- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബംഗാൾ ഉൾകടലിൽ ചക്രവാതചുഴി; സംസ്ഥാനത്ത് മഴ സാഹചര്യം മാറുന്നു; നാളെയും മറ്റന്നാളും ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യത; പത്ത് ജില്ലകളിൽ യെല്ലോ അലർട്ട്; നേര്യമംഗലം മുതൽ അടിമാലി വരെ ദേശീയപാതയിൽ മലവെള്ളപ്പാച്ചിൽ; ഗതാഗതം തടസപ്പെട്ടു; സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കാൻ നിർദ്ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ മഴ കനക്കുന്നു. മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ രൂപപ്പെട്ട ചക്രവാതചുഴിയാണ് കേരളത്തിൽ വീണ്ടും മഴ സാഹചര്യം ശക്തമാക്കുന്നത്. ഒക്ടോബർ 18 ഓടെ വടക്കൻ ആൻഡമാൻ കടലിന് മുകളിൽ ചക്രവാതചുഴി രൂപപ്പെടാനും സാധ്യതയുണ്ട്. ഇത് ന്യുന മർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്.
നിലവിലെ സാഹചര്യത്തിൽ കേരളത്തിൽ ഒക്ടോബർ 16 മുതൽ 20 വരെ വ്യാപകമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്. ഇത് പ്രകാരം കേരളത്തിൽ ഇന്ന് 10 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്. ഇന്ന് രാത്രി ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്. ഒക്ടോബർ 17,18 തീയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.
കൊച്ചി - ധനുഷ്‌കോടി ദേശീയപാതയിൽ നേരിയ മംഗലം മുതൽ അടിമാലി വരെയുള്ള പാതയോരങ്ങളിൽ മലവെള്ളപ്പാച്ചിൽ ഗതാഗതം തടസ്സപ്പെട്ടു. ചീയപ്പാറ വെള്ളച്ചാട്ടത്തിൽ കനത്ത മലവെള്ളപ്പാച്ചിലാണ് ദേശീയ പാതയിലേക്കും വെള്ളം കയറി. അപകടകരമായ സാഹചര്യമാണ് ഇവിടെ നിലനിൽക്കുന്നത്.
വൈകുന്നേരം നാല് മണിയോട് കൂടി പ്രദേശത്ത് നേരിയ തോതിലുള്ള മഴ ലഭിച്ചിരുന്നു. പിന്നാലെ നേരിയ മംഗലത്തും, നീണ്ടപാറയിലും മഴ ശക്തമാവുകയായിരുന്നു. ഇതിനിടയിലാണ് അപ്രതീക്ഷിതമായി വെള്ളം ഇരച്ചു കയറാൻ തുടങ്ങിയത്. ഉയർന്ന മേഖലയിൽ ഉരുൾപൊട്ടിയിട്ടുണ്ടോ എന്നാണ് നാട്ടുകാരുടെ സംശയം. വനംവകുപ്പ് ഇതുമായി ബന്ധപ്പെട്ട പരിശോധന ആരംഭിച്ചിരിക്കുകയാണ്.
നിലവിൽ പ്രദേശത്ത് നേരിയ തോതിൽ ഗതാഗത തടസ്സം അനുഭവപ്പെടുന്നുണ്ട്. മൂന്നാറിൽ നിന്നുള്ള സഞ്ചാരികൾ ഇറങ്ങിവരുന്ന സമയത്താണ് അപകടം ഉണ്ടായത്. പ്രദേശത്തെ ജനങ്ങളോട് സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കാൻ ജില്ലാ ഭരണകൂടം നിർദ്ദേശം നൽകി.
പത്ത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. നേരത്തെ എട്ട് ജില്ലകളിലായിരുന്നു ഇന്ന് യെല്ലോ ജാഗ്രതാ നിർദേശമുണ്ടായിരുന്നത്.ഇന്ന് അലർട്ട് നൽകിയ ജില്ലകളിൽ നാളെയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും സംസ്ഥാനത്ത് മഴ തുടർന്നേക്കുമെന്നാണ് വിവരം.
വിവിധ ദിവസങ്ങളിലെ മഴ സാധ്യത
വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നു
16-10-2022: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം.
17-10-2022: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം.
18-10-2022: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്.
19-10-2022: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്.
20-10-2022: ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്.
എന്നീ ജില്ലകളിലാണ് മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. 2022 ഒക്ടോബർ 17, 18 ദിവസങ്ങളിൽ അതിശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. ഇടിമിന്നലോട് കൂടിയ മഴയാണ് പ്രതീക്ഷിക്കേണ്ടത്. തുടർച്ചയായ ദിവസങ്ങളിൽ മഴ മുന്നറിയിപ്പുള്ളതിനാൽ ജാഗ്രത പാലിക്കേണ്ടതാണ്.
കേരള-കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിനു തടസ്സമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ലക്ഷദ്വീപ് തീരത്ത് 16-10-2022 മുതൽ 17-10-2022 വരെ മത്സ്യബന്ധനത്തിനു പോകാൻ പാടുള്ളതല്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ലക്ഷദ്വീപ് തീരത്ത് 16-10-2022 മുതൽ 17-10-2022 വരെ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിലും ചിലവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
പ്രത്യേക ജാഗ്രത നിർദ്ദേശങ്ങൾ
16-10-2022 മുതൽ 17-10-2022 വരെ: കന്യാകുമാരി തീരം, മാലിദ്വീപ് തീരം, അതിനോട് ചേർന്നുള്ള തെക്ക്-കിഴക്കൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിലും ചിലവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. മേൽപ്പറഞ്ഞ പ്രദേശങ്ങളിൽ മുന്നറിയിപ്പുള്ള തീയതികളിൽ മൽസ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.
മറുനാടന് മലയാളി ബ്യൂറോ