- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വരുന്നതു രാജ്ഭവന്റെ ഔദ്യോഗിക ജേര്‍ണലിലാണ് എന്നതുകൊണ്ട് ആ അഭിപ്രായങ്ങളെല്ലാം സര്‍ക്കാര്‍ അതുപോലെ പങ്കിടുന്നു എന്ന് കരുതേണ്ട ആവശ്യമില്ല; 'ഗവര്‍ണ്ണറുടെ അധികാരങ്ങളില്‍' പിണറായിയ്ക്ക് വ്യത്യസ്ത അഭിപ്രായം; കാവിക്കൊടിയേന്തിയ ഭാരതാംബയെ ഒഴിവാക്കി മുഖ്യമന്ത്രിയെ സ്വീകരിച്ച് ഗവര്‍ണ്ണറും; രാജ്ഭവന്‍ ഇനി ഔദ്യോഗിക പ്രസിദ്ധീകരണവും; ആര്‍ട്ടിക്കിള്‍ 200ല്‍ മുഖ്യമന്ത്രി പറഞ്ഞത്
തിരുവനന്തപുരം : രാജ്ഭവനിലെത്തി ചിലത് പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. വിയോജന അഭിപ്രായങ്ങളെ കഴുത്തു ഞെരിച്ചു കൊല്ലാതെ പ്രകടിപ്പിക്കാന്‍ അനുവദിക്കണം എന്ന നിലപാടാണ് കേരള സര്‍ക്കാരിനുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുന്നു. വിയോജനാഭിപ്രായങ്ങളെ, വിരുദ്ധാഭിപ്രായങ്ങളെ അനുവദിക്കുന്ന ഒരു പൊതു ജനാധിപത്യ മണ്ഡലം, നവോത്ഥാന പൈതൃകത്തിന്റെ ഈടുവെയ്പ്പായി ലഭിച്ചിട്ടുണ്ട്. അതു ഭദ്രമായി നിലനിര്‍ത്തുക എന്നതാണ് സര്‍ക്കാരിന്റെ നിലപാട് എന്നതുകൊണ്ടുതന്നെ വിരുദ്ധാഭിപ്രായങ്ങള്‍ സര്‍ക്കാരിനെ അലോസരപ്പെടുത്തുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജ്ഭവന്റെ ഔദ്യോഗിക പ്രസിദ്ധീകരണമായ രാജഹംസ് പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കെഎം ഷാജഹാന്റെ അറസ്റ്റും കോടതിയുടെ വിമര്‍ശനവുമെല്ലാം കേരളാ പോലീസിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതാണ്. അതിനിടെയാണ് വിയോജന അഭിപ്രായങ്ങളെ കഴുത്തു ഞെരിച്ചു കൊല്ലാതെ പ്രകടിപ്പിക്കാന്‍ അനുവദിക്കണം എന്ന വിശദീകരണവുമായി രാജ് ഭവനില്‍ മുഖ്യമന്ത്രി എത്തിയത്. ഏറെ ശ്രദ്ധേയമായിരുന്നു ഈ പരിപാടി. യോഗത്തിന് ഭാരതാംബയുടെ ചിത്രം രാജ് ഭവന്‍ വച്ചില്ല. ഇതിനൊപ്പം കോണ്‍ഗ്രസ് നേതാവ് ശശി തരൂരും വേദിയില്‍ ഉണ്ടായിരുന്നു.
