തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത 4 ദിവസം ശക്തമായ മഴയ്ക്കു സാധ്യതയെന്നു കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മഴ അതിശക്തമായ പ്രളയ സമാനമായ സാഹചര്യം ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. അതുകൊണ്ട് കനത്ത ജാഗ്രതയിലാണ് കേരളം. മലയോരത്ത് മഴ കനക്കുമെന്നാണ് പ്രവചനം. അതിനാൽ ഉരുൾപൊട്ടലിനും സാധ്യത ഏറെയാണ്. വടക്കൻ കേരളത്തിലാണ് അതിശക്തമായ മഴ. തെക്കൻ ജില്ലകളിലും മഴ പെയ്യുന്നുണ്ട്. അങ്ങനെ കേരളം മുഴുവൻ മഴയാണ്.

മൂന്ന് ചക്രവാത ചുഴിയുടെ സാന്നിധ്യവും ന്യൂനമർദ്ദവുമാണ് കേരളത്തിൽ വിശേഷിച്ച് വടക്കൻ കേരളത്തിൽ അതിശക്തമഴയുടെ കാരണമാകുന്നത്. നിലവിലെ സാഹചര്യത്തിൽ അടുത്ത അഞ്ച് ദിവസം കൂടി കേരളത്തിൽ ശക്തമായ മഴക്കുള്ള സാധ്യതയാണ് കാലാവസ്ഥ വകുപ്പ് നൽകുന്ന സൂചന. 9 ജില്ലകളിൽ ഇന്നും നാളെയും യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണു മുന്നറിയിപ്പ്. കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും പിഎസ്‌സി പരീക്ഷകൾക്കും മാറ്റമില്ല.

മലയോരത്ത് രാത്രികലാ യാത്രകൾക്ക് അടക്കം നിരോധനം വന്നേക്കും. സ്ഥിതി സർക്കാർ വിലയിരുത്തുന്നുണ്ട്. മധ്യപ്രദേശിനു മുകളിലും തെക്കൻ ഒഡീഷയ്ക്കും മുകളിലുമായി 2 ചക്രവാതച്ചുഴികൾ സ്ഥിതിചെയ്യുന്നുണ്ടെന്നും ബംഗാൾ ഉൾക്കടലിൽ 2 ഇടങ്ങളിലായി ഇന്നു മറ്റൊരു ചക്രവാതച്ചുഴി രൂപപ്പെടാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാവകുപ്പ് അറിയിച്ചു. 27 വരെ ഉയർന്ന തിരമാലയും കടലാക്രമണവും ഉണ്ടാകാൻ സാധ്യത. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽനിന്നു മീൻപിടിത്തത്തിനു പോകാൻ പാടില്ല. മധ്യകേരളത്തിലും വടക്കൻജില്ലകളിലും ഇന്നലെ മഴ ലഭിച്ചു.

അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം

മഞ്ഞ അലർട്ട്

24-07-2023: ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്
25-07-2023: ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്
26-07-2023: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്
27-07-2023: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്
എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നതുകൊണ്ട് അർത്ഥമാക്കുന്നത്.

മത്സ്യത്തൊഴിലാളി ജാഗ്രത നിർദ്ദേശം

കേരള- കർണാടക -ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ജൂലൈ 23 മുതൽ 27 വരെ കേരള- കർണാടക -ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത.

കനത്ത മഴയിൽ ആഴത്തിലുള്ള വെള്ളക്കെട്ടിൽ വീണ് കുഞ്ഞുസഹോദരങ്ങൾക്ക് ജീവൻ നഷ്ടമായതിന്റെ വേദനയിലാണ് കോഴിക്കോട് താമരശ്ശേരിയിലുള്ളവരെല്ലാം. താമരശ്ശേരി കോരങ്ങാട് ന്യൂ ഹോട്ടൽ ജീവനക്കാരൻ വടക്കൊരു അബ്ദുൽ ജലീലിന്റെയും (മുട്ടായി) നാജിറയുടെയും രണ്ടു മക്കളെയും കവർന്നെടുത്ത ദുരന്തത്തിൽ കണ്ണീരണിയുകയാണ് കോരങ്ങാട്. വെള്ളക്കെട്ടിൽ വീണ് മുഹമ്മദ് ഹാദി (13) മുഹമ്മദ് ആഷിർ (7) എന്നീ സഹോദരങ്ങളാണ് മരണപ്പെട്ടത്.

ഞായറാഴ്ച വൈകുന്നേരം മൂന്നു മണിയോടെയാണ് മുഹമ്മദ് ഹാദിയെയും മുഹമ്മദ് ആഷിറിനെയും കാണ്മാനില്ല എന്ന വിവരം നാട്ടിലറിയുന്നത്. വീടിന് സമീപത്ത് ട്യൂഷന് പോയ സഹോദരങ്ങൾ എത്തിയില്ലെന്ന് ട്യുഷൻ ടീച്ചർ അറിയിച്ചതോടെ നാട്ടുകാർ തെരച്ചിൽ ആരംഭിച്ചു. ഏറെ നേരത്തെ തെരച്ചിലിന് ശേഷമാണ് പാറയ്ക്ക് സമീപത്തായുള്ള വെള്ളകെട്ടിന് അടുത്തായി കുട്ടികളുടെ ബാഗും ചെരുപ്പും കണ്ടെത്തുന്നത്. തുടർന്നാണ് വെള്ളക്കെട്ടിൽ നിന്നും കുട്ടികളെ പുറത്തെടുത്ത് ആശുപത്രിയിലേക്ക് കൊണ്ടുപോയത്.

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ഇരുവരുടെയും ജീവൻ രക്ഷിക്കാനായില്ല. മഴ പെയ്ത് വെള്ളം നിറഞ്ഞ ആഴത്തിലുള്ള വലിയ കുഴിയിലാണ് കുട്ടികൾ വീണതും ദുരന്തം സംഭവിച്ചതും. മുഹമ്മദ് ഹാദി താമരശ്ശേരി കോരങ്ങാട് ജി വി എച്ച് എസ് എസിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയും മുഹമ്മദ് ആഷിർ കോരങ്ങാട് ജി എം എൽ പി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയുമായിരുന്നു.