- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശ്രീക്കുട്ടിയെ നടുവിന് ചവിട്ടി പുറത്തേക്ക് തള്ളിയപ്പോള്‍ അര്‍ച്ചനയുടെ നിലവിളി കേട്ട് ഓടിയെത്തിയത് ചുവപ്പ് വസ്ത്രം ധരിച്ച ആള്; ജീവന്‍ പോലും പണയംവച്ച് ഒറ്റക്കൈ കൊണ്ട് ട്രെയിനിലേക്ക് യുവതിയെ തിരികെ കയറ്റി; പ്രതി സുരേഷ് കുമാറിനെ കീഴ്‌പ്പെടുത്തിയതും ഇയാള്‍ തന്നെ; ധീരനെ തേടി ചിത്രം പുറത്ത് വിട്ട് റെയില്‍വെ പൊലീസ്
ധീരനെ തേടി ചിത്രം പുറത്ത് വിട്ട് റെയില്‍വെ പൊലീസ്
വര്‍ക്കല: വര്‍ക്കലയില്‍ ശ്രീക്കുട്ടി എന്ന പെണ്‍കുട്ടിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട ഞെട്ടിക്കുന്ന സംഭവത്തില്‍, പ്രതിയെ കീഴ്‌പ്പെടുത്തിയ വ്യക്തിയെ കണ്ടെത്താന്‍ റെയില്‍വെ പൊലീസ് ഊര്‍ജിതമായ അന്വേഷണം ആരംഭിച്ചു. ഇയാളുടെ ചിത്രം പുറത്തുവിട്ടു. പ്രതിയായ സുരേഷിനെ പിടികൂടിയതും പോലീസില്‍ ഏല്‍പ്പിച്ചതും ഈ വ്യക്തിയാണെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ട്രെയിനിലെ സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞ രക്ഷകന്റെ ചിത്രം പുറത്തുവിട്ടാണ് പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുന്നത്. ഇയാളെ കണ്ടെത്തി ആദരിക്കാനും പാരിതോഷികം നല്‍കാനും റെയില്‍വേ ഒരുങ്ങുകയാണ്.
കഴിഞ്ഞ ദിവസം റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് (RPF) ശേഖരിച്ച് അന്വേഷണ സംഘത്തിന് കൈമാറിയ ബോഗിയിലെ സിസിടിവി ദൃശ്യങ്ങളിലാണ് ഈ ധീരതയുടെ നിമിഷങ്ങള്‍ പതിഞ്ഞത്. പ്രതിയായ സുരേഷ് രണ്ടാമത്തെ പെണ്‍കുട്ടിയെയും ആക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍, ചുവപ്പ് വസ്ത്രം ധരിച്ചെത്തിയ ഒരാള്‍ ഓടിയെത്തി, തന്റെ ജീവന്‍ പണയപ്പെടുത്തി പെണ്‍കുട്ടിയെ ട്രെയിനിലേക്ക് തിരികെ കയറ്റുകയും അക്രമിയെ കീഴടക്കുകയുമായിരുന്നു. ഇയാളെ ഇതുവരെ കണ്ടെത്താനായിട്ടില്ല.
ശ്രീക്കുട്ടിയുടെ സുഹൃത്തായ അര്‍ച്ചനയെയും പ്രതി ട്രെയിനില്‍ നിന്ന് തള്ളിയിടാന്‍ ശ്രമിച്ചിരുന്നു. അന്ന് ഈ വ്യക്തിയാണ് തന്നെ രക്ഷിച്ചതെന്ന് അര്‍ച്ചന പറഞ്ഞിരുന്നു. പ്രതിയെ കീഴ്‌പ്പെടുത്തിയതും ഇദ്ദേഹമാണെന്ന് പോലീസ് നിഗമനത്തിലെത്തിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍, പ്രതിയെ കീഴ്‌പ്പെടുത്തിയ വ്യക്തിയുടെ വിവരങ്ങള്‍ കൈമാറുന്നതിനായി പോലീസ് ഒരു നമ്പര്‍ (9846200100) പുറത്തുവിട്ടിട്ടുണ്ട്. ഇയാളുടെ ഫോട്ടോയും പോലീസ് പങ്കുവെച്ചിട്ടുണ്ട്. കേസില്‍ ഇയാളുടെ മൊഴി നിര്‍ണ്ണായകമാകും.
അതേസമയം, പെണ്‍കുട്ടിയെ ട്രെയിനില്‍ നിന്നു ചവിട്ടിത്തള്ളിയിട്ട കേസിലെ പ്രതി പനച്ചമൂട് വടക്കുംകര വീട്ടില്‍ സുരേഷ്‌കുമാറിനെ(50) സാക്ഷികള്‍ക്കു മുന്നിലെത്തിച്ച് തിരിച്ചറിയല്‍ പരേഡ് നടത്താനുള്ള തയ്യാറെടുപ്പിലാണ് അന്വേഷണസംഘം. ജയിലില്‍ വെച്ചാകും പരേഡ് നടത്തുക. ഇതിനുശേഷമേ പ്രതിയെ കസ്റ്റഡിയില്‍ വാങ്ങാന്‍ അപേക്ഷ നല്‍കൂ എന്ന് റെയില്‍വേ പോലീസ് അറിയിച്ചു. ശ്രീക്കുട്ടിക്കൊപ്പം ഉണ്ടായിരുന്ന സുഹൃത്ത് അര്‍ച്ചന ചിത്രങ്ങളും വീഡിയോയും കണ്ട് പ്രതിയെ നേരത്തേ തിരിച്ചറിഞ്ഞിരുന്നു.
തീവണ്ടിക്കുള്ളില്‍ സുരേഷ്‌കുമാറും പെണ്‍കുട്ടികളും തമ്മില്‍ തര്‍ക്കമുണ്ടാകുന്നതും പിന്നീട് ആക്രമണം നടക്കുന്നതും ക്യാമറകളില്‍ പതിഞ്ഞിട്ടുണ്ട്. ഇയാള്‍ തീവണ്ടിക്കുള്ളില്‍ പുകവലിച്ചത് പെണ്‍കുട്ടികള്‍ ചോദ്യം ചെയ്തതാണ് തര്‍ക്കത്തിനും ആക്രമണത്തിനും കാരണമെന്ന് പോലീസ് പറയുന്നു
അതിനിടെ, പെണ്‍കുട്ടികളെ ആക്രമിച്ച പ്രതിയായ സുരേഷിന്റെ ദൃശ്യങ്ങളും പോലീസ് പുറത്തുവിട്ടിട്ടുണ്ട്. കോട്ടയത്തെ ഒരു ബാറില്‍ ഇരുന്ന് മദ്യപിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ലഭ്യമായിട്ടുള്ളത്. മദ്യപാനത്തിനു ശേഷം ട്രെയിനില്‍ കയറിയ പ്രതി, കോട്ടയത്തെ രണ്ട് ബാറുകളില്‍ നിന്നാണ് മദ്യപിച്ചതെന്നാണ് കണ്ടെത്തല്‍.