മറ്റു സംസ്ഥാനങ്ങളില്‍ എവിടെയെങ്കിലും ഇത്തരത്തില്‍ രാജ് ഭവനു സ്വന്തമായി ഒരു പ്രസിദ്ധീകരണമുണ്ടോ എന്ന് നിശ്ചയമില്ല. കേരളം സാക്ഷരതയാലും പ്രബുദ്ധതയാലും അടയാളപ്പെടുത്തപ്പെടുന്ന സംസ്ഥാനമാണ് എന്നതുകൊണ്ടുതന്നെ ഇവിടെ ഇങ്ങനെയൊന്നിന് പ്രസക്തിയുണ്ട്. രാജ് ഭവനിലെ കൂടിക്കാഴ്ചകള്‍, ചര്‍ച്ചകള്‍, തുടങ്ങിയവയൊക്കെ രേഖപ്പെടുത്തപ്പെടുന്ന ഒരു ക്രോണിക്കിള്‍ ആവും ഇതെന്നു കരുതുന്നു. സംവാദാത്മകമാണു നമ്മുടെ സമൂഹം. അതുകൊണ്ടുതന്നെ സര്‍ക്കാരിന്റേതില്‍ നിന്നു വ്യത്യസ്തങ്ങളോ വിരുദ്ധങ്ങളോ ആയ നിലപാടുകള്‍ പ്രകടമാക്കുന്ന ലേഖനങ്ങള്‍ ഇതില്‍ വന്നുവെന്നു വരാം. ഉദാഹരണത്തിന്, ഇവിടെ പ്രകാശനം ചെയ്യുന്ന 'രാജഹംസ്' ആദ്യ പതിപ്പില്‍ത്തന്നെ 'Article 200 and a Constitutional Conundrum' എന്ന ശീര്‍ഷകത്തില്‍ ഉള്ള ഒരു ലേഖനമുണ്ട്. ഇതില്‍ ഭരണഘടനയുടെ 200-ാം വകുപ്പ്, ഗവര്‍ണറുടെ അധികാരങ്ങള്‍, നിയമസഭയുടെ അധികാരങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട് ലേഖകന്‍ പ്രകടിപ്പിക്കുന്ന അഭിപ്രായങ്ങള്‍ എല്ലാം സര്‍ക്കാരിന്റെ അഭിപ്രായങ്ങളാണോ എന്നു ചോദിച്ചാല്‍ അല്ല എന്നതാണുത്തരം. അത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാവാം. അതു വരുന്നതു രാജ്ഭവന്റെ ഔദ്യോഗിക ജേര്‍ണലിലാണ് എന്നതുകൊണ്ട് ആ അഭിപ്രായങ്ങളെല്ലാം സര്‍ക്കാര്‍ അതുപോലെ പങ്കിടുന്നു എന്ന് കരുതേണ്ട ആവശ്യമില്ല.
വിയോജന അഭിപ്രായങ്ങളെ അനുവദിക്കണോ ഇല്ലാതാക്കണോ എന്ന രണ്ട് ഓപ്ഷനുകളാണുള്ളത്. ആദ്യത്തേതാണു വേണ്ടത് എന്നു കരുതുന്ന സര്‍ക്കാരാണു കേരളത്തിലുള്ളത്. വിയോജനാഭിപ്രായങ്ങളെ, വിരുദ്ധാഭിപ്രായങ്ങളെ അനുവദിക്കുന്ന ഒരു പൊതു ജനാധിപത്യ മണ്ഡലം, നവോത്ഥാന പൈതൃകത്തിന്റെ ഈടുവെയ്പ്പായി നമുക്കു ലഭിച്ചിട്ടുണ്ട്. അതു ഭദ്രമായി നിലനിര്‍ത്തുക എന്നതാണു സര്‍ക്കാരിന്റെ നിലപാട് എന്നതുകൊണ്ടുതന്നെ വിരുദ്ധാഭിപ്രായങ്ങള്‍ സര്‍ക്കാരിനെ അലോസരപ്പെടുത്തുന്നില്ല. രാജ്ഭവന്‍ ചരിത്രപരമായ ഒട്ടനവധി കാര്യങ്ങള്‍ക്കു സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഇനിയുണ്ടാകുന്ന അത്തരം സംഭവങ്ങള്‍ രേഖപ്പെടുത്തപ്പെടാതെ പോവുക എന്ന അനൗചിത്യം ഉണ്ടാവാതെ നോക്കാന്‍ രാജഹംസിനു കഴിയട്ടെ എന്ന് ആശംസിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. രാജ്ഭവന്റെ പുതിയ സംരംഭമായ ഇന്‍ ഹൗസ് ജേണല്‍ 'രാജഹംസ്' പ്രകാശനം ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തിയത് രാഷ്ട്രീയ കൗതുകവുമായി. ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറിന്റെ സാന്നിധ്യത്തില്‍ ശശി തരൂര്‍ എംപി രാജഹംസ് ഏറ്റുവാങ്ങി. ഗവര്‍ണറുമായും രാജ്ഭവനുമായും ബന്ധപ്പെട്ട വാര്‍ത്തകളും ആനുകാലിക, ധൈഷണിക പ്രാധാന്യമുള്ള ലേഖനങ്ങളും ഉള്‍പ്പെടുത്തിയാവും പുസ്തകം പുറത്തിറക്കുക. ആദ്യമായാണ് രാജ്ഭവന്‍ ഇത്തരത്തില്‍ ത്രൈമാസിക എന്ന നിലയില്‍ ഇന്‍ ഹൗസ് ജേണല്‍ പുറത്തിറക്കുന്നത്.
