- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മദ്യത്തിന്റെ വിൽപനനികുതി നാല് ശതമാനം വർധിപ്പിക്കുന്നതിന് നടത്തിയത് അതിവേഗ നീക്കം; പരിഭവമില്ലാതെ ഒപ്പിട്ട ഗവർണ്ണറും; ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണ്ണറെ മാറ്റാനുള്ള ബിൽ ഇനിയും രാജ്ഭവനിലേക്ക് എത്തിയില്ല; നിയമ പരിശോധനകൾ തുടരുന്നത് ഒപ്പിടില്ലെന്ന ഭയം മൂലം; ഗവർണ്ണർക്ക് നൽകാനുള്ളത് 17 ബില്ലുകൾ
തിരുവനന്തപുരം: നിയമസഭാ സമ്മേളനം അവസാനിച്ച് ഒരാഴ്ച പിന്നിട്ടിട്ടും സഭ പാസാക്കിയ 17 ബില്ലുകളിൽ 16 എണ്ണവും ഗവർണറുടെ അനുമതിക്കായി രാജ്ഭവനിൽ എത്തിയില്ലെന്നതാണ് വസ്തുത. എന്നാൽ മദ്യത്തിന്റെ വിൽപന നികുതി വർധിപ്പിക്കാനുള്ള ബിൽ മാത്രം ഒപ്പിട്ടു വാങ്ങി. ഖജനാവിലെ പ്രതിസന്ധി കാരണമാണ് ഇത്.
ബാക്കിയുള്ളവ നിയമ വകുപ്പ് പരിശോധിച്ച് രാജ്ഭവനിലേക്ക് അയയ്ക്കണം. സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തു നിന്നു ഗവർണറെ പുറത്താക്കാനുള്ള രണ്ടു ബില്ലുകൾ, നദീതീര സംരക്ഷണവും മണൽ വാരൽ നിയന്ത്രണവും (ഭേദഗതി) ബിൽ, ക്ലിനിക്കൽ സ്ഥാപനങ്ങൾ (റജിസ്‌ട്രേഷനും നിയന്ത്രണവും) ഭേദഗതി ബിൽ, പ്രവാസി ഭാരതീയർ (കേരളീയർ) കമ്മിഷൻ ഭേദഗതി ബിൽ തുടങ്ങി 17 ബില്ലുകൾ ഇത്തവണ നിയമസഭ പാസാക്കിയിരുന്നു. ഒരു ബിൽ സെലക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്കു വിട്ടു. ബാക്കിയുള്ളവ രാജ്ഭവനിലേക്ക് അയക്കുന്നില്ല. ഇതിൽ ചാൻസലർ ബില്ലുകൾ ഒഴികെ ബാക്കിയെല്ലാം ഗവർണ്ണർ ഒപ്പിടും.
ഡൽഹിയിൽ നിന്ന് കോഴിക്കോട്ട് എത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അവിടെ വിവിധ പരിപാടികളിൽ പങ്കെടുത്ത ശേഷം രാവിലെ വീണ്ടും ഡൽഹിയിലേക്ക് പോകും. രണ്ടാം തീയതിയെ അദ്ദേഹം തിരുവനന്തപുരത്ത് എത്തൂ. ഇതിനിടെ ബില്ലുകൾ രാജ്ഭവനിൽ എത്തിയാൽ ഗവർണർക്ക് ഓൺലൈനായി അവ പരിശോധിക്കാൻ സാധിക്കും. അതിനിടെ കോഴിക്കോട്ന്മ സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തു നിന്ന് ഗവർണറെ പുറത്താക്കുന്ന ബിൽ തന്റെ മുൻപിൽ എത്തിയിട്ടില്ലെന്നു ഗവർണർ പ്രതികരിച്ചു.
നിയമാനുസൃതമായ ഏതു ബില്ലും ഒപ്പിടും. അല്ലെങ്കിൽ ഒപ്പിടാനാകില്ല. വിദ്യാഭ്യാസം കൺകറന്റ് ലിസ്റ്റിൽ പെടുന്നതിനാൽ സംസ്ഥാന സർക്കാരിന് ഏകപക്ഷീയമായി നിയമം നിർമ്മിക്കാൻ കഴിയില്ലെന്നും ഗവർണർ പറഞ്ഞു. ബഫർസോൺ സംബന്ധിച്ച പരാതികൾ ലഭിച്ചിട്ടില്ല. കർഷകർ പരാതി നൽകിയാൽ ബന്ധപ്പെട്ടവർക്കു കൈമാറും.
മുഖ്യമന്ത്രിയുടെ ക്രിസ്മസ് വിരുന്നിൽ പങ്കെടുക്കുന്നവർ ആഘോഷിക്കട്ടെ. വിരുന്നിലേക്ക് തന്നെ ക്ഷണിക്കാത്തതിനെക്കുറിച്ചു പ്രതികരിക്കാനില്ല. മാറ്റങ്ങളെ എതിർക്കേണ്ടതില്ല. മാറ്റങ്ങളോടു മുഖം തിരിക്കുന്നതാണ് പ്രയാസങ്ങളുണ്ടാക്കുന്നത്. അടുത്ത വർഷം കൂടുതൽ നല്ല രീതിയിൽ ക്രിസ്മസ് ആഘോഷിക്കാൻ കഴിയട്ടെയെന്നും ഗവർണർ പറഞ്ഞു.
മദ്യത്തിന്റെ വിൽപനനികുതി നാല് ശതമാനം വർധിപ്പിക്കുന്നതിന് കഴിഞ്ഞ നിയമസഭ സമ്മേളനം പാസാക്കിയ ബില്ലിലാണ് ഗവർണർ വെള്ളിയാഴ്ച രാത്രി ഒപ്പിട്ടത്. മദ്യവില ശനിയാഴ്ചമുതൽ വർധിപ്പിച്ചു. പ്രത്യേക നിയമസഭ സമ്മേളനം വിളിച്ച് സർക്കാർ പാസാക്കിയ സർവകലാശാല ചാൻസലർ ബിൽ ഇതുവരെ ഗവർണർക്ക് അയക്കാത്തതിന് നിയമവകുപ്പിന്റെ പരിശോധന പൂർത്തിയാകാനുണ്ടെന്നാണ് വിശദീകരണം. 14 സർവകലാശാലകളുടെയും ചാൻസലർ സ്ഥാനത്തുനിന്ന് ഗവർണറെ മാറ്റാനുള്ളതാണ് ബിൽ.
മറുനാടന് മലയാളി ബ്യൂറോ