- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഏതുസമയത്തും ഏതുരീതിയിലും തീവ്ര മഴയ്ക്കും പ്രളയത്തിനും സാധ്യത; വലിയതോതിൽ തീവ്രമഴമേഘ പടലങ്ങൾ രൂപംകൊള്ളുന്നു; ചക്രവാതച്ചുഴി ന്യൂനമർദനമായി; തിങ്കളാഴ്ചയോടെ ചുഴലിക്കാറ്റായി മാറിയേക്കുമെന്നും മുന്നറിയിപ്പ്; സംസ്ഥാനത്ത് കനത്ത മഴ തുടരും
തിരുവനന്തപുരം: സംസ്ഥാനത്ത് ഒക്ടോബർ 20 മുതൽ 23 വരെ വ്യാപകമായി കനത്ത മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ ശക്തിപ്പെട്ട ന്യൂനമർദ്ദം, അന്തരീക്ഷത്തിൽ പെട്ടെന്നൊരു മാറ്റമുണ്ടായില്ലെങ്കിൽ ചുഴലിയായി മാറാനാണ് സാധ്യത. അറബിക്കടലിൽ മഹാരാഷ്ട്ര തീരത്ത് രൂപപ്പെട്ട ചക്രവാതചുഴി ശ്രീലങ്കയ്ക്കുസമീപം ബംഗാൾ സമുദ്രത്തിലേയ്ക്ക് നീങ്ങുന്നതായാണ് ഇപ്പോഴത്തെ വിലയിരുത്തൽ. രണ്ടും ചേർന്ന് ചുഴലി അതിശക്തമായാൽ കേരളത്തിൽ തീവ്രമഴയുണ്ടായേക്കുമെന്നാണ് വിലയിരുത്തൽ. ചക്രവതച്ചുഴി ന്യുനമർദ്ദമായി മാറിയെന്നും ഇത് തിങ്കളാഴ്ചയോടെ ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കഴിഞ്ഞദിവസം ബെംഗളൂരുവിൽ ഉണ്ടായതുപോലെ, ഏതുസമയത്തും ഏതുരീതിയിലും പ്രളയവും പ്രാദേശികമായി തീവ്ര മഴയ്ക്കും നാശത്തിനും സാധ്യതയുണ്ടെന്നാണ് നിരീക്ഷണം. കുറഞ്ഞസമയത്തിൽ വലിയതോതിൽ കാർമേഘപടലങ്ങൾ രൂപംകൊള്ളുന്ന രീതിയിലേക്ക് കാലാവസ്ഥ മാറിക്കഴിഞ്ഞു എന്നാണ് വിലയിരുത്തൽ. ഇതിന്റെ ഫലമായുള്ള മഴയും കാറ്റും റഡാറിന്റെ പ്രവചനങ്ങൾക്കും അതീതമായേക്കാമെന്നാണ് വിലയിരുത്തൽ. നിലവിലുള്ള സ്ഥിതി തുടർന്നാൽ 22 മുതൽ 24വരെ സംസ്ഥാനത്ത് കനത്തമഴയും അനുബന്ധ പ്രശ്നങ്ങളുമുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വിദഗ്ദ്ധർ നൽകുന്ന മുന്നറിയിപ്പ്.
