- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അതീവ ജാഗ്രതയിൽ കേരളം; വിനോദ സഞ്ചാരത്തിന് അടക്കം വിലക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരുന്നു. രണ്ടു ദിവസമായി തുടരുന്ന കനത്ത മഴയിൽ വ്യാപക നാശനഷ്ടം ഉണ്ടായി. മലയോരത്ത് മണ്ണിടിച്ചിലും തീരത്ത് കടലാക്രമണവും രൂക്ഷമാണ്. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റും പ്രവചനത്തിലുണ്ട്. അതുകൊണ്ടു തന്നെ മത്സബന്ധനത്തിന് അടക്കം വിലക്കാണുള്ളത്. കോട്ടയത്തും ഇടുക്കിയിലും വയനാട്ടിലും വിനോദ സഞ്ചാരത്തിനും വിലക്കുണ്ട്.
അതിശക്തമായ മഴയ്ക്കുള്ള സാധ്യത മുൻനിർത്തി വയനാട്, കണ്ണൂർ ജില്ലകളിൽ നിന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, കോഴിക്കോട്, മലപ്പുറം, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടും നൽകിയിട്ടുണ്ട്. ആന്ധ്രാ തീരം മുതൽ കേരളതീരം വരെ സ്ഥിതി ചെയ്യുന്ന ന്യൂനമർദ പാത്തിയുടെയും മണിക്കൂറിൽ 65 കിലോമീറ്റർ വരെ വേഗതയിൽ വീശുന്ന കാലവർഷക്കാറ്റിന്റേയും സ്വാധീന ഫലമായാണ് നിലവിലെ മഴ. ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ നിന്ന് മത്സ്യബന്ധനത്തിനും വിലക്ക് ഏർപ്പെടുത്തി.
വീടുകളിലേക്കടക്കം വെള്ളം കയറിയും മരങ്ങൾ വീണും പലയിടത്തും നാശനഷ്ടമുണ്ടായി. കടലാക്രമണവും രൂക്ഷമാണ്. മൂന്നുദിവസംകൂടി ശക്തമായ മഴ തുടരും. ഈ കാലവർഷത്തിലെ ഏറ്റവും ശക്തമായ മഴയാണ് ഇന്നലെ പെയ്തത്. കോട്ടയം കിടങ്ങൂരിലാണ് ഏറ്റവുമധികം മഴ ലഭിച്ചത്.ആലപ്പുഴ ആറാട്ടുവഴിയിൽ മതിലിടിഞ്ഞ് വീണ് അന്തേക്ക് പറമ്പിൽ അലി അക്‌ബറുടെ മകൻ ഒൻപതാം ക്‌ളാസ് വിദ്യാർത്ഥി അൽ ഫയാസ് (14) മരിച്ചു. ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ സമീപത്തെ വീട്ടിലെ മതിലിടിഞ്ഞ് കുട്ടിയുടെ മേൽ വീഴുകയായിരുന്നു.
മന്ത്രി കെ.രാജന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ജില്ലാ കളക്ടർമാരുടെ യോഗം സ്ഥിതിഗതികൾ ചർച്ച ചെയ്തു. ജില്ലകളിൽ സ്വീകരിക്കേണ്ട മുൻകരുതലുകൾ വിലയിരുത്തി. ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, മലപ്പുറം, കൊല്ലം, കോഴിക്കോട്, തൃശൂർ, വയനാട് ജില്ലകളിൽ ദുരന്ത നിവാരണ സേനയെ വിന്യസിച്ചു. അരുവിക്കര, കല്ലാർകുട്ടി, ലോവർ പെരിയാർ, പാംബ്ലാ, പെരിങ്ങൽകൂത്ത് ഡാമുകളിൽ നിന്ന് നിയന്ത്രിത അളവിൽ ജലം പുറത്തേക്കൊഴുക്കി വിടുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.
ശക്തമായ മഴ കണക്കിലെടുത്ത് വയനാട്, പത്തനംതിട്ട, ഇടുക്കി, കോട്ടയം, എറണാകുളം, ആലപ്പുഴ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മഴ തുടരുന്ന സാഹചര്യത്തിൽ മലയോര മേഖലകളിൽ പ്രത്യേക ജാഗ്രത തുടരണമെന്നും നിർദേശമുണ്ട്. മലപ്പുറത്ത് പുഴയിൽ കുളിക്കാനിറങ്ങിയ 15കാരനെ കാണാതായി. വീടിന്റെ മേൽക്കൂര തകർന്ന് വീണ് അമ്പലപ്പുഴയിൽ അമ്മയ്ക്കും നാല് വയസുള്ള കുഞ്ഞിനും പരിക്കേറ്റു.
പലയിടത്തും മണ്ണിടിഞ്ഞും മരം ഒടിഞ്ഞ് വീണും മറ്റും വീടുകൾ തകർന്നു. വാഹനങ്ങൾക്കും കേടുപാടുണ്ടായി. ജല നിരപ്പ് ഉയർന്നതോടെ പൊരിങ്ങൽക്കുത്ത്, കല്ലാർ കുട്ടി, പാംബ്ല, മലങ്കര അണക്കെട്ടുകൾ തുറന്നു. ചാവക്കാടും പൊന്നാനിയിലും കൊച്ചി കണ്ണമാലിയിലും കടലാക്രമണം ഉണ്ടായി.