തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. വ്യാഴാഴ്ച കൂടി തീവ്രമഴയ്ക്കുസാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. ഏഴുജില്ലകളിൽ ഓറഞ്ച് അലർട്ടമുണ്ട്. മറ്റെല്ലാജില്ലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ മഞ്ഞമുന്നറിയിപ്പാണ്. എന്നാൽ തിരുവനന്തപുരത്ത് അടക്കം നല്ല മഴ പെയ്യുന്നുണ്ട്. താഴ്ന്ന സ്ഥലങ്ങളിൽ എല്ലാം വെള്ളം കയറി. അണക്കെട്ടുകൾ നിറഞ്ഞു കവിയുകയാണ്. കാലവർഷം ഏത് നിമിഷം വേണമെങ്കിലും പ്രതീക്ഷിക്കാം. അതുകൊണ്ടു തന്നെ അതിശക്തമായ ജാഗ്രതയാണ് ഉള്ളത്.

ഇന്നു തീവ്രമഴയ്ക്കു സാധ്യതയുള്ളതിനാൽ എറണാകുളം, തൃശൂർ, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ 7 ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. മറ്റ് 7 ജില്ലകളിൽ യെലോ അലർട്ടാണ്. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, എറണാകുളം, തൃശൂർ, ഇടുക്കി എന്നീ 9 ജില്ലകളിലാണ് യെലോ അലർട്ട്. 3 ദിവസം കൂടി കനത്ത മഴ തുടരുമെന്നാണു കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. മധ്യകേരളത്തിലും വടക്കൻ ജില്ലകളിലും അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.

കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളോട് കടലിൽപോകരുതെന്ന് നിർദ്ദേശം നൽകി. വടക്കൻ കേരളത്തിനു മുകളിലെ ചക്രവാതച്ചുഴി തെക്കൻ തീരത്തേക്കു മാറിയതും ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദവും ശക്തിയായ കാറ്റുമാണ് മഴയിലെ മാറ്റത്തിനു കാരണം. ന്യൂനമർദം 2 ദിവസത്തിനകം തീവ്രമാകും. ഉച്ചയോടെ മിക്ക ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിക്കാനും സാധ്യത ഏറെയാണ്.

കോട്ടയത്ത് മീൻപിടിക്കാൻ പോയി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഓണംതുരുത്ത് മങ്ങാട്ടുകുഴി സ്വദേശ് വിമോദ് കുമാർ (38) ആണ് മരിച്ചത്. ചൂണ്ടിയിടാൻ പോയ യുവാവ് വെള്ളത്തിൽ വീണതായാണ് നിഗമനം. ബുധനാഴ്ച വൈകീട്ട് കാണാതായ വിമോദിന്റെ മൃതദേഹം വ്യാഴാഴ്ച രാവിലെയാണ് കണ്ടെത്തിയത്. കോഴിക്കോട് പന്തീരാങ്കാവ് ദേശീയ പാതയിൽ കോൺക്രീറ്റ് ഭിത്തി തകർന്നുവീണു. മരങ്ങൾ വീടിനുമുകളിലേക്ക് വീണ് വീട് തകർന്ന് ഒരാൾക്കുപരിക്കേറ്റു. കോഴിക്കോട് സായ്കേന്ദ്രത്തിലും വെള്ളം കയറി.

ബുധനാഴ്ച വൈകീട്ട് പെയ്ത മഴയിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മാതൃ- ശിശുസംരക്ഷണകേന്ദ്രത്തിൽ വെള്ളം കയറി. അരനൂറ്റാണ്ടിനിടെ ആദ്യമായാണ് കെട്ടിടത്തിനകത്തേക്ക് വെള്ളം കുത്തിയൊഴുകിവന്നതെന്ന് ജീവനക്കാർ പറഞ്ഞു. മൂന്ന് മോട്ടോർസെറ്റുകൾ എത്തിച്ച് രാത്രിയോടെതന്നെ വെള്ളം പമ്പുചെയ്തുകളഞ്ഞു. തൃശ്ശൂർ അശ്വിനി ആശുപത്രിയിൽ വെള്ളം കയറി മൂന്നുകോടിയോളം രൂപയുടെ നാശനഷ്ടമുണ്ടായതായി ആശുപത്രി അധികൃതർ പറഞ്ഞു. വെള്ളക്കെട്ട് ഒഴിഞ്ഞെങ്കിലും പൂർവസ്ഥിതിയിലാക്കാനുള്ള ശ്രമം തുടരുകയാണ്. തൃശൂരിലെ വിഷയത്തിൽ കളക്ടറും കോർപ്പറേഷനോട് വിശദീകരണം തേടി.

ന്നലെ പെയ്ത കനത്ത മഴയിൽ അപ്രതീക്ഷിതമായി വെള്ളക്കെട്ട് ഉണ്ടായ വിഷയത്തിൽ കോർപ്പറേഷൻ സെക്രട്ടറിയെ വിളിച്ചു വരുത്തി വിശദീകരണം തേടുമെന്ന് ജില്ലാ കളക്ടർ കൃഷ്ണ തേജ പറഞ്ഞു. ഓട വൃത്തിയാക്കുന്നതിന് തെരഞ്ഞെടുപ്പ് തടസ്സമായിരുന്നില്ല. എന്താണ് സംഭവിച്ചതെന്ന് കോർപ്പറേഷൻ സെക്രട്ടറിയോട് വിശദീകരണം തേടും. തൃശൂർ ജില്ലയിൽ 7 വീടുകൾ ഭാഗീകമായി തകർന്നു. മഴ വെള്ളം ഒഴുകിപ്പോകാൻ ആവശ്യമെങ്കിൽ ഏമ്മാക്കൽ ബണ്ട് തുറക്കുമെന്നും കളക്ടർ വ്യക്തമാക്കി. അശ്വിനി ആശുപത്രിയിലെ ഐസിയുവിലടക്കം വെള്ളം കയറാനുണ്ടായ സാഹചര്യം എന്താണെന്നാണ് കളക്ടർ പരിശോധിക്കുന്നത്.

കൊച്ചിയിൽ താഴ്ന പ്രദേശങ്ങളിൽ അതിവേഗം രൂപപ്പെട്ട വെള്ളക്കെട്ട് ഒഴിഞ്ഞുപോകാതായതോടെ ജനങ്ങൾ വലഞ്ഞു. വൈറ്റില, ഇടപ്പള്ളി, എസ്.ആർ.എം. റോഡ്, ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയം ലിങ്ക് റോഡ്, കലൂർ ആസാദ് റോഡ്, പാലാരിവട്ടം, എം.ജി. റോഡ്, കെ.എസ്.ആർ.ടി.സി. സ്റ്റാൻഡ് പരിസരം, കാക്കനാട് ഇൻഫോപാർക്ക് പരിസരം തുടങ്ങിയ ഇടങ്ങളിലും വെള്ളക്കെട്ട് രൂക്ഷമായി. നഗരത്തിലെ കച്ചവടസ്ഥാപനങ്ങളിലും വെള്ളം കയറി.