പത്തനംതിട്ട: പതിവു തെറ്റിയില്ല. ഇക്കുറിയും സംസ്ഥാനത്ത് ഏറ്റവുമധികം വേനൽ മഴ ലഭിച്ചത് പത്തനംതിട്ട ജില്ലയിയാണ്. പക്ഷേ, മഴയുടെ അളവിൽ വന്ന കുറവ് ആശങ്കയാണ്.മുൻ വർഷങ്ങളെ അപേക്ഷിച്ച് അളവിൽ വ്യാപക കുറവാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്.

പത്തനംതിട്ടയിൽ ഇതുവരെ 189 മില്ലീമീറ്റർ വേനൽ മഴ ലഭിച്ചു. ഇത് മുൻ വർഷങ്ങളെ അപേക്ഷിച്ച് 45 ശതമാനത്തോളം കുറവാണെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. പത്തനംതിട്ടയ്ക്ക് പുറമെ സാമാന്യം മഴ ലഭിച്ച മറ്റൊരു ജില്ല കോട്ടയമാണ്. ഇവിടെ 163 മില്ലീമീറ്റർ മഴയാണ് ലഭിച്ചത്. അതേ സമയം വടക്കൻ കേരളത്തിൽ 98 ശതമാനം വരെ മഴയുടെ കുറവുണ്ടായതായും കണക്കുകൾ പറയുന്നു. വർഷങ്ങളായി വേനൽ മഴയിൽ പത്തനംതിട്ട ജില്ല തന്നെയാണ് മുന്നിൽ.

മുൻ വർഷങ്ങളിൽ കനത്ത വേനൽ മഴയും വെള്ളപ്പൊക്കവുമൊക്കെ തുടർക്കഥയായിരുന്നെങ്കിലും ഇത്തവണ നാട് വെന്തുരുകുകയാണ്. വേനലിന്റെ രൂക്ഷതയും പത്തനംതിട്ടക്കാർ അനുഭവിച്ചുവരുന്നു. ശരാശരി പകൽ താപനില ജില്ലയിൽ 36-38 ഡിഗ്രിയാണ്. പകലന്തിയോളവും താപനില ഉയർന്നു തന്നെ നിൽക്കുന്നു. അന്തരീക്ഷ താപനില ഉയർന്നതോടെ ഭൂഗർഭജലനിരപ്പും താഴുന്നുണ്ട്. ഇടവപ്പാതിയിൽ അധിക മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ ഇനിയുള്ള പ്രതീക്ഷ. മഴയുടെ കുറവ് കാരണം ചൂടിന്റെ കാഠിന്യം വർദ്ധിക്കുന്നത് പ്രതിസന്ധികൾ സൃഷ്ടിക്കുന്നുണ്ട്. ചിലയിടങ്ങളിൽ ഇടവിട്ട് മഴ ലഭിക്കുന്നത് വൈകുന്നേരങ്ങളിലെ ചൂടിന് നേരിയ ആശ്വാസമാണെങ്കിലും ജലക്ഷാമം ഉൾപ്പടെയുള്ളവയ്ക്ക് പരിഹാരമായിട്ടില്ല.

ഭൂമിയിലേക്ക് ജലം താഴ്ന്നിറങ്ങാൻ പാകത്തിൽ മഴ ലഭിച്ചിട്ടുമില്ല. കാർഷിക മേഖലയ്ക്ക് മാത്രമാണ് ഇത്തരം മഴ നേരിയ ആശ്വാസമായത്. മഴ കുറയുന്നതിന് ആനുപാതികമായി ചൂടിന്റെ കാഠിന്യം വർദ്ധിക്കുന്നത് സൂര്യാഘാതത്തിന് സാദ്ധ്യത ഉണ്ടാക്കുമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പ്രതീക്ഷിക്കുന്ന മഴ കുറഞ്ഞാൽ വീണ്ടും ചൂട് കൂടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ വിലയിരുത്തൽ.

അന്തരീക്ഷ താപം ഒരു പരിധിക്കപ്പുറം ഉയർന്നാൽ മനുഷ്യ ശരീരത്തിലെ താപനിയന്ത്രണ സംവിധാനങ്ങൾ തകരാറിലാകുകയും സൂര്യാതപമേറ്റുള്ള അപകടങ്ങൾക്കും സാദ്ധ്യത കൂടുതലാണ്. ശരീരത്തിലെ താപം പുറത്തേക്ക് കളയുന്നതിന് തടസം നേരിടുമ്പോൾ തലച്ചോറ്, വൃക്ക, ഹൃദയം എന്നീ അവയവങ്ങളുടെ പ്രവർത്തനങ്ങൾ തകരാറിലാകും. ഈ അവസ്ഥയാണ് സൂര്യാഘാതം. നാല് വയസിന് താഴെയുള്ളവരും 65 വയസിന് മുകളിലുള്ളവരും, പനിയുള്ളവർ, ഹൃദ്യോഗമുള്ളവർ, മദ്യം മറ്റ് ലഹരികൾ ഉപയോഗിക്കുന്നവർ എന്നിവരിൽ സൂര്യാഘാതമേൽക്കാനുള്ള സാദ്ധ്യത കൂടുതലാണ്.

നിലവിൽ ജില്ലയിൽ പത്ത് വളർത്തുമൃഗങ്ങൾ ചാവുകയും നിലവധി ആളുകൾക്ക് പൊള്ളൽ ഏൽക്കുകയും ചെയ്തിട്ടുണ്ട്. ഇടവപ്പാതിയിൽ പ്രതീക്ഷിക്കുന്ന മഴ ലഭിച്ചില്ലെങ്കിൽ പ്രതിസന്ധി രൂക്ഷമാകും.