- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ന്യൂനമർദ്ദവും ചക്രവാത ചുഴിയും ആശങ്കയാകുന്നു; അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും തീവ്രന്യൂനമർദ്ദ സാധ്യത; ശക്തമായ കാറ്റും മഴയും തുടരും; തെക്കൻ കേരളത്തിൽ തീവ്ര മഴ തുടരും; അഞ്ചു ജില്ലകളിൽ ഓറഞ്ച് അലർട്ട്; മറ്റിടത്ത് യെല്ലോ അലർട്ടും
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും പ്രളയ സമാന സാഹചര്യം. വരുംദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന മുന്നറിയിപ്പിനെ ഗൗരവത്തോടെയാണ് സർക്കാർ കാണുന്നത്. ഡാമുകളിൽ നീരൊഴുക്ക് ശക്തമാണ്. അഞ്ച് ദിവസം കൂടി മഴ പെയ്താൽ സാഹചര്യം ഗുരുതരമാകും. ശനിയാഴ്ച അഞ്ച് ജില്ലകളിൽ ഓറഞ്ച് അലെർട്ട് പ്രഖ്യാപിച്ചു.
മധ്യ കിഴക്കൻ അറബിക്കടലിൽ കൊങ്കൺ - ഗോവ തീരത്തിന് സമീപം രൂപപ്പെട്ട ശക്തി കൂടിയ ന്യൂനമർദം തീവ്രന്യൂനമർദമായി മാറിയെന്നും രാത്രിയോടെ പഞ്ചിമിനും രത്‌നഗിരിക്കും ഇടയിൽ കരയിൽ പ്രവേശിക്കാൻ സാധ്യതയുണ്ടെന്നുമാണ് വിലയിരുത്തൽ. വടക്ക് പടിഞ്ഞാറ് ബംഗാൾ ഉൾക്കടലിനു മുകളിലായി ശക്തി കൂടിയ ന്യൂനമർദം സ്ഥിതിചെയ്യുന്നു. അടുത്ത 24 മണിക്കൂറിനുള്ളിൽ പടിഞ്ഞാറ് -വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച്- പശ്ചിമ ബംഗാൾ തീരത്തേക്ക് നീങ്ങാൻ സാധ്യതയുണ്ട്. തെക്കു പടിഞ്ഞാറ് ബംഗാൾ ഉൾക്കടലിൽ തമിഴ്‌നാട് തീരത്തിന് സമീപം ചക്രവാതച്ചുഴി നിലനിൽക്കുന്നതായും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം എന്നീ ജില്ലകളിലാണ് കാലാവസ്ഥാവകുപ്പ് ഓറഞ്ച് അലെർട്ട് പ്രഖ്യാപിച്ചത്. ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. മൺസൂൺ അവസാന ഘട്ടത്തിലാണ്. ഈ ഘട്ടത്തിലാണ് അതിശക്തമായ മഴ പെയ്യുന്ന്. ഇത് പതിവുള്ളതല്ല. കേരളത്തിൽ ഉടനീളം ശക്തമായ മഴയാണുള്ളത്. തീര ദേശങ്ങളിൽ കടലാക്രമണവും ശക്തം. ഉരുൾപൊട്ടലിനും സാധ്യത കൂടുതലാണ്.
കോട്ടയം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ ഇന്ന് യെല്ലോ അലെർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥാവകുപ്പ് പ്രഖ്യാപിക്കുന്നത്. ഞായറാഴ്ച ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിലും യെല്ലോ അലെർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികൾ അടുത്ത രണ്ടു ദിവസത്തേക്ക് കടലിൽ പോകരുതെന്ന് നിർദ്ദേശമുണ്ട്. ശക്തമായ തിരമാലയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് തീരപ്രദേശത്തുള്ളവർ ജാഗ്രത പാലിക്കണം.
മഴ തുടരുകയാണെങ്കിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ, താഴ്ന്ന പ്രദേശങ്ങളിലും നഗരങ്ങളിലും വെള്ളക്കെട്ട് എന്നിവയുണ്ടാകാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്.
ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാൽ അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്. അപകടാവസ്ഥ മുന്നിൽ കാണുന്നവർ അധികൃതരുമായി ബന്ധപ്പെട്ട് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി മാറി താമസിക്കണം. മരങ്ങൾ കടപുഴകി വീഴാനുള്ള സാധ്യത പരിഗണിച്ചും ജാഗ്രത പാലിക്കണം.
മറുനാടന് മലയാളി ബ്യൂറോ