തിരുവനന്തപുരം: കേരളത്തിൽ തുലാവർഷമെത്തി. ഞായറാഴ്ചമുതൽ നവംബർ രണ്ടുവരെ വ്യാപകമഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചന. ഞായറാഴ്ച കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട് ജില്ലകളിൽ മഞ്ഞ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. തിങ്കളാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും മഞ്ഞ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. നവംബർ ഒന്നിന് തിരുവനന്തപുരം മുതൽ എറണാകുളംവരെയുള്ള ഏഴുജില്ലകളിലും രണ്ടിന് ഈ ജില്ലകൾക്കുപുറമേ മലപ്പുറത്തും ഒറ്റപ്പെട്ട കനത്തമഴ പെയ്‌തേക്കും.

ശക്തി കുറഞ്ഞാരംഭിക്കുന്ന തുലാവർഷം നവംബർ ആദ്യ വാരത്തോടെ ശക്തിപ്രാപിക്കും. 31ന് ബംഗാൾ ഉൾക്കടലിൽ പുതിയൊരു ചക്രവാത ചുഴി രൂപപ്പെടും. ഇത് സംസ്ഥാനത്ത് മഴ കൂട്ടുമെന്നും വിലയിരുത്തുന്നുണ്ട്. ഡിസംബർ വരെ സംസ്ഥാനത്ത് തുലാവർഷ മഴയുണ്ടാകും. തമിഴ്‌നാട്, പുതുച്ചേരി, ആന്ധ്ര തീരത്ത് തുലാവർഷമെത്തിയതായാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്. വരുംദിവസങ്ങളിൽ കേരളത്തിൽ മിന്നലോടെ മഴപെയ്യും. മലയോരമേഖലയിൽ ജാഗ്രതവേണം. തെക്കൻജില്ലകളിലാണ് കൂടുതലും മഴ. 23നാണ് ഇടവപ്പാതി പൂർണമായും പിൻവാങ്ങിയത്. കർണാടക, -ലക്ഷദ്വീപ് തീരത്ത് മീൻപിടിത്തത്തിനു തടസ്സമില്ല.

കാലവർഷം അവസാനിച്ചപ്പോൾ സംസ്ഥാനത്ത് ലഭിച്ച മഴയിൽ 14 ശതമാനത്തിന്റെ കുറവുണ്ട്. ശരാശരി മഴകിട്ടിയെന്ന് സാങ്കേതികമായി പറയാം. ജൂണിൽ 52 ശതമാനത്തിന്റെ കുറവാണ് അനുഭവപ്പെട്ടത്. ജൂൺ ഒന്നിന് മാത്രമാണ് അധികമഴ ലഭിച്ചത്. ജൂലൈയിലാകട്ടെ, സാധാരണ ഗതിയിൽ ലഭിക്കേണ്ട മഴ ഏതാണ്ട് പൂർണമായിത്തന്നെ ലഭിച്ചു (653 മില്ലിമീറ്റർ). ആഗസ്തിലും (24 ശതമാനം അധികം) സെപ്റ്റംബറിലും കിട്ടിയ മഴയാണ് (21 ശതമാനം അധികം) കാലവർഷ മഴക്കണക്ക് ശരാശരിയിൽ എത്തിച്ചത്. കേരളത്തിൽ തുലാവർഷം സാധാരണ ഗതിയിൽ ആരംഭം കുറിക്കേണ്ടത് ഒക്ടോബർ ഇരുപതോടെയാണ്. അന്തരീക്ഷസാഹചര്യങ്ങൾ മാറിയിട്ടുണ്ട്. വൈകിട്ടോടെ ഇരുണ്ടുകൂടുന്ന മഴ മേഘങ്ങളും ഇടിവെട്ടും മിന്നലും തുലാവർഷത്തിന്റെ വരവിനെ സൂചിപ്പിക്കുന്നു.

ഉത്തരാർധ ഗോളത്തിലെ സൈബീരിയൻ അതിമർദമേഖലയിൽനിന്ന് പുറപ്പെട്ട് ദക്ഷിണാർധ ഗോളത്തിലെ ഉഷ്ണമേഖലാ ന്യൂനമർദ പ്രദേശങ്ങളിലേക്ക് വന്നുചേരുന്ന കാലവർഷക്കാറ്റുകളെയാണ് ഏഷ്യൻ വിന്റർ മൺസൂൺ എന്നുവിളിക്കുന്നത്. ഇതിന്റെ ഭാഗമാണ് കേരളത്തിൽ ലഭിക്കുന്ന വടക്കുകിഴക്കൻ മൺസൂൺ അഥവാ തുലാമഴ എന്ന പ്രതിഭാസം. ഈ സമയം സൂര്യൻ ദക്ഷിണാർധ ഗോളത്തിലായതിനാൽ അവിടെ ന്യൂനമർദമേഖല വളരെ ശക്തി പ്രാപിച്ചിരിക്കും. ജൂൺമുതൽ സെപ്റ്റംബർവരെ ലഭിക്കുന്ന തെക്കുപടിഞ്ഞാറൻ കാലവർഷത്തിന്റെ വിപരീത പ്രകൃതമുള്ള മഴക്കാലമാണ് തുലാവർഷം.

ഇടവപ്പാതിയിൽ സമുദ്രത്തിനു മുകളിലൂടെ തടസ്സങ്ങളൊന്നുമില്ലാത്ത വായൂപ്രവാഹമായതിനാൽ പാളീമേഘങ്ങളാണ് ഉണ്ടാകുന്നത്. അതുകൊണ്ടാണ് മൺസൂണിൽ പരക്കെ മഴ ലഭിക്കുന്നത്. ഈ സമയത്ത് അന്തരീക്ഷത്തിൽ മുഴുവൻ ശക്തമായ പടിഞ്ഞാറൻ കാറ്റുകളുടെ സാന്നിധ്യമുള്ളതിനാൽതന്നെ കൂമ്പാരമേഘങ്ങൾ ഉണ്ടാകില്ല. അതിനാൽ ഇടിയോടുകൂടിയ മഴ ഉണ്ടാകുകയില്ല. തുലാവർഷക്കാലത്ത് സ്ഥിമാറും. നല്ല മഴയും ഇടിയും ഉണ്ടാകും.

എന്നാൽ, തുലാമഴക്കാലത്ത് സൈബീരിയൻ ഭൂഖണ്ഡത്തിൽനിന്നുള്ള തണുത്ത വരണ്ടകാറ്റുകൾ ഹിമാലയത്തെ പ്രദക്ഷിണംചെയ്ത് ബംഗാൾ ഉൾക്കടലിനും അറബിക്കടലിനും മുകളിലൂടെ ഇന്ത്യയിലേക്ക് സഞ്ചരിക്കുമ്പോൾ ചൂടുപിടിച്ചുകിടക്കുന്ന സമുദ്രമേഖല ഈ വായുവിനെ ചൂടുപിടിപ്പിച്ച് സാന്ദ്രതകുറച്ച് കൂമ്പാരമേഘങ്ങളുടെ രൂപീകരണത്തിന് സജ്ജമാക്കുന്നു. ഇത് പ്രളയസാധ്യതയും കൂട്ടുന്നു.