- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആർട്ടിക്കൾ 310 പ്രകാരം സംസ്ഥാന സർക്കാർ ജീവനക്കാർക്കും ഗവർണ്ണറുടെ പ്രീതി സർവ്വീസ് കാലത്ത് അനിവാര്യം; സർവീസ് റൂൾ ലംഘിച്ച് ഉദ്യോഗസ്ഥർ മാർച്ചിൽ പങ്കെടുത്തത് ഗൗരവത്തോടെ എടുക്കും; സർക്കാരിന് അടിക്കാൻ മറ്റൊരു വടി കിട്ടിയെന്ന നിലപാടിൽ ഗവർണ്ണർ; രണ്ട് അഡീഷണൽ സെക്രട്ടറിമാർ വിവാദത്തിൽ; ബിജെപി പരാതിയായി നൽകിയ ആ ചിത്രങ്ങൾ മറുനാടന്
തിരുവനന്തപുരം: സർവീസ് റൂൾ ലംഘിച്ച് സർക്കാർ ഉദ്യോഗസ്ഥർ രാജ്ഭവൻ മാർച്ചിൽ പങ്കെടുത്തുവെന്ന ബിജെപി നേതാവ് വി.വി. രാജേഷിന്റെ പരാതിയിൽ ഗവർണ്ണറുടെ ഇടപെടൽ. സർക്കാരിനോട് രാജ് ഭവൻ വിശദീകരണം ചോദിച്ചു. പിന്നാലെ മാർച്ചിൽ പങ്കെടുത്തുവെന്ന് ആരോപിക്കുന്ന ഏഴു പേരോട് ചീഫ് സെക്രട്ടറി വിശദീകരണം തേടി. ഈ ഇടപെടലിൽ ജീവനക്കാർ എന്തു മറുപടി നൽകുമെന്നതാകും നിർണ്ണായകം. ഏതായാലും ഈ വിഷയത്തിൽ രാജ്ഭവൻ ശക്തമായ ഇടപെടൽ നടത്തും.
രാജേഷിന്റെ പരാതി ഗവർണ്ണറുടെ ഓഫീസിൽ നിന്നും 19ന് തന്നെ ചീഫ് സെക്രട്ടറിക്ക് കൈമാറിയിരുന്നു. ചിത്രങ്ങളും അതിലുണ്ടായിരുന്നു. ഈ പരാതിയിൽ എന്ത് നടപടി എടുത്തുവെന്ന് ചീഫ് സെക്രട്ടറിയോട് ഗവർണ്ണർ ആരാഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ചീഫ് സെക്രട്ടറി വിശദീകരണം ചോദിച്ചത്. ആർട്ടിക്കൾ 310 പ്രകാരം സംസ്ഥാന സർക്കാർ ജീവനക്കാർക്കും ഗവർണ്ണറുടെ പ്രീതി സർവ്വീസ് കാലത്ത് അനിവാര്യമാണ്. ഈ സാഹചര്യത്തിലാണ് ബിജെപി പരാതിയുമായി എത്തിയത്. പരാതിയെ ഗൗരവത്തോടെ കാണുന്നതിന് തെളിവാണ് ഗവർണ്ണറുടെ ഇടപെടൽ.
സെക്രട്ടറിയേറ്റിലെ രണ്ട് അഡീഷണൽ സെക്രട്ടറിമാരുൾപ്പെടെ പ്രതിഷേധത്തിൽ പങ്കെടുത്തിട്ടുണ്ട്. രണ്ട് സെക്ഷൻ ഓഫീസർമാരും ഗവർണ്ണറുടെ അ്പ്രീതിക്ക് പാത്രമായിട്ടുണ്ട്. വാർത്താ സമ്മേളനത്തിൽ ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ടാണ് ബിജെപി ആരോപണം ഉന്നയിച്ചത്. ആയിരക്കണക്കിന് സർക്കാർ ഉദ്യോഗസ്ഥർ രാജ്ഭവൻ മാർച്ചിൽ പങ്കെടുത്തിട്ടുണ്ട്. ഓഫീസിലെത്തി പഞ്ച് ചെയ്ത ശേഷമാണ് പലരും മാർച്ചിൽ പങ്കെടുത്തത്. മാർച്ചിന്റെ മുന്നൊരുക്കത്തിനായി നന്ദാവനത്തെ പാണക്കാട് മെമോറിയൽ ഹാളിലും കുടപ്പനക്കുന്ന് തീർത്ഥ ഓഡിറ്റോറിയത്തിലുമായി സർക്കാർ ഉദ്യോഗസ്ഥർ യോഗം ചേർന്നിരുന്നു. ഡ്യൂട്ടിയിലുള്ള സമയത്താണ് ഉദ്യോഗസ്ഥർ ഈ യോഗത്തിനെത്തിയതെന്നാണ് ബിജെപി ആരോപണം.
