഘടനകളുമാണ്. ഇവിടെ യുവമോര്‍ച്ചയ്‌ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പരാതിയുമായി എത്തുന്നതു. അതായത് കടുവയെ കിടുവ പിടിച്ച അവസ്ഥ!

യൂത്ത് കോണ്‍ഗ്രസ് കാട്ടാക്കട നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് ഗൗതം കാട്ടാക്കട ആണ് കാള വിഷയത്തില്‍ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കിയത്. നട്ടുച്ച സമയം കിലോമീറ്ററുകളോളം കാളയെ മൂക്കുകയര്‍ ഇട്ട് വലിച്ചിഴച്ച് നടത്തിയെന്നും ക്രൂരത കാട്ടിയെന്നും പരാതിയില്‍ പറയുന്നു. കാളയുടെ മുഖത്ത് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ചിത്രം പതിപ്പിച്ച് തെരുവിലൂടെ നടത്തിയായിരുന്നു യുവമോര്‍ച്ചയുടെ പ്രതിഷേധം. വിത്തുകാളയെ കൊണ്ടുനടക്കുന്നത് വി ഡി സതീശനും ഷാഫി പറമ്പിലുമാണെന്നും ആക്ഷേപമുയര്‍ന്നു. കാളയുമായുള്ള മാര്‍ച്ച് പൊലീസ് തടഞ്ഞതോടെ സമരം ജലപീരങ്കി പ്രയോഗത്തിലാണ് അവസാനിച്ചത്. വിഷയത്തില്‍ സതീശനെ പ്രതിക്കൂട്ടില്‍ നിര്‍ത്താനാണ് സിപിഎമ്മും ബിജെപിയും ശ്രമിക്കുന്നത്. മാങ്കൂട്ടത്തിലിനെതിരെ കടുത്ത നിലപാട് എടുത്ത നേതാക്കളില്‍ ഒരാളായിരുന്നു സതീശന്‍. ഇതായിരുന്നു മാങ്കൂട്ടത്തിലിന് എതിരായ പാര്‍ട്ടി നടപടിയ്ക്കും കാരണം ഇതായിരുന്നു.

അതേസമയം, ലൈംഗികാതിക്രമ ആരോപണത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും പൊലീസില്‍ പരാതി വന്നിരുന്നു. പൊതുപ്രവര്‍ത്തകനായ പി എം സുനില്‍ ആണ് ഡിജിപിക്ക് പരാതി നല്‍കിയത്. ഗര്‍ഭഛിദ്രത്തിന് പ്രേരിപ്പിക്കുന്ന ശബ്ദ സംഭാഷണത്തിന്റെ അടിസ്ഥാനത്തില്‍ നടപടി എടുക്കണമെന്നായിരുന്നു പരാതിക്കാരന്റെ ആവശ്യം. കഴിഞ്ഞ ദിവസം രാഹുല്‍ മാങ്കൂട്ടത്തിലിനെ പാര്‍ട്ടി പ്രാഥമിത അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ രാഹുല്‍ എംഎല്‍എയായി തന്നെ തുടരും. എത്ര കാലത്തേക്കാണ് സസ്‌പെന്‍ഷന്‍ എന്നത് വ്യക്തമല്ല. ഇതിനിടെയാണ് കാള വിവാദം എത്തുന്നത്. പ്രതിപക്ഷ നേതാവിന്റെ വീട്ടിലേക്കുള്ള സമരത്തില്‍ വലിയ സുരക്ഷാ വീഴ്ചയുണ്ടായി എന്നാണ് കോണ്‍ഗ്രസും വിലയിരുത്തുന്നത്.

