- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കാലവർഷം ശക്തമാകാൻ സാധ്യത
തിരുവനന്തപുരം: തെക്കുപടിഞ്ഞാറൻ കാലവർഷം 19-ന് ആൻഡമാനിൽ എത്തുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. സാധാരണ ആൻഡമാനിൽ എത്തുന്നത് 22-നാണ്. പിന്നാലെ കേരളത്തിൽ കാലവർഷം എത്തും. ഇത്തവണ മഴ കടുക്കുമെന്നാണ് വിലയിരുത്തൽ. കടുത്ത ചൂടും മഴയുടെ ശക്തികൂട്ടാൻ കാരണമാകും. കേരളത്തിൽ ഇപ്പോൾ വേനൽ മഴയും ശക്തമാണ്. അതിനിടെ മണിക്കൂറിൽ 55 കിലോമീറ്റർവരെ വേഗത്തിൽ കാറ്റുവീശാൻ സാധ്യതയുള്ളതിനാൽ തെക്കൻ കേരളതീരത്ത് വ്യാഴാഴ്ച മീൻപിടിത്തത്തിന് ഇറങ്ങരുതെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
19-വരെ ശക്തമായ വനൽ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കേരളതീരത്തിനടുത്ത് ചക്രവാതച്ചുഴിക്ക് സാധ്യതയുള്ളതിനാൽ 19-ന് അതിശക്ത മഴയും പ്രതീക്ഷിക്കുന്നുണ്ട്. 19 കഴിഞ്ഞാലും മഴ തുടരാനാണ് സാധ്യത. പിന്നാലെ എടവപ്പാതിയും എത്തും. ജൂൺ ഒന്നിനാണ് സാധാരണയായി കാലവർഷം കേരളത്തിൽ എത്തേണ്ടത്. വേനൽ മഴ കടുക്കുമ്പോൾ തീരദേശത്താണ് ആശങ്ക കൂടുതൽ. കള്ളക്കടൽ പ്രതിഭാസവും ഇതിന് കാരണമായി മാറുന്നു. തീരങ്ങളിൽ അതീവ ജാഗ്രത പുലർത്തേണ്ടതുണ്ട്.
കാലവർഷം മെയ് 31ഓടെ കേരളത്തിൽ എത്തിച്ചേരാൻ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു. സാധാരണ ജൂൺ 1നാണ് കാലവർഷം തുടങ്ങുക. ഇത്തവണ കാലവർഷം കേരളത്തിൽ ഒരു ദിവസം നേരത്തെ മെയ് 31 ഓടെ( 4 ദിവസം മുൻപോ /വൈകിയോ ) എത്തിച്ചേരാൻ സാധ്യതയെന്നാണ് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിപ്പ്. കഴിഞ്ഞ വർഷം 8 ദിവസം വൈകിയാണ് കാലവർഷം കേരളത്തിൽ എത്തിയത്. നാലു ദിവസം നേരത്തെ എത്തിയാൽ വേനൽ മഴയുടെ തുടർച്ചയായി എല്ലാ അർത്ഥത്തിലും കാലവർഷം മാറും.
ശ്രീലങ്കയ്ക്ക് മുകളിലായി ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. ലക്ഷദ്വീപിലേക്ക് ഒരു ന്യൂനമർദ്ദപാത്തിയും നിലനിൽക്കുന്നുണ്ട്. തെക്കൻ കർണാകടയ്ക്ക് മുകളിൽ വിദർഭയിലേക്ക് മറ്റൊരു ന്യൂനമർദ്ദപാത്തിയും രൂപപ്പെട്ടിട്ടുണ്ട്. ശനിയാഴ്ചയോടെ തെക്കൻ ആൻഡമാൻ കടലിലേക്ക് നിക്കോബാർ ദ്വീപിലേക്കും കാലവർഷം എത്തിച്ചേർന്നേക്കും. ഇത് അതിവേഗം കേരളത്തിലെ മഴയിലും പ്രതിഫലനമുണ്ടാക്കുമെന്നാണ് വിലയിരുത്തൽ.
ശക്തമായ മഴയ്ക്ക് മഞ്ഞ മുന്നറിയിപ്പ്
16: എറണാകുളം ഇടുക്കി, പത്തനംതിട്ട
17: തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം, ഇടുക്കി, പാലക്കാട്, മലപ്പുറം
18: തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം, ആലപ്പുഴ, എറണാകുളം, കോട്ടയം, ഇടുക്കി
19: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, മലപ്പുറം, പാലക്കാട്