15 ന് രാവിലെ മൂന്ന് സ്വകാര്യ ബസുകളിലായി രണ്ട് തവണ വീതം സെക്രട്ടേറിയേറ്റിൽ നിന്ന് സർക്കാർ ഉദ്യോഗസ്ഥരെ രാജ്ഭവനിലേക്ക് എത്തിക്കുകയായിരുന്നുവെന്നും വി.വി. രാജേഷ് ആരോപിച്ചിരുന്നു. ഗവർണർക്കെതിരെ സർക്കാർ ഉദ്യോഗസ്ഥർ മുദ്രാവാക്യം വിളിക്കുന്നത് നിയമ വ്യവസ്ഥയ്ക്കെതിരാണെന്ന് അദ്ദേഹം ആരോപിച്ചു. വിഷയം നേരത്തെ ഹൈക്കോടതിയുടെ ശ്രദ്ധയിലും ബിജെപി കൊണ്ടു വന്നിരുന്നു. ഈ സാഹചര്യത്തിലാണ് പുറത്തു വന്ന ചിത്രത്തിലുള്ള ഏഴു പേരോട് വിശദീകരണം തേടിയത്.
സർക്കാർ സർവീസിൽ കയറിക്കഴിഞ്ഞാൽ വിരമിക്കുന്നത് വരെ രാഷ്ട്രീയ പാർട്ടികളുടെ പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ പാടില്ലെന്നത് സർവീസ് നിയമങ്ങൾ പാലിച്ച് മുന്നോട്ട് പോവാൻ ആവശ്യമാണ്. ചീഫ് സെക്രട്ടറി നടപടി സ്വീകരിച്ചില്ലെങ്കിൽ അടുത്ത വഴി സ്വീകരിക്കും. ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് പരാതി നൽകിയെന്നും രാജേഷ് പറഞ്ഞിരുന്നു. ഇതിനൊപ്പമാണ് ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാന്റെ ശ്രദ്ധയിലും വിഷയം കൊണ്ടു വന്നത്. ഇതോടെ സർക്കാരിനോട് വിശദീകരണവും തേടി.
സമര ദിനത്തിൽ രാവിലെ 10.30 ന് സെക്രട്ടേറിയറ്റിന് സമീപം മൂന്ന് പ്രൈവറ്റ് ബസുകളെത്തിയാണ് ഇടതുപക്ഷ അനുകൂല ജീവനക്കാരെ രാജ്ഭവനിൽ എത്തിച്ചത്. ഇതിൽ പലരും രാവിലെ തന്നെ സെക്രട്ടേറിയറ്റിലെത്തി 'പഞ്ച്' ചെയ്തശേഷമാണ് പുറത്തു പോയി സമരത്തിൽ പങ്കെടുത്തത്. 'ഹലോ മിസ്റ്റർ ആരിഫ് ഖാൻ, ഓർത്തു കളിച്ചോ സൂക്ഷിച്ചോ' എന്നിങ്ങനെ ഗവർണറെ വെല്ലുവിളിക്കുന്ന മുദ്രാവാക്യങ്ങളാണ് രാജ് ഭവനു മുന്നിൽ സെക്രട്ടേറിയറ്റിലെ ഉന്നത ഉദ്യോഗസ്ഥരടങ്ങുന്ന സർക്കാർ ജീവനക്കാർ മുഴക്കിയത്. ഗുരുതരമായ വീഴ്ചയാണ് ഇവരുടെ ഭാഗത്തു നിന്നും ഉണ്ടായത്.
ഹാജർ രേഖപ്പെടുത്തിയ ശേഷം ഡ്യൂട്ടി സമയത്ത് സമരത്തിൽ പങ്കെടുക്കാൻ പോകുക, ഭരണഘടനാ ചുമതല വഹിക്കുന്ന ഗവർണർക്കെതിരെ ഡ്യൂട്ടി സമയത്ത് പരസ്യമായി പ്രകടനം നടത്തി മുദ്രാവാക്യങ്ങൾ മുഴക്കുക, രാഷ്ട്രീയ പാർട്ടികൾ സംഘടിപ്പിക്കുന്ന പരിപാടികളിൽ പങ്കെടുക്കുകയും, മറ്റുള്ളവരെ പങ്കെടുക്കുവാൻ പ്രേരിപ്പിക്കുകയും ചെയ്യുക എന്നിങ്ങനെ തികച്ചും സർവീസ് ചട്ടങ്ങളുടെ ലംഘനമാണ് ഉദ്യോഗസ്ഥർ നടത്തിയത്.
മറുനാടന് മലയാളി ബ്യൂറോ