മല്ലപ്പള്ളി: ഫ്രഞ്ചുകാരിയായ റജീനയ്ക്ക് മലയാളിയാണ് താൻ എന്നതിന് തെളിവായുള്ളത് രണ്ടു കൊലുസുകളും നാലാം വയസ്സിലെ ചിത്രവും. അമ്മയേയും അച്ഛനേയും തേടിയുള്ള യാത്രയിലാണ് ഈ ഫ്രഞ്ചുകാരി. കൂട്ടിനുള്ളത് ഭർത്താവും.

പത്തനംതിട്ട ജില്ലയിലെ കുന്നന്താനം പാലയ്ക്കാത്തകിടി സെയ്ന്റ് ജോസഫ് കോൺവെന്റിൽ തുടങ്ങുന്നതാണ് ജനനകഥ. രജിസ്റ്ററിലെ ജനനത്തീയതി 1976 സെപ്റ്റംബർ ഒന്ന് എന്നാണ്. അത് യഥാർത്ഥമാണോ എന്ന് പോലും അവൾക്ക് അറിയില്ല. നാല് വയസ്സുള്ളപ്പോൾ ഫ്രഞ്ച്കാരായ കാമിൽ, ജനിവീവ് ദമ്പതിമാർ ആ കുട്ടിയെ അവർ ദത്തെടുത്തു. 1980 ഒക്ടോബർ 18-നായിരുന്നു അത്. പിന്നീട് ഫ്രാൻസിലായി ജീവിതം. വളർത്തച്ഛനും അമ്മയും പൊന്നു പോലെ നോക്കി. അങ്ങനെ ഈഫൽ ടവറിന്റെ നാട്ടിലെ മിടുക്കിയായി അവൾ മാറി. അപ്പോഴും ജന്മതന്നവരെ കണ്ടെത്താൻ ആ മനസ്സ് കൊതിച്ചു.

2003-ൽ ഒറ്റയ്ക്കും 2015-ൽ അച്ഛനൊപ്പവും പാലയ്ക്കാത്തകിടിയിൽ എത്തി അന്വേഷിച്ചു. 2012-ൽ അമ്മയും 2017-ൽ അച്ഛനും ഓർമയായി. ഇപ്പോൾ ഭർത്താവ് അർനാഡ് ഡാനിയലിനെയും കൂട്ടി മൂന്നാം വരവ്. വർക്കലയും കൊച്ചിയും കണ്ടു. ഇതിനൊപ്പം പാലയ്ക്കാത്തകിടി കോൺവെന്റിലുമെത്തി. അറിയുന്നവർ ആരും ഇപ്പോഴില്ല. വളർത്തിയവർ എല്ലാം മരിച്ചു. കണ്ടവർക്കെല്ലാം പഴയ ചിത്രവും ഫോൺ നമ്പരും നൽകി. മലയാളി ബന്ധമുണ്ടെങ്കിലും റജീനയ്ക്ക് മലയാളം അറിയില്ല. ഇതിനിടെയിലും കാണുന്നവരോടെല്ലാം പറ്റുന്ന തരത്തിൽ അച്ഛനേയും അമ്മയേയും തേടുകയാണ് ഈ മകൾ.

മക്കളായ ആദമും ഇൻസും ഇലോയും ഫ്രാൻസിലാണ്. അവരെ കാണാൻ വെള്ളിയാഴ്ച റജീന മടങ്ങി. ഇഫൽ ടവറിന്റെ നാട്ടിലേക്ക് അച്ഛനേയും അമ്മയേയും കുറിച്ചുള്ള വിവരം എത്തുമെന്ന് തന്നെയാണ് റജീനയുടെ പ്രതീക്ഷ. കോൺവന്റിൽ താമസിച്ചപ്പോൾ ഉപയോഗിച്ചിരുന്ന വെള്ളി ആഭരണങ്ങൾ (കമ്മൽ, കൊലുസ്, വള) ഇപ്പോഴും സൂക്ഷിക്കുന്നുണ്ട്. ഫാ. വിജിലിയസ് ചിരിയൻകണ്ടത്തായിരുന്നു അനാഥാലയം നടത്തിയിരുന്നതെന്നും തന്നെ പരിചരിച്ചിരുന്നത് കന്യാസ്ത്രീകളായ സ്‌കോളാസ്റ്റിക്കയും കൊച്ചുത്രേസ്യയുമായിരുന്നെന്ന് റെജീന ഓർക്കുന്നു.

സ്പാനിഷിലും ഇംഗ്ലിഷിലും ബിരുദം നേടിയ റെജീന അവിടെ കോളജിൽ ഇംഗ്ലിഷ് അദ്ധ്യാപികയായി ജോലി ചെയ്യുന്നു. ഭർത്താവ് ഡാനിയേലും അദ്ധ്യാപകനാണ്. ആദം, ഐനെസ്, ഇലോയ് എന്നീ 3 മക്കളുണ്ട്.റെജീനയുടെ ശ്രമങ്ങൾക്ക് സഹായകരമാകുന്ന വിവരങ്ങളുള്ളവർ മല്ലപ്പള്ളിയിലെ സാമൂഹിക സംരംഭമായ ഊരിലെ ബിജു ഏബ്രഹാമുമായി ബന്ധപ്പെടാം. ഫോൺ: 9645273000.