പാലക്കാട്: ബംഗാൾ ഉൾക്കടലിൽ നാലുദിവസം മുൻപ് രൂപംകൊണ്ട ചക്രവാതം കേരളത്തെ സാരമായി ബാധിക്കില്ലെന്നു നിരീക്ഷണം. ചക്രവാതം അടുത്തദിവസം ശക്തമായ ചുഴലിയായി മാറുകയാണെങ്കിലും കേരളത്തിൽ വലിയ പേമാരിയുണ്ടാകില്ല. എന്നാൽ പെട്ടന്നൊരു മാറ്റമുണ്ടായാൽ മഴയുടെ ഗതിയും മാറും. വേനൽമഴ ഏറെ കുറവുള്ള വടക്കൻ ജില്ലകളിലും അടുത്ത ദിവസം മഴ ലഭിക്കുമെന്നാണ് പ്രതീക്ഷ. ചുഴലിയുടെ ശക്തിയിൽ ഒഡീഷ, ഗുജറാത്ത്, മഹാരാഷ്ട്ര ഉൾപ്പെടെ സംസ്ഥാനങ്ങളിൽ കനത്ത മഴ പെയ്‌തേക്കും.

ചുഴലിയുടെ സ്വാധീനത്തിൽ കേരളത്തിൽ അഞ്ചു ദിവസം ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മഴയുണ്ടാകും. ചൊവ്വ, ബുധൻ ദിവസങ്ങളിൽ ശക്തമായ മഴയുണ്ടാകുമെന്നാണ് സൂചന. കാറ്റും മിന്നൽ, ചുഴലിപോലുള്ള പ്രതിഭാസവും ഉണ്ടാകാനുള്ള സാധ്യതയും ഉണ്ട്. ബംഗാൾ ഉൾക്കടലിനും തെക്കൻ ആൻഡമാൻ കടലിനു മുകളിലുമാണ് ചുഴലിക്കു മുൻപുള്ള ന്യൂനമർദ്ദം ശക്തമായിരിക്കുന്നത്. മ്യാന്മറിന്റെ ഭാഗത്തേക്കാണ് നിലവിൽ ചുഴലിയുടെ പാത. അടുത്തദിവസം അത് അതിശക്തമായ ചുഴലിയായി മാറുമെങ്കിലും അധികദിവസം നീണ്ടുനിൽക്കാൻ സാധ്യതയില്ലെന്നാണ് വിലയിരുത്തൽ.

ചുഴലിയുടെ സ്വാധീനത്തിലുണ്ടാകുന്ന മഴയ്ക്കു ശേഷം മഴയില്ലാത്ത ദിവസങ്ങൾക്കുള്ള സാധ്യതയും നിരീക്ഷിക്കുന്നുണ്ട്. കാലവർഷക്കാറ്റിനെ ചുഴലി സ്വാധീനിക്കാനുള്ള സാധ്യതയും ഉണ്ട്. സംസ്ഥാനത്ത് മെയ് 10 വരെ ഇടിയോടുകൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിന്റെ തെക്ക് കിഴക്കൻ മേഖലയിൽ അന്തരീക്ഷച്ചുഴി രൂപപ്പെട്ടു. ഇത് ന്യൂനമർദമായി മാറും. പിന്നീട് ഒമ്പതിന് തീവ്രമായി മാറും. ഇതിന് ശേഷം വീണ്ടും ശക്തി പ്രാപിച്ച് മോക്ക ചുഴലിക്കാറ്റായി മാറി ബംഗാൾ ഉൾക്കടലിന്റെ മധ്യഭാഗത്തേക്ക് സഞ്ചരിക്കുമെന്നും അറിയിപ്പിൽ പറയുന്നു.

