- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓണം വാരാഘോഷത്തിന് സർക്കാർ ക്ഷണിക്കാതെ അവഗണിച്ചതൊന്നും ഗവർണർ മനസ്സിൽ സൂക്ഷിക്കുന്നില്ല; ക്രിസ്മസ് വേള പിണക്കം ഇണക്കമാക്കാൻ ആരിഫ് മുഹമ്മദ് ഖാൻ; മുഖ്യമന്ത്രിയെയും മന്ത്രിമാരെയും പങ്കെടുപ്പിച്ച് രാജ്ഭവനിൽ മുറ്റത്ത് പന്തലിട്ട് ക്രിസ്മസ് ആഘോഷം; മുഖ്യമന്ത്രിയെ ഗവർണർ നേരിട്ട് ക്ഷണിക്കും
തിരുവനന്തപുരം: സർക്കാരുമായി ഇടഞ്ഞുനിൽക്കുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ഓണം വാരാഘോഷ സമാപന ഘോഷയാത്രയിലേക്ക് ക്ഷണിക്കാതിരുന്നത് വിവാദമായിരുന്നു. സാധാരണയായി ഗവർണറാണ് ഘോഷയാത്രയിലെ മുഖ്യാതിഥി. കണ്ണൂർ വിസി പുനർനിയമനം അടക്കം 11 ഓർഡിനൻസുകളിൽ ഒപ്പിടാതെ, ഗവർണർ ഉടക്കിട്ട സമയത്തായിരുന്നു ഓണം വാരാഘാഷം വന്നത്. സർക്കാരിന്റെ ഓണം വാരാഘോഷത്തിന്റെ സമാപനത്തിന് തന്നെ ക്ഷണിച്ചില്ലെന്നും അന്വേഷിച്ചപ്പോൾ ഇത്തവണ ആഘോഷപരിപാടിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞെന്നും ഗവർണർ വാർത്താസമ്മേളനത്തിൽ തുറന്നടിച്ചിരുന്നു. ഏതായാലും ഗവർണറുടെ ഓണാഘോഷം അട്ടപ്പാടിയിൽ ആദിവാസികൾക്ക് ഒപ്പമായിരുന്നു. സർക്കാർ തന്നോട് പിണങ്ങിയാലും തനിക്ക് പിണക്കമില്ലെന്നാണ് ആരിഫ് മുഹമ്മദ് ഖാന്റെ പരസ്യ നിലപാട്. അതുകൊണ്ട് രാജ്ഭവന്റെ നേതൃത്വത്തിൽ ഇത്തവണ ക്രിസ്മസ് പൊടിപൊടിക്കാനാണ് തീരുമാനം.
തിരുവനന്തപുരത്തും കൊച്ചിയിലും കോഴിക്കോട്ടും ക്രിസ്മസ് ആഘോഷം നടത്താനാണ് ഗവർണറുടെ തീരുമാനം. മുഖ്യമന്ത്രിയെയും മന്ത്രിമാരെയും മതപുരോഹിതന്മാരെയും സമുദായ നേതാക്കളെയും പങ്കെടുപ്പിച്ചായിരിക്കും ആഘോഷം. 14ന് വൈകിട്ട് നാലിന് രാജ്ഭവനിലാണ് ആദ്യ പരിപാടി. രാജ്ഭവൻ മുറ്റത്ത് പന്തലിട്ട് 150 അതിഥികളെ സ്വീകരിക്കും.
16നു ശേഷം കൊച്ചിയിലും കോഴിക്കോട്ടും ആഘോഷം സംഘടിപ്പിക്കും.രാജ്ഭവനിലെ ആഘോഷത്തിൽ മുഖ്യമന്ത്രി, മന്ത്രിമാർ, സ്പീക്കർ, പ്രതിപക്ഷനേതാവ്, എംപിമാർ, എംഎൽഎമാർ, വിവിധ മതപുരോഹിതന്മാർ, പ്രമുഖ വ്യക്തികൾ എന്നിവരെ ക്ഷണിക്കും. അതിഥികൾക്ക് സമൃദ്ധമായ ഭക്ഷണവും സംഗീതപരിപാടികളുമൊരുക്കും. കേന്ദ്രമന്ത്രിമാരും മറ്റു സംസ്ഥാനങ്ങളിലെ മന്ത്രിമാരുമടക്കം പങ്കെടുത്തേക്കും. എല്ലാ സഭാദ്ധ്യക്ഷന്മാരെയും രാജ്ഭവനിലേക്ക് ക്ഷണിക്കും.
വിളിക്കേണ്ടവരുടെ പട്ടികയും ക്ഷണക്കത്തും രാജ്ഭവനിൽ തയ്യാറാവുകയാണ്. മുഖ്യമന്ത്രിയെ ഗവർണർ നേരിട്ടെത്തി ക്ഷണിച്ചേക്കാനുമിടയുണ്ട്. 16ന് കൊച്ചിയിലേക്കു പോവുന്ന ഗവർണർ അവിടത്തെ പരിപാടികൾക്കുശേഷം കോഴിക്കോട്ടുമെത്തും. ആദ്യമായാണ് ഗവർണർ സംസ്ഥാനത്ത് മൂന്നിടത്തായി ക്രിസ്മസ് ആഘോഷം സംഘടിപ്പിക്കുന്നത്. കഴിഞ്ഞവർഷം രാജ്ഭവനിലെ ക്രിസ്മസ് ആഘോഷത്തിന് ഏതാനും ക്രിസ്ത്യൻ പുരോഹിതരെത്തിയിരുന്നു.രാജ്ഭവനിലെ പരിപാടിയിൽ ഗവർണറും മുഖ്യമന്ത്രിയും സ്പീക്കറും ചേർന്ന് കേക്കുമുറിക്കുന്നതടക്കുള്ള പരിപാടികൾ ആലോചനയിലുണ്ട്.
എന്നാൽ, ഗവർണറോട് മുഖം കറുപ്പിക്കുകയും പരസ്യമായി വിമർശിക്കുകയും ചെയ്ത മുഖ്യമന്ത്രിയും മന്ത്രിമാരും സൽക്കാരത്തിൽ പങ്കെടുക്കുമോയെന്ന കാര്യത്തിൽ സ്ഥിരീകരണമില്ല. നേരത്തേ സർക്കാരുമായുള്ള ഭിന്നതയെത്തുടർന്ന് മന്ത്രിമാർക്കും കുടുംബാംഗങ്ങൾക്കുമായി സ്വാതന്ത്ര്യ ദിനത്തിൽ രാജ്ഭവനിൽ നടത്താറുള്ള സൽക്കാരം (അറ്റ് ഹോം) ഗവർണർ ഉപേക്ഷിച്ചിരുന്നു. ഗവർണറുടെ സെക്രട്ടറിയുടെ ആവശ്യപ്രകാരം സൽക്കാരത്തിനായി സർക്കാർ 15ലക്ഷം അനുവദിച്ച ശേഷമാണ് അത് റദ്ദാക്കിയത്. മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് ഈ തുക നൽകാൻ ഗവർണർ തീരുമാനിക്കുകയായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