കഴിഞ്ഞവർഷം കോട്ടയം, ഇടുക്കി ജില്ലകളിലെ ഉയർന്ന പ്രദേശങ്ങളിൽ ഈ കാലയളവിലുണ്ടായ അതിതീവ്ര മഴയിലും മിന്നൽപ്രളയത്തിലും 21 പേരാണ് മരിച്ചത്. ഏതാണ്ട് 70 കോടി രൂപയുടെ നാശനഷ്ടമുണ്ടായി. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം പിന്നീട് ചുഴലിയാവുകയും ഒപ്പം അറബിക്കടലിൽ ചക്രവാതചുഴിയും ശക്തമായതിന്റെ ഫലമായിരുന്നു കഴിഞ്ഞവർഷം ഇക്കാലയളവിൽ ഉണ്ടായ പ്രളയമഴ. കാലവർഷം അവസാനിക്കാനിരിക്കേ അന്ന് അന്തരീക്ഷത്തിലുണ്ടായ മർദ്ദങ്ങൾ അതിന്റെ തീവ്രത വർധിപ്പിച്ചു. ഇതിനിടെ തുലാവർഷക്കാറ്റും എത്തിയിരുന്നു എന്നാൽ കാലവർഷം പിൻവാങ്ങിയതുമില്ല. ഇത്തവണയും ഏതാണ്ട് അതേ സ്ഥിതിലേയ്ക്കുതന്നെ അന്തരീക്ഷം മാറാനുള്ള സാധ്യതയാണ് കാലാവസ്ഥ വിദഗ്ദ്ധർ നിരീക്ഷിക്കുന്നത്.
കൊല്ലം, തിരുവനന്തപുരം ജില്ലകളിലായിരിക്കും അതിന്റെ ആഘാതം കൂടുതലുണ്ടാകാൻ സാധ്യത. അതിനാൽ, കരുതിയിരിക്കാനാണ് ദുരന്തനിവാരണ അഥോറിറ്റിയുടെ മുന്നറിയിപ്പ്. വടക്കൻ ജില്ലകളിലെ മലയോരത്ത് കഴിഞ്ഞ ദിവസങ്ങളിൽ കനത്ത മഴയാണ് ലഭിക്കുന്നത്. ഒന്നരമണിക്കൂർ വരെ ഒരിടത്തു പെയ്യുന്ന കനത്തമഴയിൽ മേൽമണ്ണും വേരുപടലുകളും വരെ താറുമാറാകുന്ന സ്ഥിതിയുണ്ട്. മഴ അടുത്തദിവസങ്ങളിൽ തെക്കൻഭാഗങ്ങളിലേയ്ക്കു മാറിയേക്കും. ഇതിനോട് സാമ്യമുള്ള സ്ഥിതിയാണ് തമിഴ്നാട് അന്തരീക്ഷത്തിലുമുള്ളത്.
മറ്റു ദക്ഷിണസംസ്ഥാനങ്ങളിൽ നിന്ന് കാലവർഷം ഏതാണ്ട് പിൻവാങ്ങിയെങ്കിലും ചുഴലിയും ചക്രവാതവും കാരണം കേരളത്തിൽ അത് വീണ്ടും സജീവമാകാനുള്ള സാധ്യതയും തള്ളാനാകില്ല. തുലാവർഷം അനുഭവപ്പെട്ടു തുടങ്ങിയതായി കേന്ദ്രകാലാവസ്ഥകേന്ദ്രം(ഐഎംഡി) നിരീക്ഷിക്കുന്നുണ്ടെങ്കിലും സ്വകാര്യ കാലാവസ്ഥാ ഏജൻസികളും മറ്റ് ഗവേഷകരും അതിനോട് യോജിക്കുന്നില്ല.
പരമ്പരാഗത വ്യവസ്ഥയനുസരിച്ച് ഒക്ടോബർ ഒന്നുമുതൽ ഡിസംബർ 31 വരെ ലഭിക്കുന്ന മഴ തുലാവർഷത്തിന്റെ അക്കൗണ്ടിലാണ് ഐഎംഡി ചേർക്കുന്നത്. കഴിഞ്ഞവർഷം കാലവർഷവും തുലാവർഷവും ചേർന്നുണ്ടായ സങ്കീർണമായ സ്ഥിതിവിശേഷത്തിൽ അധികൃതർ ആശയക്കുഴപ്പത്തിലായിരുന്നു. ഇത്തവണത്തെ കാലവർഷത്തിൽ കാസർകോടാണ് സാധാരണതോതിൽ മഴ ലഭിച്ചത്. ഏറ്റവും കുറവ് തിരുവനന്തപുരത്തും 30%.