ഇന്ന് എറണാകുളം, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. കഴിഞ്ഞ രണ്ട് ദിവസമായി സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ചാറ്റൽ/ഇടത്തരം മഴ ലഭിക്കുന്നുണ്ട്. ഉച്ചയോടെ ആരംഭിക്കുന്ന മഴ പലയിടങ്ങളിലും ഏറെ നേരം നീളും. സംസ്ഥാനത്ത് 40 കിലോമീറ്റർ വരേ വേഗത്തിലുള്ള കാറ്റിനും സാധ്യതയുണ്ട്. ഇതേതുടർന്ന് ഇന്ന് രാത്രിയിൽ 1.2 മീറ്റർ വരെ ഉയരത്തിലുള്ള തിരമാലയ്ക്കാണ് സാധ്യത. അതിനാൽ കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് മാറിത്താമസിക്കണം. ഉപകരണങ്ങൾ സുരക്ഷിതമാക്കണമെന്ന് അധികൃതർ വ്യക്തമാക്കി. കേരള തീരത്ത് ഉയർന്ന തിരമാലയ്ക്ക് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു. എന്നാൽ, കേരള-കർണാടക തീരത്ത് മത്സ്യ ബന്ധനത്തിന് തടസ്സമില്ല.

വേനൽമഴ സീസൺ 30ന് അവസാനിക്കുമെന്നിരിക്കേ, സംസ്ഥാനത്ത് ഇതുവരെ നല്ല മഴ ലഭിച്ചതായാണ് കണക്ക്. വേനൽമഴയിൽ ശരാശരി 8 ശതമാനത്തിന്റെ കുറവാണുള്ളത്. എന്നാൽ, വടക്കൻ ജില്ലകളിൽ മഴ വളരെ കുറവാണെന്നാണ് കണക്ക്. കണ്ണൂരിൽ 88%, കോഴിക്കോട് 80%, കാസർകോട് 82 % ശതമാനവുമാണ് മഴക്കുറവ്.

കോട്ടയം ജില്ലയിൽ ഈ സീസണണിൽ ഇതുവരെ ലഭിക്കേണ്ടതിനെക്കാൾ 33 ശതമാനത്തിലധികം മഴ ലഭിച്ചു. ഇടുക്കിയിൽ 21 ശതമാനമാണ് കൂടുതൽ. വയനാട്, പാലക്കാട് ജില്ലകളിലും സാധാരണ പോലെ മഴ ലഭിച്ചു. വേനൽ മഴ കനിഞ്ഞതോടെ വരണ്ടുണങ്ങിയ വനമേഖല വീണ്ടും പച്ചപ്പണിഞ്ഞു. കാട്ടുതീ ഭീഷണിയിൽനിന്ന് രക്ഷനേടിയതിന്റെ ആശ്വാസത്തിലാണ് വയനാട്ടിലെ വനപാലകരും വനാതിർത്തികളിലുള്ള ജനങ്ങളും. പ്രതീക്ഷിച്ചതിലും കടുത്ത ചൂടായിരുന്നു ഇത്തവണ ജില്ലയിൽ അനുഭവപ്പെട്ടത്. 3035 ഡിഗ്രി വരെ താപനില രേഖപ്പെടുത്തി.

വനത്തിലെ ജലാശയങ്ങളിലേറെയും വറ്റിവരണ്ടു. പുൽമേടുകളും മുളങ്കാടുകളും കരിഞ്ഞുണങ്ങി. ചെറിയൊരു തീപ്പൊരിപോലും ഹെക്ടർ കണക്കിന് വനം കത്താനിടയാവുന്ന സാഹചര്യവുമുണ്ടായി. വനപാലകരും കാട്ടുതീ പേടിയിലായിരുന്നു. ഇതോടെ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി. സൗത്ത് വയനാട് ഡിവിഷൻ, നോർത്ത് വയനാട് ഡിവിഷൻ, വന്യജീവി സങ്കേതം എന്നിവിടങ്ങളിലെല്ലാം മുൻകരുതലുകളെടുത്തു. വാച്ചർമാർ, ഫയർഗ്യാങ്, ഫയർലൈൻ തുടങ്ങിയ സംവിധാനങ്ങൾ കാര്യക്ഷമമാക്കിയതോടെ കാട്ടുതീ തടയാനായി.

ഒറ്റപ്പെട്ട ചില കേന്ദ്രങ്ങളിൽ തീപിടിത്തമുണ്ടായെങ്കിലും കൂടുതൽ മേഖലകളിലേക്ക് വ്യാപിക്കുന്നത് തടയാനായി. മഴ ലഭിച്ചതോടെ വനത്തിലെ നീരൊഴുക്ക് ശക്തമായി.