വിവിധ വിഷയങ്ങളില്‍ സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ അഭിപ്രായഭിന്നത നിലനില്‍ക്കുന്നതിനിടെയാണ് ഇന്‍ഹൗസ് ജേണല്‍ പ്രകാശനത്തിനായി ഗവര്‍ണര്‍ മുഖ്യമന്ത്രിയെ ക്ഷണിച്ചത്. രാജ്ഭവനിലെ ഓഡിറ്റോറിയത്തില്‍ വച്ച കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രത്തെച്ചൊല്ലി മുന്‍പ് സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ വലിയ അഭിപ്രായ ഭിന്നത ഉടലെടുത്തിരുന്നു. ഔദ്യോഗിക പരിപാടികളില്‍ സര്‍ക്കാര്‍ ചിഹ്നങ്ങള്‍ മാത്രമേ പാടുള്ളൂവെന്ന് മന്ത്രിസഭ രാജ്ഭവനെ അറിയിക്കുകയും ചെയ്തിരുന്നു.
രാജ്ഭവനിലെ ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പങ്കെടുക്കുന്ന ചടങ്ങില്‍ കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്രം ഉപയോഗിക്കില്ലെന്നാണ് രാജ്ഭവന്‍ വ്യക്തമാക്കിയിരുന്നു. ഈ ഓഡിറ്റോറിയത്തില്‍ അടുത്തിടെ നടന്ന പരിപാടികളിലെല്ലാം കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം സ്ഥാപിച്ചിരുന്നു. എന്നാല്‍ മുഖ്യമന്ത്രിക്ക് മാത്രമായി ഇളവ് നല്‍കാനാണ് ഗവര്‍ണറുടെ തീരുമാനം. ആര്‍എസ്എസിന്റെ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രമാണ് ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ ഉപയോഗിച്ചുവരുന്നത്.
മന്ത്രിമാരായ വി. ശിവന്‍കുട്ടിയും പി. പ്രസാദും പങ്കെടുത്ത മുന്‍പരിപാടിയില്‍ ഇതേച്ചിത്രം വെച്ചത് ഏറെ വിവാദമായിരുന്നു. മന്ത്രിമാര്‍ ഇതിനെ വിമര്‍ശിക്കുകയും ചടങ്ങുകള്‍ ബഹിഷ്‌കരിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് സംഭവം വിവാദമായതോടെ ഭാരതാംബ ചിത്രം തുടര്‍ന്നും വയ്ക്കുമെന്ന് രാജ്ഭവന്‍ വ്യക്തമാക്കിയതോടെ സംഭവം കൂടുതല്‍ രൂക്ഷമായിരുന്നു. സര്‍ക്കാര്‍ പരിപാടികളില്‍ ചിത്രം വയ്ക്കുന്നത് ശരിയാണോയെന്ന് പരിശോധിക്കണമെന്ന് മുഖ്യമന്ത്രി ഉള്‍പ്പെടെ ആവശ്യപ്പെട്ടിരുന്നു.