- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരേ സമയം പ്രധാനമന്ത്രി മോദിയും നാഗ്പൂരുമായി അടുത്ത ബന്ധമുള്ളയാള്‍; കറകളഞ്ഞ ആര്.എസ്.എസ് നേതാവ്; മനോഹര്‍ പരീക്കര്‍ ഗോവ മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ മന്ത്രിസഭാംഗമായി; സ്പീക്കര്‍ പദവിയും അലങ്കരിച്ചു; ഹിമാചലിലും ബിഹാറിലും ഗവര്‍ണറായി; പൊതുവേ മിതഭാഷി; പുതിയ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേകറെ അറിയാം
ഒരേ സമയം പ്രധാനമന്ത്രി മോദിയും നാഗ്പൂരൂമായി അടുത്ത ബന്ധമുള്ളയാള്‍;
ന്യൂഡല്‍ഹി: ആരിഫ് മുഹമ്മദ് ഖാനെ ബിഹാര്‍ ഗവര്‍ണറായി നിയമിച്ചു എന്ന വാര്‍ത്ത പുറത്തുവന്നപ്പോള്‍ മുതല്‍ ഇടതു കേന്ദ്രങ്ങളില്‍ ആഹ്ലാദമാണ്. കാരണം ഇത്രത്തോളം ഇടതുസര്‍ക്കാറിനെ കുഴക്കിയ മറ്റൊരു നേതാവ് ഇല്ല എന്നതാണ്. ഒരു ഘട്ടത്തില്‍ പ്രതിപക്ഷത്തെയും കടത്തിവെട്ടുന്ന വിധത്തിലായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന് ആരിഫ് മുഹമ്മദ് ഖാന്‍ തലവേദന തീര്‍ത്തത്. അതുകൊണ്ട് തന്നെ ഇപ്പോള്‍ പുതിയ ഗവര്‍ണര്‍ വരുന്നു എന്നത് സഖാക്കള്‍ക്ക് ആവേശമാണ്.
ആരിഫ് മുഹമ്മദ് ഖാന്‍ വാര്‍ത്തകളില്‍ നിറഞ്ഞു നിന്ന വ്യക്തിയാണ് എങ്കില്‍ അതിന് നേര്‍ വിപരീത സ്വഭാവക്കാരനാണ് കേരളത്തിന്റെ പുതിയ ഗവര്‍ണറായി നിയമിതനായ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേകര്‍. പബ്ലിസിറ്റിക്കായി മാധ്യമങ്ങളുടെ പിന്നാലെ പോകുന്ന വ്യക്തിയല്ല ആര്‍ലേക്കര്‍, അതേസമയം ഒരേ സമയം രണ്ട് അധികാര കേന്ദ്രങ്ങളുമായി അടുത്ത ബന്ധമുള്ള ആള്‍ കൂടിയാണ് അദ്ദേഹം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിശ്വസ്തനായിരിക്കുമ്പോള്‍ തന്നെ നാഗ്പൂരില്‍ ആര്‍എസ്എസ് കേന്ദ്രവുമായി അടുത്ത ബന്ധവും ആര്‍ലേക്കറിനുണ്ട്. അതുകൊണ്ട് തന്നെ കേരളത്തില്‍ എന്താകും കേന്ദ്രത്തിന്റെ പ്ലാന്‍ എന്നത് വഴിയേ അറിയണം.
ഗോവയില്‍ നിന്നുള്ള നേതാവായ ആര്‍ലേകര്‍ ഉടന്‍ കേരള ഗവര്‍ണറായി ചുമതലയേറ്റെടുക്കുമെന്നാണ് സൂചന. ആര്‍എസ്എസിലൂടെ വളര്‍ന്ന നേതാവായിതിനാല്‍ അച്ചടക്കമുള്ള നേതാവാണ് അദ്ദേഹം. മിതഭാഷിയാണ് വ്യക്തിത്വം. ദക്ഷിണേന്ത്യന്‍ രാഷ്ട്രീയത്തിന്റെ സ്വഭാവങ്ങള്‍ ശരിക്കും അറിവുള്ള വ്യക്തി കൂടിയാണ് അദ്ദേഹം. ഗോവയിലെ ക്രൈസ്തവ സമൂഹവുമായി അടുത്ത ബന്ധമള്ള അദ്ദേഹത്തിലൂടെ കേരളത്തിലെ ക്രൈസ്തവ വിഭാഗത്തെയും ബിജെപിയിലേക്ക് അടുപ്പിക്കുക എന്നതാണ് മോദിയുടെയും ബിജെപിയുടെയും ലക്ഷ്യം.
കറകളഞ്ഞ ആര്‍എസ്എസ്സുകാരനായ ആര്‍ലേക്കര്‍ ഗോവയില്‍ നീണ്ട കാലം രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയിരുന്നു. 1989 മുതലാണ് ബിജെപിയില്‍ സജീവമായി പ്രവര്‍ത്തിക്കാനാരംഭിച്ചത്. ഗോവയില്‍ ബിജെപിയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്നു സം്ഘടനയെ കെട്ടിപ്പടുക്കുവാന്‍ ശ്രമിച്ചു അദ്ദേഹം. ഗോവ ഇന്‍ഡസ്ട്രിയല്‍ ഡെവല്പ്മെന്റ് കോര്‍പ്പറേഷന്റെ ചെയര്‍മാന്‍, ഗോവ എസ്.സി ആന്റ് അദര്‍ ബാക്ക്വേര്‍ഡ് ക്ലാസസ് ഫിനാന്‍ഷ്യല്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍, ബിജെപി സൗത്ത് ഗോവ പ്രസിഡന്റ് തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്.
2014ല്‍ മനോഹര്‍ പരീക്കര്‍ കേന്ദ്രമന്ത്രിസഭയില്‍ പ്രതിരോധവകുപ്പ് മന്ത്രിയായി നിയമിതനായപ്പോള്‍ ആര്‍ലേക്കറിനെ ഗോവ മുഖ്യമന്ത്രിയായി പരിഗണിച്ചിരുന്നു. ഏറ്റവും അവസാനഘട്ടത്തിലാണ് ലക്ഷ്മികാന്ത് പര്‍സേക്കറിനെ മുഖ്യമന്ത്രിയായി നിയമിച്ചത്. 2015ലെ ഗോവ മന്ത്രിസഭാ പുനഃസംഘടനയില്‍ ആര്‍ലേക്കര്‍ വനം പരിസ്ഥിതി മന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. ഇടക്കാലം കൊണ്ട് ഗോവ സ്പീക്കറുടെ പദവിയും അദ്ദേഹം വഹിച്ചു.
2021 ജൂലായ് മാസത്തിലാണ് ഹിമാചല്‍ പ്രദേശിന്റെ ഗവര്‍ണറായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്. 2023 ഫെബ്രുവരിയില്‍ ബിഹാറിന്റെ 29മാത് ഗവര്‍ണറായി നിയമിതനായി. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തുന്ന വ്യക്തിയാണ് ആര്‍ലേകര്‍. ക്രിസ്ത്യന്‍ പശ്ചാത്തലമുളള ഗോവയില്‍ നിന്ന് കേരളത്തിലേക്കുളള രാജേന്ദ്ര വിശ്വനാഥ് വരവിലൂടെ ബിജെപി ലക്ഷ്യമിടുന്നത് ക്രിസ്ത്യന്‍ വിഭാഗത്തെയാകാമെന്നാണ് വിലയിരുത്തല്‍.
പൊതുവേ മിതഭാഷിയായ അദ്ദേഹം അടുത്തിടെ ഒരു വിവാദത്തിലും പെട്ടിരുന്നു. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട പ്രസ്താവന മാധ്യമങ്ങളില്‍ ഇടംപിടിക്കുകയുണ്ടായി. ഇന്ത്യക്കാര്‍ സായുധപോരാട്ടത്തിലേക്ക് കടന്നപ്പോള്‍ സ്വാതന്ത്ര്യത്തിനായി അവര്‍ എന്തും ചെയ്യുമെന്ന് മനസിലാക്കിയാണ് ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ടുപോയത്. അഹിംസയും സത്യാഗ്രഹവുമല്ല ഇന്ത്യക്കാര്‍ ആയുധമെടുത്തതാണ് ബ്രിട്ടീഷുകാരെ ഇവിടെ നിന്ന് തുരത്തിയതെന്നും രാജേന്ദ്ര ആര്‍ലേകര്‍ പറഞ്ഞു.
സത്യാഗ്രഹ സമരത്തിലൂടെയാണ് ഇന്ത്യ സ്വാതന്ത്ര്യം നേടിയതെന്നത് നുഴഞ്ഞുകയറ്റക്കാരുടെ ആഖ്യാനമായിരുന്നെന്നാണ് ഗവര്‍ണറുടെ വാദം. യഥാര്‍ത്ഥ ചരിത്രം പറയാന്‍ തനിക്ക് ഒരു ഭയവുമില്ല. ബ്രിട്ടീഷുകാരുടെ ആഖ്യാനത്തെ കോണ്‍ഗ്രസ് ഏറ്റെടുക്കുകയായിരുന്നു. ഇന്ത്യക്കാരുടെ സായുധ പോരാട്ടങ്ങളെക്കുറിച്ച് മനസിലാക്കാന്‍ അന്നത്തെ ബ്രിട്ടീഷ് ