- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എരുമേലിയിൽ നിന്നും പുനലൂർ വരെ 75 കിലോമീറ്റർ പാത നിർമ്മിച്ചാൽ റാന്നിക്കും പത്തനംതിട്ടയ്ക്കും കോന്നിക്കും പത്തനാപുരത്തിനും റെയിൽവേ സ്റ്റേഷനുകൾ ലഭിക്കും; നെടുമങ്ങാട് വഴി തിരുവനന്തപുരത്ത് എത്തുമ്പോൾ മലയോരത്തും ട്രെയിൻ; കേരളത്തിന് മലയോര റെയിൽ കിട്ടുമോ? രണ്ടും കൽപ്പിച്ച് അടൂർ പ്രകാശ്
പത്തനംതിട്ട: കേരളത്തിന് മലയോര റെയിൽ കിട്ടുമോ? അങ്കമാലി-എരുമേലി ശബരിപാത പത്തനംതിട്ട, പുനലൂർ വഴി തിരുവനന്തപുരത്തേക്കു നീട്ടുന്നതു സംബന്ധിച്ച ശുപാർശ പരിശോധിക്കാൻ ബന്ധപ്പെട്ട ഡയറക്ടറേറ്റിനു നിർദ്ദേശം നൽകിയതായി കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് അറിയിക്കുമ്പോൾ അതൊരു പുതിയ സാധ്യതയാകുകയാണ്. തെക്കൻ കേരളത്തിലെ മലയോരത്തെ ബന്ധപ്പെടുത്തുന്നതാകും യാഥാർത്ഥ്യമായാൽ ഈ തീവണ്ടി. റെയിൽവേയുടെ സാന്നിധ്യമില്ലാത്ത മലയോര മേഖലയിൽ അതിന്റെ സാന്നിധ്യം ഉറപ്പിക്കാൻ വേണ്ടിയാണ് പുതിയ ആലോചന.
പാത നീട്ടേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തി അടൂർ പ്രകാശ് എംപി നൽകിയ നിവേദനത്തെ തുടർന്നാണു നടപടി. കോന്നി എംഎൽഎയായിരുന്ന അടൂർ പ്രകാശ് ഇപ്പോൾ ആറ്റിങ്ങലിന്റെ എംപിയാണ്. പത്തനംതിട്ടയ്ക്കൊപ്പം ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിന് കൂടി ഗുണകരമാകുന്ന തരത്തിലെ പദ്ധതിയാണ് എംപിയുടെ മനസ്സിൽ. ഇത് യാഥാർത്ഥ്യമായാൽ പത്തനംതിട്ടയിലേയും തിരുവനന്തപുരത്തേയും മലയോരത്തെ റെയിൽവേയുള്ള സ്ഥലമാക്കും.
റെയിൽവേ സൗകര്യം ഇല്ലാത്ത, അരലക്ഷത്തിനുമേൽ ജനസംഖ്യയുള്ള നഗരങ്ങളിലേക്ക് പുതിയപാത നിർമ്മിക്കാൻ റെയിൽവേ ഒരുങ്ങുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം. കേരളത്തിൽനിന്ന് മഞ്ചേരി, മലപ്പുറം, കൊടുങ്ങല്ലൂർ, നെടുമങ്ങാട് എന്നീ നഗരങ്ങൾ റെയിൽവേ ബോർഡിന്റെ സാധ്യതാപട്ടികയിൽ ഇടംനേടിയിട്ടുണ്ട്. സാധ്യത പഠിക്കാൻ സോണൽ റെയിൽവേ ഓഫീസുകൾക്ക് റെയിൽവേ ബോർഡ് കഴിഞ്ഞദിവസം നിർദ്ദേശം നൽകിയിട്ടുണ്ട്.
കോന്നിയുടെ മുൻ എംഎൽഎയാണ് അടൂർ പ്രകാശ്. എരുമേലിയിൽനിന്നു പുനലൂർ വരെ 75 കിലോമീറ്റർ പാത നിർമ്മിച്ചാൽ റാന്നി, പത്തനംതിട്ട, കോന്നി, പത്തനാപുരം പട്ടണങ്ങൾക്കു റെയിൽവേ സ്റ്റേഷനുകൾ ലഭിക്കും. അതായത് കോന്നിക്കും പദ്ധതി ഗുണകരമാകും. പുനലൂരിൽ, ശബരി പാത, കൊല്ലം-ചെങ്കോട്ട പാതയുമായി ബന്ധിപ്പിക്കുന്നതോടെ തമിഴ്‌നാട്ടിൽ നിന്നു ശബരിമലയിലേക്കുള്ള ദൂരം കുറഞ്ഞ പാതയായി ഇതുമാറും. കേരളത്തിൽ നിന്ന് തമിഴ്‌നാട്ടിലേക്ക് റെയിൽ കണക്ടിവിട്ടിയുടെ പുതിയ സാധ്യതയുമാകും.
50,000 ജനസംഖ്യയുള്ള നഗരങ്ങളെ റെയിൽവഴി ബന്ധിപ്പിക്കണമെന്ന കേന്ദ്രനയം കണക്കിലെടുത്ത് 62,000 ജനസംഖ്യയുള്ള നെടുമങ്ങാട്ടേക്കു പാത നീട്ടാൻ കഴിയും. ആറ്റിങ്ങൽ ലോക്‌സഭാ മണ്ഡലത്തിലെ പ്രധാന പ്രദേശത്തിനെല്ലാം ഇതിന്റെ ഗുണം കിട്ടും. അവിടെയെത്തുന്ന പാത ഐടി ഹബ്ബായ കഴക്കൂട്ടവുമായി ബന്ധിപ്പിക്കുന്നതോടെ തിരുവനന്തപുരത്തിനും അങ്കമാലിക്കും ഇടയിൽ മൂന്നാമത്തെ പാതയായി ശബരി പാത മാറും.
കൊച്ചി, തൂത്തുക്കുടി തുറമുഖങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന എളുപ്പവഴിയുമാകും. ഈ മേഖലയിലെ തീർത്ഥാടന, വാണിജ്യ, വ്യവസായ രംഗങ്ങളുടെ വളർച്ചയ്ക്കും പാത കരുത്താകുമെന്ന് എംപി നിവേദനത്തിൽ ചൂണ്ടിക്കാട്ടി. ഇത് ഗൗരവത്തോടെ കേന്ദ്ര സർക്കാർ എടുത്താൽ അത് തെക്കൻ കേരളത്തിന് വലിയ ഗുണം ചെയ്യും. 1982 ൽ റയിൽവേ മന്ത്രാലയം മലയോര റെയിൽപാതക്ക് വേണ്ടി പ്രത്യേക പദ്ധതി ആവിഷ്‌കരിച്ചു നടത്തിയെങ്കിലും തുടർ നടപടികൾ പാതിവഴിയിൽ ഉപേക്ഷിച്ചു. റെയിൽപാത നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നിരവധി തവണ മലയോര നിവാസികൾ നിവേദനം നൽകിയിരുന്നു.
തുടർന്ന് സാധ്യത പഠിക്കാൻ സംഘമെത്തി റെയിൽപാതയുടെ രൂപരേഖ തയാറാക്കുകയും കേന്ദ്ര സർക്കാരിന് മുന്നിൽ സമർപ്പിക്കുകയും ചെയ്തു. ചെങ്കോട്ടയിൽ നിന്നും തുടങ്ങി ആര്യങ്കാവ് വഴി പാലോട്, നെടുമങ്ങാട്, കുറ്റിച്ചൽ, കാട്ടാക്കട വഴി നെയ്യാറ്റിൻകരയിലോ ബാലരാമപുരത്തുള്ള റെയിൽവേയുമായി ബന്ധിപ്പിച്ച് അത് കന്യാകുമാരിയിൽ എത്തിക്കുക എന്ന രീതിയിലാണ് അന്ന് പദ്ധതി തയ്യാറാക്കിയത്.
കന്യാകുമാരിയിൽ തിരുവനന്തപുരം നെടുമങ്ങാട് ആര്യങ്കാവ് ചെങ്കോട്ട മലയോര റെയിൽപാത സ്ഥാപിക്കണമെന്നാണ് കമ്മിഷന്റെ ശുപാർശ. ഇത് റെയിൽവേ ശരി വെക്കുകയും അതിനായി നടപടികൾ തുടങ്ങാൻ നിർദ്ദേശവും അന്ന് എന്നാൽ തുടക്കത്തിലെ വേഗത പിന്നീട് കുറയുകയും അത് നിലച്ച മട്ടിലായിരിക്കുകയും ചെയ്തു. ഈ പാത യാഥാർഥ്യമാകുന്നതോടെ നാഗർകോവിൽ തെങ്കാശി യാത്രക്കാർക്ക് സമയ ദൂര പരിധി നേർ പകുതിയാകുമെന്നും അന്തർ സംസ്ഥാന ചരക്കുനീക്കം കൂടുതൽ കാര്യക്ഷമമാകുമെന്നും പഴയ ശുപാർശയിൽ പറയുന്നു.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം യാഥാർഥ്യമാകുന്നതോടെ തിരുവനന്തപുരത്തിന്റെ മുഖഛായ മാറും. തിരുവനന്തപുരം ആര്യങ്കാവ് റയിൽ പദ്ധതി യാഥാർത്യമാകുമ്പോൾ കമ്പോള വിപണിയിൽ കൂടുതൽ മാറ്റങ്ങൾ കൊണ്ടുവരുവാൻ സാധിക്കും. മാത്രമല്ല മറ്റുമേഖലകളും ഇതോടൊപ്പം വളരും. കേരളത്തിൽ നിന്ന് തമിഴ്‌നാട്ടിലേക്കുള്ള യാത്രാസൗകര്യം കൂടുതൽ മെച്ചപ്പെടും.
ഈ പദ്ധതി നടപ്പിലാകുന്നതോടെ മലയോര വികസനം ത്വരിതപ്പെടുമെന്നാണ് മലയോര നിവാസികൾ കരുത്തുന്നത് . അരുവിക്കര, പേപ്പാറ, നെയ്യാർ, വിനോദ സഞ്ചാര കേന്ദ്രങ്ങൾ , വലിയമല ബഹിരാകാശ ഗവേഷണ കേന്ദ്രം, അന്താരാഷ്ട്ര പ്രസിദ്ധമായ പാലോട് ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ, പാലോട് നവോദയ വിദ്യാലയം, പാലോടിന്റെ തന്നെ ദേശീയ എണ്ണപ്പന ഗവേഷണ കേന്ദ്രം, തെന്മല ഇക്കോ ടൂറിസം സെന്റർ, മീന്മുട്ടി ഇക്കോ ടൂറിസം സെന്റർ, അന്തർ സംസ്ഥാന പ്രസിദ്ധമായ കുളത്തുപ്പുഴ ധർമ്മശാസ്താ ക്ഷേത്രം, ചന്ദനക്കാവ് പള്ളി എന്നിവിടങ്ങളിലേക്ക് തമിഴ്‌നാട്ടിൽ നിന്ന് തിരുവനന്തപുരത്തേക്ക് തിരിച്ചും എളുപ്പത്തിൽ എത്തിച്ചേരുവാനും മലയോര റയിൽവേ പാത ഉപകരിക്കുമെന്നുള്ളതും നാട്ടുകാർ ചൂണ്ടികാട്ടുന്നു.
മറുനാടന് മലയാളി ബ്യൂറോ