- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തെക്കൻ ആൻഡമാൻ കടലിനു മുകളിൽ രൂപപ്പെടുന്ന ചക്രവാതചുഴി നവംബർ 26 ഓടെ ന്യുനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യത; നിലവിൽ ചക്രവാത ചുഴിയുള്ളത് തമിഴ്‌നാടിന്റെ ഉൾനാടൻ പ്രദേശത്ത്; പത്തനംതിട്ടയിൽ റെഡ് അലർട്ട്; തിരുവനന്തപുരത്ത് ഓറഞ്ച് ജാഗ്രത
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തം. കനത്ത മഴയിൽ തെക്കൻ കേരളത്തിൽ വ്യാപക നാശനഷ്ടം. പത്തനംതിട്ടയിലും തിരുവനന്തപുരത്തും മഴക്കെടുതി അതിരൂക്ഷമാണ്. പത്തനംതിട്ടയിൽ റെഡ് അലർട്ടും, തിരുവനന്തപുരം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ വ്യാഴാഴ്ച യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. വെള്ളിയാഴ്ചവരെ കനത്തമഴ തുടരാൻ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. വെള്ളിയാഴ്ച തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, വയനാട് ജില്ലകളിലും മഞ്ഞ മുന്നറിയിപ്പുണ്ട്.
കേരളത്തോടുചേർന്ന തമിഴ്‌നാടിന്റെ ഉൾനാടൻ പ്രദേശത്താണ് ഇപ്പോൾ ചക്രവാതച്ചുഴിയുള്ളത്. ശനിയാഴ്ചയോടെ അന്തമാൻ സമുദ്രത്തിൽ ചക്രവാതച്ചുഴി രൂപംകൊള്ളാൻ സാധ്യതയുണ്ട്. ഇത് ന്യൂനമർദമായി മാറുമെന്നാണ് പ്രവചനം. അങ്ങനെ വന്നാൽ മഴ ഇനിയും ശക്തമായി തുടരും. ഡാമുകൾ നിറയുകയാണ്. ഇത് പ്രളയഭീതിയും കൂടുന്നു. കനത്തമഴയെ തുടർന്ന് പത്തനംതിട്ടയിൽ ശക്തമായ മലവെള്ളപ്പാച്ചിൽ. ചെറുതോടുകളും ഓടുകളും കവിഞ്ഞ് പലയിടത്തും റോഡിലേക്ക് വെള്ളം കയറുകയും ചെയ്തു. ശബരിമല തീർത്ഥാടകരേയും മഴ ബാധിച്ചു. ഡാമുകൾ തുറക്കേണ്ട സ്ഥിതിയും ഉണ്ട്.
കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ മിതമായ/ ഇടത്തരം മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. തമിഴ്‌നാടിന് മുകളിൽ കേരളത്തിന് സമീപമായി ചക്രവാതചുഴി സ്ഥിതി ചെയ്യുന്നതാണ് ഇതിന് കാരണം. നവംബർ 25 ഓടെ തെക്കൻ ആൻഡമാൻ കടലിനു മുകളിൽ രൂപപ്പെടുന്ന ചക്രവാതചുഴി നവംബർ 26 ഓടെ ന്യുനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. തുടർന്ന് പടിഞ്ഞാറു വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ച് നവംബർ 27 ഓടെ തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിനും ആൻഡമാൻ കടലിനും മുകളിൽ തീവ്ര ന്യുനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയെന്നും കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ് നൽകി.
പത്തനംതിട്ട, തിരുവല്ല, കോന്നി മേഖലകളിലാണ് ശക്തമായ മഴ പെയ്തത്. ശബരിമലയിലും മഴ തുടരുകയാണ്. പത്തനംതിട്ടയിൽ സമീപകാലത്ത് ലഭിച്ച ഏറ്റവും ശക്തമായ മഴയാണിത്. നാരങ്ങാനത്ത് വയോധികയെ ഒഴുക്കിൽപ്പെട്ട് കാണാതായി. എഴുപത്തിയഞ്ച് വയസ്സുകാരിയായ സുധയെയാണ് കാണാതായത്. തിരുവനന്തപുരത്തും മഴ കനക്കുകയാണ്. നഗരത്തിൽ മുറിഞ്ഞപാലം കോസ്മോ ആശുപത്രിക്ക് സമീപം തോട് കരകവിഞ്ഞൊഴുകി നിരവധി വീടുകളിൽ വെള്ളം കയറി. പൊന്മുടി. കല്ലാർ, മങ്കയം ഇക്കോ ടൂറിസം കേന്ദ്രങ്ങൾ അടച്ചു. ഗൗരീശപട്ടം പാലം പൂർണമായും മുങ്ങി. തീരദേശമേഖലകളിലും കടലാക്രമണം രൂക്ഷമാണ്.
പാലായ്ക്ക് അടുത്ത് സ്‌കൂളിൽനിന്നു വീട്ടിലേക്കു വരുന്നതിനിടെ 2 വിദ്യാർത്ഥിനികൾ കാൽവഴുതി കൈത്തോട്ടിൽ വീണു; ഒരാളെ രക്ഷപ്പെടുത്തി. മറ്റൊരാളെ കാണാതായി. ഇന്നലെ വൈകിട്ട് 5നു ഭരണങ്ങാനം ചിറ്റാനപ്പാറയ്ക്കു സമീപമാണു സംഭവം. പടിഞ്ഞാറേ പൊരിയത്ത് അലക്‌സിന്റെ (സിബിച്ചൻ) മകൾ ഹെലൻ അലക്‌സിനെ (13) ആണു കാണാതായത്. ഭരണങ്ങാനം എസ്എച്ച് ഗേൾസ് ഹൈസ്‌കൂളിലെ 8-ാം ക്ലാസ് വിദ്യാർത്ഥിനിയാണ്. ഹെലന്റെ ഒപ്പമുണ്ടായിരുന്ന നിവേദ്യയെ രക്ഷപ്പെടുത്തി.
കനത്ത മഴയിൽ റോഡിലേക്കു കവിഞ്ഞൊഴുകിയ തോട്ടിലേക്കാണു കുട്ടികൾ വീണത്. ഹെലനും നിവേദ്യയും ഓട്ടോയിലാണു സ്‌കൂളിൽനിന്നു വന്നിറങ്ങിയത്. നടന്നുപോകുന്നതിനിടെ ചിറ്റാനപ്പാറ - അയ്യമ്പാറ റോഡിൽനിന്ന് ഇരുവരും കുന്നനാംകുഴി കൈത്തോട്ടിലേക്കു വീഴുകയായിരുന്നു. ഇതിലേ കടന്നുപോയ കൊച്ചിടപ്പാടി പൈകട ആതുരാലയത്തിലെ വാൻ ഡ്രൈവർ മൂന്നാനി കളരിയാംമാക്കൽ ബിജു ഇരുവരെയും രക്ഷിക്കാനായി ഓടിയെത്തി. നിവേദ്യയെ രക്ഷപ്പെടുത്തിയെങ്കിലും ഹെലൻ ഒഴുക്കിൽപ്പെട്ടു.
തിരുവനന്തപുരത്ത് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ പൊന്മുടി ഇക്കോ ടൂറിസം കേന്ദ്രം അടച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പൊന്മുടി തുറക്കില്ല. ജില്ലയിൽ ഖനന പ്രവർത്തനങ്ങളും കടലോര-കായലോര-മലയോര യാത്രകൾക്കും നിരോധനമേർപ്പെടുത്തിയിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