- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദവും കോമോറിൻ തീരത്തെ ചക്രവാതച്ചുഴിയും ഭീഷണി; പോരാത്തതിന് ശക്തമായ പടിഞ്ഞാറൻ കാറ്റും; വടക്കൻ കേരളത്തിൽ ഇടി മിന്നലോടെ മഴയ്ക്ക് സാധ്യത; വയനാട് ഒഴികെയുള്ള വടക്കൻ ജില്ലകളിൽ യെല്ലോ അലർട്ട്; അതീവ ജാഗ്രത തുടരും; കടലിൽ ആരും പോകരുത്; മലയോരത്തും കരുതൽ അനിവാര്യം
തിരുവനന്തപുരം: കാലവർഷം മാറുന്നില്ല. കേരളത്തിൽ അടുത്ത നാലു ദിവസം വ്യാപക മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മധ്യ-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടു. അടുത്ത 48 മണിക്കൂറിനുള്ളിൽ ന്യൂനമർദം ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ കനത്ത ജാഗ്രതയിലാണ് കേരളം. മലയോരത്തും മറ്റും ജാഗ്രത കർശനമാകും. ഓണ നാളുകളിൽ വലിയ മഴ പെയ്യാത്തത് ആഘോഷങ്ങളെ ബാധിച്ചിട്ടുമില്ല.
കർണാടകയ്ക്കും സമീപ പ്രദേശങ്ങൾക്കും മുകളിലായി ചക്രവാത ചുഴി നിലനിൽക്കുന്നു. മൺസൂൺ പാത്തി അതിന്റെ സാധാരണ സ്ഥാനത്തുനിന്നും തെക്കോട്ടു മാറി സ്ഥിതി ചെയ്യുകയാണ്. ഇതിന്റെയെല്ലാം ഫലമായാണ് കേരളത്തിൽ മഴ കനക്കാൻ സാധ്യത. തിങ്കളാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. വയനാട് ഒഴികെയുള്ള വടക്കൻ ജില്ലകളിലാണ് യെല്ലോ അലർട്ട്.
അടുത്ത ദിവസങ്ങളിലും മഴ തുടരാനാണ് സാധ്യത. മലയോരമേഖലകളിൽ ജാഗ്രത തുടരണം. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദവും കോമോറിൻ തീരത്തെ ചക്രവാതച്ചുഴിയും, ശക്തമായ പടിഞ്ഞാറൻ കാറ്റുമാണ് മഴ തുടരുന്നതിന് കാരണം. ബംഗാൾ ഉൽക്കടലിലെ ന്യൂനമർദ്ദം നാളെയോടെ കൂടുതൽ ശക്തി പ്രാപിച്ചേക്കും
നാളെ തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ഞായറാഴ്ചയും തിങ്കളാഴ്ചയും വടക്കൻ കേരളത്തിൽ ശക്തമായ മഴ തുടരുമെന്നും കാലാവസ്ഥാ വകുപ്പിന്റെ പ്രവചനത്തിലുണ്ട്. അതേസമയം, പെരുമാതുറയിൽ വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളികൾക്കായി അഞ്ചാം ദിവസവും തെരച്ചിൽ തുടരുകയാണ്. മുങ്ങൽ വിദഗ്ദ്ധരായ മത്സ്യത്തൊഴിലാളികളെ കൂടി ഉൾപ്പെടുത്തിയാണ് ഇന്ന് തെരച്ചിൽ നടത്തുന്നത്. കോസ്റ്റ് ഗാർഡും തീരദേശ പൊലീസും നാട്ടുകാരും ചേർന്നാണ് തെരച്ചിൽ നടത്തുന്നത്.
കനത്ത മഴയ്ക്കൊപ്പം ഇടിമിന്നലും ഉണ്ടാകുമെന്ന റിപ്പോർട്ടിനെ തുടർന്ന് ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്. ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന റിപ്പോർട്ടിനെ തുടർന്ന് ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശങ്ങലും പുറപ്പെടുവിച്ചിട്ടുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം. ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കും. അതുകൊണ്ടുതന്നെ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നൽ ദൃശ്യമല്ല എന്നതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതിൽ നിന്നും വിട്ടുനിൽക്കരുത്.
ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസ്സായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക, വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും വേണം.
ഈ സമയത്ത് ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. ഇടിമിന്നലുള്ള സമയത്ത് ടെലിഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം. എന്നാൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന് കുഴപ്പമില്ല. അന്തരീക്ഷം മേഘാവൃതമാണെങ്കിൽ കുട്ടികൾ തുറസായ സ്ഥലത്തും, ടെറസ്സിലും കളിക്കുന്നത് ഒഴിവാക്കുക.ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്. വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യുകയുമരുത്. ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്ത് തന്നെ ഇരിക്കുക പുറത്തിറങ്ങരുത്.
സൈക്കിൾ, ബൈക്ക്, ട്രാക്ടർ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഇടിമിന്നൽ സമയത്ത് ഒഴിവാക്കുകയും ഇടിമിന്നൽ അവസാനിക്കുന്നത് വരെ സുരക്ഷിതമായ ഒരു കെട്ടിടത്തിൽ അഭയം തേടുകയും ചെയ്യണം എന്നിങ്ങനെ നിരവധി നിർദ്ദേശങ്ങളാണ് പുറപ്പെടുവിച്ചിരിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