തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയിൽ വ്യാപക നാശനഷ്ടം. പാലക്കാട് ജില്ലയിൽ 12 വീടുകൾ ഭാഗികമായി തകർന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 12 വീടുകൾക്ക് ഭാഗികമായും ചിറ്റൂർ താലൂക്കിൽ ഒരു വീടിന് പൂർണമായും നാശനഷ്ടം സംഭവിച്ചതായി അധികൃതർ അറിയിച്ചു. അതിശക്തമായ മഴയാണ് പെയ്യുന്നത്. ഡാമുകളെല്ലാം നിറയുകയാണ്. ഇതെല്ലാം തുറക്കേണ്ടി വന്നാൽ 2018ലെ പ്രളയം വീണ്ടും ആവർത്തിക്കാനുള്ള സാധ്യത ഏറെയാണ്.

കോഴിക്കോട് ചാലിയത്ത് നിന്ന് കടലിൽ പോയ മത്സ്യബന്ധന ബോട്ട് കടലിൽ കുടുങ്ങി. ട്രോളിങ് നിരോധനം നിലവിൽ വരുന്നതിനു മുൻപ് പോയ ബോട്ടാണ് കടലിൽ അകപ്പെട്ടത്. ബോട്ടിലെ അഞ്ചുപേരും സുരക്ഷിതരെന്ന് കോസ്റ്റൽ പൊലീസ് അറിയിച്ചു. ഇവരെ തിരിച്ചെത്തിക്കാനുള്ള നടപടികൾ തുടങ്ങിയെന്നും അധികൃതർ അറിയിച്ചു. അതിനിടെ, മലപ്പുറത്ത് മിന്നൽ ചുഴലിയടിച്ചു. മൂന്നു മിനിട്ടോളാം നീണ്ടു നിന്ന അതി ശക്തമായ കാറ്റാണ് വീശിയടിച്ചത്.

മലപ്പുറം കൊണ്ടോട്ടി ഒമാനൂരിലെ കൊടക്കാടാണ് അതി ശക്തമായ കാറ്റ് വീശി അടിച്ചത്. നിരവധി മരങ്ങൾ കടപുഴകി വീണു. 15ലേറെ വീടുകൾക്ക് കേടു പറ്റി. വൈദ്യുതി ബന്ധം പൂർണമായും തകരാറിലായി. ആർക്കും പരിക്കുള്ളതായി റിപ്പോർട്ട് ചെയ്തിട്ടില്ല. മലബാറിൽ മഴക്കെടുതികൾ ശ്ക്തമാണ്.

സ്‌കൂളുകൾക്ക് അവധി

കാലവർഷം അതിതീവ്രമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കാസർകോട്, കണ്ണൂർ, കോഴിക്കോട്, പാലക്കാട്, തൃശ്ശൂർ, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, കൊല്ലം ജില്ലകളിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു. അങ്കണവാടി, ഐ.സി.എസ്.ഇ./സി.ബി.എസ്.ഇ. സ്‌കൂളുകൾ, മദ്രസകൾ എന്നിവയടക്കമുള്ള വിദ്യാഭ്യസ സ്ഥാപനങ്ങൾക്കാണ് അവധി. ആലപ്പുഴയിൽ ശിക്കാര വള്ളങ്ങൾ, മോട്ടോർ ബോട്ടുകൾ, മോട്ടോർ ശിക്കാരകൾ, സ്പീഡ് ബോട്ടികൾ, കയാക്കിങ് ബോട്ടുകൾ എന്നിവയുടെ സർവ്വീസ് നിർത്തി വെക്കാനും ആലപ്പുഴ കളക്ടർ ഉത്തരവിട്ടു.

ഇടുക്കി ജില്ലയിലെ മുഴുവൻ വിദ്യാർത്ഥികളും താമസിച്ചു പഠിക്കുന്ന റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്/കോഴ്‌സുകൾക്ക് അവധി ബാധകമായിരിക്കില്ല. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും, ഇന്റർവ്യൂകൾക്കും മാറ്റമുണ്ടായിരിക്കില്ലെന്നും കളക്ടർ അറിയിച്ചു. മലപ്പുറം ജില്ലയിൽ പൊന്നാനി താലൂക്കിലെ പ്രഫഷണൽ കോളജുകൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വ്യാഴാഴ്ച അവധിയായിരിക്കും. യൂണിവേഴ്‌സിറ്റി പരീക്ഷകൾ, പി എസ് സി പരീക്ഷകൾ എന്നിവ മുൻനിശ്ചയിച്ച പ്രകാരം മാറ്റമില്ലാതെ നടക്കും. അങ്കണവാടികൾക്കും ട്യൂഷൻ സെന്ററുകൾക്കും മദ്രസകൾക്കും അവധി ബാധകമാണ്.

കോഴിക്കോട് ഒഴുക്കിൽ പെട്ട് യുവാവിനെ കാണാതായി. ഏറാമല കൊമ്മിണേരി പാലത്തിൽ നിന്ന് കനാലിലേക്ക് വീണ യുവാവിനെയാണ് കാണാതായത്. പുളിയുള്ള പറമ്പത്ത് ബിജീഷ് ആണ് മീൻ പിടിക്കുന്നതിനിടെ കനാലിൽ വീണത്. പൊലീസും അഗ്‌നിരക്ഷാസേനയും തിരച്ചിൽ നടത്തുന്നു. മഴ കനത്തതോടെ പത്തനംതിട്ട ജില്ലയിൽ 27 ക്യാമ്പുകൾ തുറന്നു. 581 പേരെ മാറ്റി പാർപ്പിച്ചു. കോഴഞ്ചേരി താലൂക്കിൽ രണ്ടു ക്യാമ്പുകളിലായി 22 പേരും മല്ലപ്പള്ളി താലൂക്കിൽ 10 ക്യാമ്പുകളിലായി 194 പേരും തിരുവല്ല താലൂക്കിൽ 15 ക്യാമ്പുകളിലായി 365 പേരും ഉൾപ്പെടെ ആകെ 581 പേരെയാണ് മാറ്റിപാർപ്പിച്ചിട്ടുള്ളത്.

