തിരുവനന്തപുരം: ആരിഫ് മുഹമ്മദ് ഖാനെ പോലെയുമാകില്ല രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍. ചുമതലയേറ്റെടുത്ത ആദ്യദിനം തന്നെ ഇതിന്റെ സൂചനകള്‍ സംസ്ഥാന സര്‍ക്കാരിന് കിട്ടി. സുരക്ഷാ ഉദ്യോഗസ്ഥരെ മാറ്റാനുള്ള സര്‍ക്കാരിന്റെ നീക്കം തടുത്ത് പുതിയ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ നല്‍കുന്നതും വ്യക്തമായ സന്ദേശമാണ്.

ഗവര്‍ണറുടെ സുരക്ഷാവലയത്തിലെ ഏതാനും പൊലീസ് ഉദ്യോഗസ്ഥരെ മാറ്റി പുതിയ ആളുകളെ നിയോഗിച്ച സര്‍ക്കാര്‍ തീരുമാനമാണ് ഗവര്‍ണര്‍ തിരുത്തിയത്. ഇതിനായി ഡിജിപിയുടെ ചുമതലയുള്ള എഡിജിപി: മനോജ് ഏബ്രഹാമിനെ ഗവര്‍ണര്‍ രാജ്ഭവനിലേക്കു വിളിച്ചു വരുത്തി. ഗവര്‍ണറായിരുന്ന ആരിഫ് മുഹമ്മദ് ഖാനു വിശ്വസ്തരായിരുന്ന ഈ ഉദ്യോഗസ്ഥരെ ഒഴിവാക്കി പകരം സര്‍ക്കാരിനും ആഭ്യന്തരവകുപ്പിനും വേണ്ടപ്പെട്ടവരെ രാജ്ഭവനിലേക്ക് നിയോഗിക്കാനായിരുന്നു ശ്രമം. പുതിയ ഗവര്‍ണറെ നിരീക്ഷിക്കാനുള്ള സര്‍ക്കാര്‍ തന്ത്രമായിരുന്നു ഇതിന് പിന്നില്‍. സര്‍ക്കാരിനെതിരെ ഗവര്‍ണര്‍ നീങ്ങുമെന്ന സംശയം മുഖ്യമന്ത്രി പിണറായി വിജയനുണ്ട്. ഇതാണ് പോലീസ് ഉദ്യോഗസ്ഥരുടെ മാറ്റത്തില്‍ പ്രതിഫലിച്ചതെന്നാണ് വിലയിരുത്തല്‍.

ഒഴിവാക്കപ്പെട്ടവര്‍ തന്നെയാണ് പരാതി ഗവര്‍ണറെ അറിയിച്ചു. രാജ്ഭവനിലെ ഉദ്യോഗസ്ഥരുമായി സംസാരിച്ച ഗവര്‍ണര്‍ക്ക് തന്നെ നിരീക്ഷിക്കാനുള്ള നീക്കത്തില്‍ സംശയം ശക്തമായി. മനോജ് ഏബ്രഹാമിനെ ഇക്കാര്യം അറിയിക്കുകയും കാണാന്‍ താല്‍പര്യം പ്രകടിപ്പിക്കുകയായിരുന്നു. ഗവര്‍ണറുടെ ആവശ്യം മനോജ് എബ്രഹാം അംഗീകരിച്ചു. രാജ്ഭവനില്‍ എത്തി കണ്ടു. അതിന് ശേഷം തിരുത്തലിനും തയ്യറായി. ഏതെല്ലാം ഉദ്യോഗസ്ഥര്‍ക്കാണ് ഇതന്റെ ആനുകൂല്യം കിട്ടുക എന്നത് വ്യക്തമല്ല. നേരത്തെ ആരിഫ് മുഹമ്മദ് ഖാന്റെ എഡിസിയെ റെയില്‍വേയിലേക്ക് സര്‍ക്കാര്‍ മാറ്റിയിരുന്നു. ഐപിഎസുകാരുടെ സ്ഥലം മാറ്റം സര്‍ക്കാരിന്റെ അധികാര പരിധിയിലാണ്. ഇതില്‍ തിരുത്തലിന് എഡിജിപിക്ക് കഴിയുകയുമില്ല. മനോരമയാണ് ആര്‍ലേക്കറിന്റെ ഇടപെടല്‍ വാര്‍ത്തയാക്കിയത്. ശക്തമായ സന്ദേശമാണ് ഇതിലൂടെ ആര്‍ലേക്കര്‍ നല്‍കുന്നത് എന്ന തരത്തിലാണ് വാര്‍ത്ത.


രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ കേരള ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്തു കഴിഞ്ഞ ദിവസമാണ്. വ്യാഴാഴ്ച രാവിലെ 10.30-ന് രാജ്ഭവനില്‍ നടന്ന ചടങ്ങിലാണ് ആര്‍ലേക്കര്‍ സത്യപ്രതിജ്ഞ ചെയ്തത്. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിതിന്‍ മധുകര്‍ ജാംദാര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയന്‍, ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍, ഗവര്‍ണറുടെ ഭാര്യ ഭാര്യ അനഘ ആര്‍ലേക്കര്‍ എന്നിവരും പരിപാടിയില്‍ പങ്കെടുത്തു. തീര്‍ത്തും ഊഷ്മളമായിരുന്നു ചടങ്ങുകള്‍. അതിന് ശേഷമാണ് രാജ്ഭവനിലെ മാറ്റങ്ങളില്‍ ആര്‍ലേക്കര്‍ ഇടപെടല്‍ നടത്തിയത്.

ഗോവ നിയമസഭാ മുന്‍ സ്പീക്കറായിരുന്നു രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍. ബിഹാര്‍ ഗവര്‍ണറായി പ്രവര്‍ത്തിച്ച് വരികയായിരുന്നു. ഹിമാചല്‍ പ്രദേശ് ഗവര്‍ണറായും സ്ഥാനം വഹിച്ചിട്ടുണ്ട്. 1980കളില്‍ തന്നെ ഗോവ ബിജെപിയില്‍ സജീവ സാന്നിധ്യമായിരുന്നു. പാര്‍ട്ടിയില്‍ വിവിധ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. ആര്‍ എസ് പ്രചാരകനുമായിരുന്നു മുമ്പ്. 2015ല്‍ ഗോവ മന്ത്രിസഭ പുനഃസംഘടനയില്‍ ആര്‍ലേക്കര്‍ വനം വകുപ്പ് മന്ത്രിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 2021ലാണ് ഹിമാചല്‍ പ്രദേശിലെ ഗവര്‍ണറായി നിയമിതനായത്. പിന്നീട് 2023ല്‍ ബിഹാര്‍ ഗവര്‍ണറായി നിയമിതനായത്.