കേരളത്തില്‍ ആദ്യമായാണ് ഒരു രാഷ്ട്രീയ പാര്‍ട്ടി കാര്‍ക്കശ്യത്തോടെയും നിശ്ചയദാര്‍ഢ്യത്തോടെയും ഒരു തീരുമാനം എടുക്കുന്നതെന്നായിരുന്നു ഈ വിഷയത്തില്‍ പ്രതിപക്ഷ നേതാവ് പ്രതികരിച്ചത്. കെ.പി.സി.സി അധ്യക്ഷന്‍ വ്യക്തമാക്കിയതു പോലെ ഇതുവരെ ഒരു പരാതിയും പാര്‍ട്ടിക്ക് ലഭിച്ചിട്ടില്ല. എന്നിട്ടും 24 മണിക്കൂറിനകം യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവയ്പ്പിച്ചു. ഉയര്‍ന്നു വന്ന ആരോപണം പരിശോധിച്ച് നേതാക്കളുമായി ആശയവിനിമയം നടത്തിയാണ് പാര്‍ട്ടിയില്‍ നിന്നും പാര്‍ലമെന്ററി പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചത്. ഏതെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടി ഇതുപോലൊരു തീരുമാനം ഇതിന് മുന്‍പ് കേരളത്തില്‍ എടുത്തിട്ടുണ്ടോ?-ഇതായിരുന്നു സതീശന്‍ ഉയര്‍ത്തിയ ചോദ്യം.

ക്രോംപ്രമൈസ് ആയിപ്പോയെന്നാണ് മന്ത്രി എം.ബി രാജേഷ് പറഞ്ഞത്. ഒരു റേപ്പ് കേസിലെ പ്രതി കൈപൊക്കിയിട്ടാണ് എം.ബി രാജേഷ് മന്ത്രി സ്ഥാനത്ത് ഇരിക്കുന്നത്. സ്വയം ഒരു ഉളുപ്പ് വേണ്ടേ? റേപ്പ് കേസിലെ പ്രതിയാണ് സി.പി.എമ്മില്‍ എം.എല്‍.എയായി തുടരുന്നത്. ഇത്തരക്കാര്‍ക്കെതിരെ സി.പി.എം നടപടി എടുക്കാത്തതും ബി.ജെ.പി പോക്സോ കേസിലെ പ്രതിയെ ഉന്നതാധികാര സമിതിയില്‍ ഇരുത്തിയിരിക്കുന്നതുമൊക്കെ ഞങ്ങള്‍ക്കും വേണമെങ്കില്‍ ചൂണ്ടിക്കാണിക്കാമായിരുന്നു. ഒരുപാട് പേരുടെ പേരുകള്‍ സി.പി.എമ്മില്‍ നിന്നു തന്നെ പറയാം. പക്ഷെ ഞങ്ങള്‍ അതിനൊന്നും തയാറായില്ല. അതെല്ലാം പറഞ്ഞ് ഉഴപ്പുന്നതിനു പകരം ആദ്യം തന്നെ സ്ഥാനത്ത് നിന്ന് മാറ്റുകയും പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു.

സ്ത്രീകളോടുള്ള ഞങ്ങളുടെ പ്രസ്ഥാനത്തിന്റെ ബഹുമാനവും ആദരവുമാണ്. സ്ത്രീകളുടെ ആത്മാഭിമാനത്തിന് മുറിവേറ്റെന്ന് തോന്നിയപ്പോഴാണ് പാര്‍ട്ടി നടപടി സ്വീകരിച്ചത്. വേറെ ഒരു പാര്‍ട്ടിയെയും പോലെയല്ല കോണ്‍ഗ്രസ് ഇക്കാര്യത്തിലെന്ന് മാധ്യമങ്ങളെക്കൊണ്ട് പറയിക്കുമെന്ന് കഴിഞ്ഞ ദിവസം പറഞ്ഞത് ഇപ്പോള്‍ നടപ്പാക്കി. മറ്റു പാര്‍ട്ടികളെ പോലെയല്ല കോണ്‍ഗ്രസ് നിലപാടെടുത്തത്. ഞങ്ങള്‍ക്ക് ഏറ്റവും അടുപ്പമുള്ള ആള്‍ക്കെതിരെയാണ് നടപടിയെടുത്തത്. പാര്‍ട്ടിയുടെ മുന്‍നിരയില്‍ നില്‍ക്കുന്ന ഒരാളെ രക്ഷപ്പെടുത്താന്‍ ഒരു ശ്രമമവും നടത്താതെ സ്ത്രീകളുടെ ആത്മാഭിമാനം സംരക്ഷിക്കുന്നതിനു വേണ്ടിയാണ് കോണ്‍ഗ്രസ് ഈ തീരുമാനം എടുത്തത്. അത് കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ അടയാളപ്പെടുത്തുക തന്നെ ചെയ്യുമെന്നും സതീശന്‍ പറഞ്ഞിരുന്നു.