കോഴഞ്ചേരിയിൽ ഏഴും മല്ലപ്പള്ളിയിൽ 51 ഉം തിരുവല്ലയിൽ 113 ഉം കുടുംബങ്ങളാണ് ക്യാമ്പുകളിൽ കഴിയുന്നത്. ജൂലൈ മൂന്നു മുതൽ അഞ്ചുവരെയുള്ള കണക്കുപ്രകാരം 19 വീടുകൾ ഭാഗികമായി തകർന്നിട്ടുണ്ട്. കോഴഞ്ചേരിയിൽ മൂന്നും അടൂരിൽ അഞ്ചും കോന്നിയിൽ ആറും റാന്നിയിൽ രണ്ടും തിരുവല്ലയിൽ മൂന്നും വീടുകൾക്കാണ് ഭാഗികമായി നാശനഷ്ടം സംഭവിച്ചത്.

ആലപ്പുഴ

ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധിയായിരിക്കുമെന്നു കലക്ടർ അറിയിച്ചു. നേരത്തെ കുട്ടനാട് താലൂക്കിനു മാത്രമാണ് അവധി പ്രഖ്യാപിച്ചത്. രാത്രി കാറ്റും മഴയും ശക്തമായതോടെയാണ് തീരുമാനത്തിൽ മാറ്റമുണ്ടായത്. മുൻ നിശ്ചയിച്ച പ്രകാരമുള്ള പരീക്ഷകൾക്കു മാറ്റമില്ല.

കൊല്ലം

അംഗൻവാടികൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു. മുൻ നിശ്ചയിച്ച പൊതു പരീക്ഷകൾക്ക് മാറ്റം ഉണ്ടാകില്ല.

എറണാകുളം

ജില്ലയിലെ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, സ്റ്റേറ്റ്, സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകൾ തുടങ്ങി എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്.

തൃശൂർ

ജില്ലയിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വ്യാഴാഴ്ച (ജൂലൈ 6) കലക്ടർ അവധി പ്രഖ്യാപിച്ചു. പരീക്ഷകൾക്കു മാറ്റമില്ല.

ഇടുക്കി

പ്രഫഷനൽ കോളജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വ്യാഴാഴ്ച അവധി.

പാലക്കാട്

ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ പാലക്കാട് ജില്ലയിൽ പ്രഫഷനൽ കോളജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചതായി ജില്ലാ കലക്ടർ അറിയിച്ചു. അങ്കണവാടികൾക്കും സ്വകാര്യ ട്യൂഷൻ സെന്ററുകൾക്കും അവധി ബാധകമാണ്.

കാസർകോട്

കനത്ത മഴ തുടരുന്നതിനാൽ ജില്ലയിൽ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കലക്ടർ വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു.

കോട്ടയം

അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിലെ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വ്യഴാഴ്ച അവധി പ്രഖ്യാപിച്ച് ഉത്തരവായി. അങ്കണവാടികൾ, ഐസിഎസ്ഇ / സിബിഎസ്ഇ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമാണ്. മുൻ നിശ്ചയിച്ച പൊതുപരീക്ഷകൾക്ക് അവധി ബാധകമല്ല.
ന്മ കോഴിക്കോട്

ജില്ലയിൽ തീവ്ര മഴയുള്ളതിനാലും വ്യാഴാഴ്ചയും ഓറഞ്ച് അലർട്ട് നിലനിൽക്കുന്ന സാഹചര്യത്തിൽ പ്രഫഷനൽ കോളജ് ഉൾപ്പെടയുള്ള ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബുധനാഴ്ച (06-07-2023) അവധി പ്രഖ്യാപിക്കുന്നുവെന്ന് ജില്ലാ കലക്ടർ അറിയിച്ചു. ജില്ലയിലെ അങ്കണവാടികൾക്കും അവധി ബാധകമാണ്. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല.

കണ്ണൂർ

ജില്ലയിൽ കാലവർഷം അതിതീവ്രമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ജില്ലയിലെ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും (അങ്കണവാടി, ഐസിഎസ്ഇ, സിബിഎസ്ഇ സ്‌കൂളുകൾ, മദ്രസകൾ എന്നിവയടക്കം) ജൂലൈ ആറ് വ്യാഴാഴ്ച ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. അവധി മൂലം നഷ്ടപ്പെട്ടന്ന പഠന സമയം ക്രമീകരിക്കുന്നതിനു ബന്ധപ്പെട്ട വിദ്യാഭ്യാസ സ്ഥാപന മേധാവികൾ നടപടികൾ സ്വീകരിക്കേണ്ടതാണെന്നും വിദ്യാർത്ഥികളെ മഴക്കെടുതിയിൽനിന്ന് അകറ്റി നിർത്തുന്നതിനുള്ള നിർദേശങ്ങൾ നൽകേണ്ടതാണും കലക്ടറുടെ അറിയിപ്പിൽ പറയുന്നു. ജൂലൈ ആറിന് നടത്താനിരുന്ന സർവകലാശാല / പിഎസ്‌സി പരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കുന്നതല്ല.

മലപ്പുറം

ജില്ലയിൽ പൊന്നാനി താലൂക്കിലെ പ്രഫഷനൽ കോളജുകൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വ്യാഴാഴ്ച അവധി. സർവകലാശാല, പിഎസ്‌സി പരീക്ഷകൾക്കു മാറ്റമില്ല.