തുലാവർഷക്കാലയളവായി കണക്കാക്കുന്ന ഒക്ടോബർ ഒന്നുമുതൽ ഇതുവരെ ഇടുക്കിയിൽ 25 % തിരുവനന്തപുരത്ത് 36 %, വയനാട് 25 % വും അധികമഴ ലഭിച്ചു. കൂടുതൽ കാസർകോട് 66 %. തൊട്ടടുത്ത് തൃശൂരാണ് 64 %. മാറ്റങ്ങളൊന്നുമുണ്ടായില്ലെങ്കിൽ, ബംഗാൾ ഉൾക്കടലിലെ മർദ്ദം ശക്തമായ ചുഴലിയായാൽ സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും പ്രത്യേകിച്ച്, തെക്കുഭാഗത്തെ സ്ഥിതിമോശമായേക്കുമെന്നാണ് നിരീക്ഷണം. വൻതോതിൽ ഈർപ്പവും അന്തരീക്ഷത്തിലെത്തുമെന്നും വിദഗ്ദ്ധർ പറയുന്നു.
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് റിപ്പോർട്ട്. എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. പത്തനംതിട്ടയിലും എറണാകുളം മുതൽ വയനാട് വരെയുമുള്ള ജില്ലകളിലാണ് യെല്ലോ അലർട്ട്. തുലാവർഷത്തിന് മുന്നോടിയായുള്ള ഇടിയോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ട്. അതേസമയം, കേരള തീരത്ത് ഒക്ടോബർ 20, 21 തിയതികളിലും ലക്ഷദ്വീപ് തീരത്ത് ഒക്ടോബർ 20 മുതൽ 23 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഇടിമിന്നൽജാഗ്രത നിർദ്ദേശങ്ങൾ
ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നൽ ദൃശ്യമല്ല എന്നതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതിൽ നിന്നും വിട്ടുനിൽക്കരുത്.
ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസ്സായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും.
ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക, വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക.
ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക.
ഇടിമിന്നലുള്ള സമയത്ത് ടെലിഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈൽ ഫോൺ ഉപയോഗിക്കുന്നതുകൊണ്ട് കുഴപ്പമില്ല.
കുട്ടികൾ ഉച്ചക്ക് 2 മണി മുതൽ രാത്രി 10 മണി വരെ അന്തരീക്ഷം മേഘാവൃതമാണെങ്കിൽ, തുറസായ സ്ഥലത്തും, ടെറസ്സിലും കളിക്കുന്നത് ഒഴിവാക്കുക.
ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്. വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യുകയുമരുത്.
ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്ത് തന്നെ തുടരുക. കൈകാലുകൾ പുറത്തിടാതിരിക്കുക. വാഹനത്തിനകത്ത് നിങ്ങൾ സുരക്ഷിതരായിരിക്കും. സൈക്കിൾ, ബൈക്ക്, ട്രാക്ടർ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഇടിമിന്നൽ സമയത്ത് ഒഴിവാക്കുകയും ഇടിമിന്നൽ അവസാനിക്കുന്നത് വരെ സുരക്ഷിതമായ ഒരു കെട്ടിടത്തിൽ അഭയം തേടുകയും വേണം.
മഴക്കാറ് കാണുമ്പോൾ തുണികൾ എടുക്കാൻ ടെറസ്സിലേക്കോ, മുറ്റത്തേക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്.
കാറ്റിൽ മറിഞ്ഞു വീഴാൻ സാധ്യതയുള്ള വസ്തുക്കൾ കെട്ടി വെക്കുക.
ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത് ഒഴിവാക്കുക. ടാപ്പുകളിൽ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കുക. പൈപ്പുകളിലൂടെ മിന്നൽ മൂലമുള്ള വൈദ്യുതി സഞ്ചരിച്ചേക്കാം.
