തിരുവനന്തപുരം: തെക്കുകിഴക്കേ ഇന്ത്യയിൽ ശനിയാഴ്ചയോടെ തുലാവർഷം എത്തുമെന്ന് പ്രവചനം. മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നതിന്റെ സ്വാധീനത്താൽ ഞായറാഴ്ച കേരളത്തിൽ വ്യാപക മഴയ്ക്കു സാധ്യത. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട് ജില്ലകളിൽ അന്നു യെലോ അലർട്ട് പ്രഖ്യാപിച്ചു. നാളെ മുതൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മിന്നലിനും മഴയ്ക്കും സാധ്യതയുണ്ട്.

സെപ്റ്റംബർ 30ന് കാലവർഷം അവസാനിച്ചപ്പോൾ സംസ്ഥാനത്ത് ലഭിച്ച മഴയിൽ 14 ശതമാനത്തിന്റെ കുറവുണ്ട്. ജൂണിൽ 52 ശതമാനത്തിന്റെ കുറവാണ് അനുഭവപ്പെട്ടത്. ജൂൺ ഒന്നിന് മാത്രമാണ് അധികമഴ ലഭിച്ചത്. ജൂലൈയിലാകട്ടെ, സാധാരണ ഗതിയിൽ ലഭിക്കേണ്ട മഴ ഏതാണ്ട് പൂർണമായിത്തന്നെ ലഭിച്ചു (653 മില്ലിമീറ്റർ). ആഗസ്തിലും (24 ശതമാനം അധികം) സെപ്റ്റംബറിലും കിട്ടിയ മഴയാണ് (21 ശതമാനം അധികം) കാലവർഷ മഴക്കണക്ക് ശരാശരിയിൽ എത്തിച്ചത്.

കേരളത്തിൽ തുലാവർഷം സാധാരണ ഗതിയിൽ ആരംഭം കുറിക്കേണ്ടത് ഒക്ടോബർ ഇരുപതോടെയാണ്. അന്തരീക്ഷസാഹചര്യങ്ങൾ മാറിയിട്ടുണ്ട്. വൈകിട്ടോടെ ഇരുണ്ടുകൂടുന്ന മഴ മേഘങ്ങളും ഇടിവെട്ടും മിന്നലും തുലാവർഷത്തിന്റെ വരവിനെ സൂചിപ്പിക്കുന്നു. രാജ്യത്തിന്റെ പലഭാഗത്തുനിന്നും കാലവർഷക്കാറ്റുകളുടെ പിൻവാങ്ങൽ വേഗത്തിൽ നടക്കുന്നുണ്ട്. 'ചുഴലിക്കാറ്റുകളുടെ സീസൺ' എന്നും തുലാവർഷക്കാലത്തെ വിളിക്കുന്നു. അതുകൊണ്ട് തന്നെ കൂടുതൽ കരുതൽ എടുക്കേണ്ട സാഹചര്യമുണ്ട്.

തുലമാഴക്കാലത്ത് സൂര്യൻ ദക്ഷിണാർധ ഗോളത്തിലായതിനാൽ അവിടെ ന്യൂനമർദമേഖല വളരെ ശക്തി പ്രാപിച്ചിരിക്കും. ജൂൺമുതൽ സെപ്റ്റംബർവരെ ലഭിക്കുന്ന തെക്കുപടിഞ്ഞാറൻ കാലവർഷത്തിന്റെ വിപരീത പ്രകൃതമുള്ള മഴക്കാലമാണ് തുലാവർഷം. തുലാമഴക്കാലത്ത് സൈബീരിയൻ ഭൂഖണ്ഡത്തിൽനിന്നുള്ള തണുത്ത വരണ്ടകാറ്റുകൾ ഹിമാലയത്തെ പ്രദക്ഷിണം ചെയ്ത് ബംഗാൾ ഉൾക്കടലിനും അറബിക്കടലിനും മുകളിലൂടെ ഇന്ത്യയിലേക്ക് സഞ്ചരിക്കുമ്പോൾ ചൂടുപിടിച്ചുകിടക്കുന്ന സമുദ്രമേഖല ഈ വായുവിനെ ചൂടുപിടിപ്പിച്ച് സാന്ദ്രതകുറച്ച് കൂമ്പാരമേഘങ്ങളുടെ രൂപീകരണത്തിന് സജ്ജമാക്കുന്നു.

ഇനി മുതൽ വൈകിട്ട് ഇടിമഴ പ്രതീക്ഷിക്കാം. ആഗോളതാപനം ഇടിമേഘങ്ങളുടെ ശക്തി പതിന്മടങ്ങാക്കിയിരിക്കുന്നു. അതിനാൽ ആപൽക്കാരികളായ ഇടിമഴകളായിരിക്കും ഇനിവരുന്ന തുലാവർഷക്കാലങ്ങളുടെ പ്രത്യേകത. മേഘവിസ്‌ഫോടനങ്ങൾക്കും സാധ്യത ഏറെയാണ്. ഇത്തവണ വടക്കുകിഴക്കൻ മൺസൂൺ (തുലാവർഷം) കേരളത്തിൽ സാധാരണയിലും കൂടുതലായിരിക്കുമെന്നു കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

രാജ്യമൊട്ടാകെ സാധാരണയോ അതിൽ കവിഞ്ഞുള്ളതോ ആയ വടക്കുകിഴക്കൻ മൺസൂൺ ഉണ്ടാകാം. സാധാരണ മഴയിൽനിന്നു 20 ശതമാനം വരെ കൂടുതൽ ലഭിക്കാനുള്ള സാധ്യതയാണുള്ളത്. ഒക്ടോബർ മുതൽ ഡിസംബർ വരെയാണ് തുലാവർഷ മഴ കിട്ടുന്നത്. തുലാവർഷ മഴക്കാലത്ത് ലാനിന പ്രതിഭാസം പസഫിക് മേഖലയിൽ സജീവമാകുന്നത് മഴയ്ക്ക് തിരിച്ചടിയാകുമെന്ന് നിരീക്ഷണമുണ്ട്. എന്നാൽ, അത് മഴകുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നില്ല.

ഒന്നോ രണ്ടോ ദിവസംകൊണ്ട് അതിശക്തമായ മഴ കിട്ടുന്നതുകൊണ്ട് മഴക്കുറവുണ്ടായാലും പരിഹരിക്കപ്പെടുമെന്നാണ് ഗവേഷകർ പറയുന്നത്. ഇപ്പോൾ ലഭിക്കുന്ന മഴയുടെ സ്വഭാവംവച്ച് മൺസൂൺ ഏറെക്കുറെ കേരളത്തിന്റെ തീരത്തുനിന്ന് പിൻവാങ്ങിയെന്നാണ് നിഗമനം. നിലവിൽ മൺസൂൺ വടക്കേന്ത്യയിലാണ് കൂടുതലായി പെയ്യുന്നത്.