- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മൂന്ന് ദിവസം കൂടി മഴ തുടരുമെന്ന് മുന്നറിയിപ്പ്; അതീവ ജാഗ്രതയിൽ കേരളം
തിരുവനന്തപുരം: മധ്യ കേരള തീരം മുതൽ മഹാരാഷ്ട്ര തീരം വരെ സ്ഥിതി ചെയ്യുന്ന ന്യൂന മർദ്ദപാത്തിയുടെ ഫലമായി കേരളത്തിൽ പെയ്യുന്നത് അതിശക്തമായ മഴ. മൂന്ന് ദിവസം കൂടി മഴ തുടരും. ഡാമുകൾ എല്ലാം നിറയുകയാണ്. അതുകൊണ്ട് തന്നെ എല്ലാ നദിയുടെ തീരത്തുള്ളവരും ജാഗ്രത പുലർത്തണം. മലയോരത്തേക്കുള്ള യാത്രകൾക്കും നിയന്ത്രണവുമുണ്ട്. കടൽതീരത്തും ജാഗ്രത പാലിക്കണം.
കേരള തീരത്ത് പടിഞ്ഞാറൻ/ തെക്ക് പടിഞ്ഞാറൻ കാറ്റ് ശക്തമായി തുടരുന്നുണ്ട്. അടുത്ത 3 ദിവസം വരെ അതിശക്തമായതോ അതിതീവ്രമായതോ ആയ മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ വിലയിരുത്തൽ. റഡാർ ഡാറ്റാ പ്രകാരം കേരള തീരത്ത് കാലവർഷക്കാറ്റ് മണിക്കൂറിൽ പരമാവധി 45-55 കിലോമീറ്റർ വരെ വേഗതയിലാണ് വീശുന്നത്. തിരുവനന്തപുരത്ത് അടക്കം അതിശക്തമായ മഴയാണ് പെയ്യുന്നത്. കേരള തീരത്ത് കള്ളക്കടൽ പ്രതിഭാസമുണ്ടാകാനുള്ള സാധ്യതയും മുന്നറിയിപ്പായി എത്തുന്നു.
ഇടുക്കിയിലും പത്തനംതിട്ടയിലും രാത്രിയാത്രയ്ക്ക് നിരോധനം ഏർപ്പെടുത്തി. പത്തനംതിട്ടയിൽ ഇന്നു മുതൽ 30 വരെ എല്ലാ മലയോര മേഖലകളിലേക്കുമുള്ള യാത്രകളും രാത്രി 7.00 മുതൽ രാവിലെ 6.00 വരെയും തൊഴിലുറപ്പ് ജോലികൾ, വിനോദ സഞ്ചാരത്തിനായുള്ള കയാക്കിങ്/കുട്ട വഞ്ചി സവാരി, ബോട്ടിങ്, ട്രക്കിങ് എന്നിവയും നിരോധിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. ക്വാറികളുടെ പ്രവർത്തനവും മലയോരത്തു നിന്നും മണ്ണ് വെട്ടിമാറ്റുക, ആഴത്തിലുള്ള കുഴികൾ നിർമ്മിക്കുക, നിർമ്മാണത്തിനായി ആഴത്തിൽ മണ്ണ് മാറ്റുക എന്നീ പ്രവർത്തനങ്ങളും നിരോധിച്ചിട്ടുണ്ട്. ഇടുക്കി ജില്ലയിലെ രാത്രി യാത്രയ്ക്ക് ഇന്നും നിരോധനം ഉണ്ടാകുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നിരോധനം. ഇന്നലെയും ഇടുക്കിയിൽ രാത്രിയാത്രയ്ക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നു. തിരുവനന്തപുരത്ത് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതിനെത്തുടർന്ന് പൊന്മുടിയിലേക്കുള്ള വിനോദസഞ്ചാരവും നിരോധിച്ചിട്ടുണ്ട്.