ഇടിമിന്നൽ ഉണ്ടാകുമ്പോൾ ജലാശയത്തിൽ മീൻ പിടിക്കാനോ കുളിക്കാനോ ഇറങ്ങുവാൻ പാടില്ല. കാർമേഘങ്ങൾ കണ്ട് തുടങ്ങുമ്പോൾ തന്നെ മൽസ്യബന്ധനം, ബോട്ടിങ് തുടങ്ങിയ കാര്യങ്ങൾ നിർത്തി വെച്ച് ഉടനെ അടുത്തുള്ള കരയിലേക്ക് എത്താൻ ശ്രമിക്കണം. ഇടിമിന്നലുള്ള സമയത്ത് ബോട്ടിന്റെ ഡെക്കിൽ നിൽക്കരുത്. ചൂണ്ടയിടുന്നതും വലയെറിയുന്നതും ഇടിമിന്നലുള്ള സമയത്ത് നിർത്തി വെക്കണം.
പട്ടം പറത്തുന്നത് ഒഴിവാക്കുക.
ഇടിമിന്നലുള്ള സമയത്ത് ടെറസ്സിലോ മറ്റ് ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷ കൊമ്പിലോ ഇരിക്കുന്നത് അപകടകരമാണ്.
വളർത്തു മൃഗങ്ങളെ തുറസായ സ്ഥലത്ത് ഈ സമയത്ത് കെട്ടരുത്. അവയെ അഴിക്കുവാനും സുരക്ഷിതമായി മാറ്റി കെട്ടുവാനും മഴ മേഘം കാണുന്ന സമയത്ത് പോകരുത്. ഇത് നിങ്ങൾക്ക് ഇടിമിന്നലേൽക്കാൻ കാരണമായേക്കാം.
അടുത്തുള്ള കെട്ടിടത്തിലേക്ക് മാറാൻ സാധിക്കാത്ത വിധത്തിൽ തുറസ്സായ സ്ഥലത്താണങ്കിൽ പാദങ്ങൾ ചേർത്തുവച്ച് തല കാൽ മുട്ടുകൾക്ക് ഇടയിൽ ഒതുക്കി പന്തുപോലെ ഉരുണ്ട് ഇരിക്കുക.
ഇടിമിന്നലിൽനിന്ന് സുരക്ഷിതമാക്കാൻ കെട്ടിടങ്ങൾക്കു മുകളിൽ മിന്നൽ ചാലകം സ്ഥാപിക്കാം. വൈദ്യുതോപകരണങ്ങളുടെ സുരക്ഷക്കായി സർജ്ജ് പ്രോട്ടക്ടർ ഘടിപ്പിക്കാം.
മിന്നലിന്റെ ആഘാതത്താൽ പൊള്ളൽ ഏൽക്കുകയോ കാഴ്ച്ചയോ കേൾവിയോ നഷ്ടമാവുകയോ ഹൃദയാഘാതം സംഭവിക്കയോ വരെ ചെയ്യാം. മിന്നലാഘാതം ഏറ്റ ആളിന്റെ ശരീരത്തിൽ വൈദ്യുത പ്രവാഹം ഇല്ല എന്ന് മനസ്സിലാക്കണം. അതിനാൽ മിന്നലേറ്റ ആളിന് പ്രഥമ ശുശ്രൂഷ നൽകുവാൻ മടിക്കരുത്. മിന്നൽ ഏറ്റാൽ ആദ്യ മുപ്പത് സെക്കൻഡ് ജീവൻ രക്ഷിക്കാനുള്ള സുവർണ്ണ നിമിഷങ്ങളാണ്. മിന്നലേറ്റ ആളിന് ഉടൻ വൈദ്യ സഹായം എത്തിക്കുക.
മറുനാടന് മലയാളി ബ്യൂറോ