- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തൃശൂരിൽ കാലവർഷ പ്രതിസന്ധി രൂക്ഷം; കേരളം ജാഗ്രതയിൽ
തൃശൂർ: തൃശൂർ നഗരത്തെ പ്രതിസന്ധിയിലാക്കി പെരുമഴ. ഇന്നു രാവിലെ തുടങ്ങിയ മഴ മണിക്കൂറുകൾ പിന്നിട്ടിട്ടും തുടരുകയാണ്. മേഘവിസ്ഫോടമാണെന്നു സംശയിക്കുന്നു. മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. അതിനിടെ അടുത്ത 3 മണിക്കൂറിൽ തൃശ്ശൂർ ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതോടെ ആശങ്ക കൂടുകയാണ്.
ശക്തമായ മിന്നലിന്റെയും ഇടിയുടെയും അകമ്പടിയോടെയാണ് പേമാരി. വെള്ളക്കെട്ടിൽ നഗര പ്രദേശം സ്തംഭിച്ചു. പലയിടത്തും വീടുകളിലേക്ക് വെള്ളം കയറി. ഗതാഗതക്കുരുക്ക് രൂക്ഷമായതോടെ സ്വകാര്യ ബസുകൾ ഓട്ടം നിർത്തിവച്ചു. ഇതോടെ യാത്രക്കാർ കുടുങ്ങി. റെയിൽവേ ട്രാക്കിലേക്കും വെള്ളം കയറിയിട്ടുണ്ട്. വടക്കേ സ്റ്റാൻഡ്, കൊക്കാലെ, തുടങ്ങി നഗരത്തിലെ താഴ്ന്ന പ്രദേശങ്ങൾ മുങ്ങി . നഗര പ്രാന്ത പ്രദേശങ്ങളായ നടത്തറ, മണ്ണുത്തി പ്രദേശങളിലും രൂക്ഷമായ വെള്ളക്കെട്ട് അനുഭവപ്പെട്ടു. വലിയ പ്രതിസന്ധിയിലാണ് തൃശൂർ. സമീപകാലത്തൊന്നും ഇത്തരത്തിലെ മഴ തൃശൂരിലുണ്ടായിട്ടില്ല.
കാലവർഷത്തിന് മുൻപേ പെയ്ത മഴയിൽ കോടികളുടെ നഷ്ടമാണ് ഉണ്ടായത്. ഏറ്റവും കൂടുതൽ നഷ്ടം തൃശൂർ നഗരത്തിലായിരുന്നു. മഴക്കാലപൂർവ ശുചീകരണം പാളിയത് പ്രളയസമാന സാഹചര്യം സൃഷ്ടിച്ചിരുന്നു. വരുംദിവസങ്ങളിൽ മഴ കനക്കുമെന്നാണ് മുന്നറിയിപ്പ്. കനത്ത ചൂടിൽ ഉരുകുന്നതിനിടെയാണ് വേനൽ മഴ ശക്തമായത്. ഇതിന് പിന്നാലെ കാലവർഷവും വലിയ നാശനഷ്ടമുണ്ടാകുകയാണ്.
ഇന്ന് പെയ്ത മഴയിൽ ശങ്കരയ്യ റോഡ്, മുണ്ടൂപാലം, സ്വരാജ് റൗണ്ട് എന്നിവങ്ങളിൽ വെള്ളംകയറി. ശക്തൻ മാർക്കറ്റിലെ കടകളിലും വെള്ളം കയറി. ശക്തൻ സ്റ്റാൻഡിലും വടക്കേ സ്റ്റാൻഡിലും വെള്ളക്കെട്ട്. രണ്ടു മണിക്കൂർ കൂടി ശക്തമായ മഴയ്ക്ക് സാധ്യതയെന്നും, വേണ്ട ക്രമീകരണങ്ങൾ നടത്തിയിട്ടുണ്ടെന്നും റവന്യൂമന്ത്രി പറഞ്ഞു. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കലക്ടറുടെ മുന്നറിയിപ്പ്.
സംസ്ഥാനത്ത് മറ്റിടങ്ങളിലും മഴ ശക്തമാണ്. കോഴിക്കോട് കക്കയം കല്ലാനോട് ഇരുപത്തിയെട്ടാം മൈലിൽ മണ്ണിടിഞ്ഞു. ജനവാസമേഖലയ്ക്കടുത്ത് കൃഷിയിടത്തിലേക്കാണ് മണ്ണിടിഞ്ഞത്. നിരവധി കവുങ്ങുകൾ നശിച്ചു. ഇന്നലെ രാത്രിയാണ് അപകടം. എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെലോ അലർട്ട് നിലവിലുണ്ട്. ഇടുക്കിയിൽ രാത്രിയിൽ കനത്ത മഴ പെയ്തു. ഇന്നലെ പൂച്ചപ്രയിലുണ്ടായ ഉരുൾപൊട്ടലിൽ വ്യാപക നാശനഷ്ടം ഉണ്ടായി. രണ്ട് വീടുകൾക്ക് കേടുപാടുണ്ടായി. വീട്ടിലുണ്ടായിരുന്നവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്.
ഏക്കർ കണക്കിന് കൃഷി നശിച്ചു. ജലനിരപ്പ് ഉയർന്നതോടെ മലങ്കര ഡാമിന്റെ ഷട്ടറുകൾ തുറന്നു. മൂവാറ്റുപുഴ, തൊടുപുഴ ആറുകളുടെ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട് .പുളിയന്മല കരിപ്പിലങ്ങാട് സംസ്ഥാനപാതയിൽ ഇടിഞ്ഞുവീണ മണ്ണ് ഭാഗികമായി മാറ്റി. മണ്ണിടിച്ചിൽ സാധ്യതയുള്ളതിനാൽ പാതയിൽ യാത്ര നിയന്ത്രണം തുടരുകയാണ്.
ആലുവയിലും കനത്ത മഴയുണ്ട്. പുലർച്ചെ രണ്ട് മണിയോടെ തുടങ്ങിയ മഴ ഇപ്പോഴും തുടരുകയാണ്. ആലുവ പ്രൈവറ്റ് ബസ് സ്റ്റാന്റിന് സമീപത്തുള്ള റോഡിലും കടയിലും വെള്ളം കയറി. കമ്പനിപടിയിൽ നിന്ന് തുരപ്പ് ഭാഗത്തേക്ക് പോകുന്ന റോഡും വെള്ളത്തിലാണ്. എന്നാൽ പെരിയാറിലെ ജലനിരപ്പിൽ കാര്യമായ മാറ്റമില്ല.