സി.പി.എം നേതാക്കള്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടു പോലും അവരൊക്കെ സ്ഥാനങ്ങളില്‍ തുടരുകയാണ്. മുഖ്യമന്ത്രിയുടെ ഓഫീസ് മുതല്‍ ആരോപണവിധേയര്‍ ഇരിക്കുകയാണ്. ഞങ്ങളോട് ചോദിക്കുന്നതു പോലെ അതേക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയനോടും ചോദിക്കണം. പക്ഷെ നിങ്ങള്‍ ആരോടും ചോദിക്കില്ല. ഇപ്പോള്‍ രാഹുലിന്റെ രാജി ആവശ്യപ്പെട്ട സി.പി.എം വനിതാ നേതാക്കളാരും ആരോപണ വിധേയരായ സി.പി.എം നേതാക്കള്‍ക്കെതിരെ നടപടി എടുക്കാന്‍ ആവശ്യപ്പെട്ടിട്ടില്ല. ആരോപണവിധേയര്‍ക്കെതിരെ ഒരു നോട്ടീസ് നല്‍കാന്‍ പോലും സി.പി.എം തയാറായിട്ടില്ല. ആരോപണ വിധേയര്‍ സി.പി.എമ്മില്‍ ഇരിക്കുമ്പോഴാണ് കോണ്‍ഗ്രസ് കര്‍ശന നടപടി എടുത്തത്. അതാണ് കേരളത്തിലെ കോണ്‍ഗ്രസ്. അത് അടയാളപ്പെടുത്തിയാല്‍ മതിയെന്നും സതീശന്‍ വിശദീകരിച്ചു.

എല്ലാവരുമായും ആലോചിച്ചാണ് കോണ്‍ഗ്രസ് നടപടി സ്വീകരിച്ചത്. സ്ത്രീകള്‍ക്കെതിരെ സൈബര്‍ ആക്രമണം കേരളത്തില്‍ തുടങ്ങിവച്ചത് സി.പി.എമ്മാണ്. ഒരു സ്ത്രീ പോലും സൈബര്‍ ഇടത്തില്‍ ആക്രമിക്കപ്പെടരുത് എന്നതാണ് കോണ്‍ഗ്രസ് നിലപാട്. സ്ത്രീകളെ സോഷ്യല്‍ മീഡിയയില്‍ ആക്രമിക്കുന്നത് ഒരു തരം മനോരാഗമാണ്. എത്ര വനിതാ മാധ്യമ പ്രവര്‍ത്തകരെയാണ് സി.പി.എം സമൂഹമാധ്യമങ്ങളില്‍ അധിക്ഷേപിച്ചത്. അന്നൊന്നും ഒരു ചോദ്യവും ഉണ്ടായില്ല. സൈബര്‍ ഇടങ്ങളിലെ ആക്രമണം അവസാനിപ്പിക്കണം. നല്ല നിലപാടുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. വിഷയം പരിശോധിച്ച് രാഷ്ട്രീയ പ്രസ്ഥാനത്തിന് എടുക്കാന്‍ പറ്റിയ ഏറ്റവും വലിയ തീരുമാനമാണ് കോണ്‍ഗ്രസ് എടുത്തിരിക്കുന്നതെന്നാണ് സതീശന്‍ പരസ്യമായി പറഞ്ഞത്.