മഴക്കെടുതിയും തുടരുകയാണ്. ആലപ്പുഴയിൽ മതിൽ ഇടിഞ്ഞു വീണ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം ഉണ്ടായി. ആറാട്ടുവഴിവാർഡിൽ അന്തേക്ക് പറമ്പ് അലി അക്‌ബർ- ഹസീന ദമ്പതികളുടെ ഏക മകൻ അൽഫയാസ് (14) ആണ് മരിച്ചത്. ലജനത്ത് ഹയർ സെക്കൻഡറി സ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു. ട്യൂഷൻ കഴിഞ്ഞ് വരുന്നതിനിടെ വൈകിട്ട് ഏഴരയോടെയായിരുന്നു അപകടം. വീടിനടുത്ത് എത്തിയപ്പോൾ സമീപത്തെ വീടിന്റെ അപകടാവസ്ഥയിലായിരുന്ന മതിൽ ഇടിഞ്ഞ് അൽഫയാസിന്റെ ദേഹത്തേക്ക് വീഴുകയായിരുന്നു. ഉടൻ തന്നെ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കൊല്ലം കുണ്ടറയിൽ മരങ്ങൾ കടപുഴകി വീണ് ഒട്ടേറെ വീടുകൾ തകർന്നു. നിരവധി വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞ് വൈദ്യുതി വിതരണം തടസ്സപ്പെട്ടു. ഓമശ്ശേരിയിൽ കനത്ത മഴയിൽ കിണർ താഴ്ന്നു. ഇടുക്കി ഏലപ്പാറ ബോണാമിയിൽ മരം കടപുഴകി വീണ് വീട് ഭാഗികമായി തകർന്നു. മലപ്പുറം എടവണ്ണയിൽ മരം കടപുഴകി വീണ് നിലമ്പൂർ റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. മൂന്നാറിൽ മണ്ണിടിച്ചിലിനെ തുടർന്ന് 3 ദുരിതാശ്വാസ ക്യാംപുകൾ തുറന്നു. ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് വിവിധ അണക്കെട്ടുകൾ തുറന്നിട്ടുണ്ട്. മലങ്കര, പാംബ്ല, കല്ലാർകുട്ടി, പെരിങ്ങൽകൂത്ത് ഡാമുകളാണു തുറന്നത്. ജലനിരപ്പ് 2 മീറ്റർ കൂടി ഉയർന്നാൽ പത്തനംതിട്ട മൂഴിയാർ അണക്കെട്ടിലെ ഷട്ടറുകൾ തുറക്കുമെന്ന് അറിയിപ്പുണ്ട്.
ഈ വർഷത്തെ കാലവർഷ സീസണിലെ സംസ്ഥാനത്തെ ഏറ്റവും കൂടിയ മഴയാണ് ഇന്ന് രേഖപ്പെടുത്തിയത്, ശരാശരി 69 .6 മില്ലിമീറ്റർ. കോട്ടയം ജില്ലയിൽ ശരാശരി 103 മില്ലിമീറ്റർ മഴയും വയനാട് (95 .8 മില്ലിമീറ്റർ), കണ്ണൂർ (89 .2 മില്ലിമീറ്റർ) കാസർഗോഡ് (85 ) എറണാകുളം (80 .1 )മഴയും രേഖപ്പെടുത്തി. കോട്ടയം ജില്ലയിലെ കിടങ്ങൂരിൽ 199 ല്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ 24 മണിക്കൂറിൽ ഏറ്റവും കൂടുതൽ മഴ രേഖപ്പെടുത്തിയത്. കോട്ടയം (174) വയനാട് ജില്ലയിലെ പടിഞ്ഞാറത്തറ ഡാം (165 മില്ലിമീറ്റർ) മഴ രേഖപ്പെടുത്തി. കേരളതീരത്തു ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശം നിലനിൽക്കുന്നുണ്ട്. ശക്തമായ കാറ്റും മോശം കാലാവസ്ഥയും പ്രതീക്ഷിക്കുന്നുണ്ട്. ഇന്നും നാളെയും കേരള തീരത്ത് നിന്ന് കടലിൽ പോകാൻ പാടില്ല.
അരുവിക്കര, കല്ലാർകുട്ടി , ലോവർ പെരിയാർ ,പാംബ്ലാ, പെരിങ്ങൽകൂത്ത് എന്നീ ഡാമുകളിൽ നിന്നും മുൻകരുതലിന്റെ ഭാഗമായി നിയന്ത്രിത അളവിൽ ജലം പുറത്തേക്കൊഴുക്കി വിടുന്നുണ്ട്. മറ്റു ഡാമുകളിലെ ജലനിരപ്പ് കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. സംസ്ഥാന - ജില്ലാ എമർജൻസി ഓപ്പറേഷൻസ് സെന്ററുകളും താലൂക്ക് തല കൺട്രോൾ റൂമുകളും 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ട്.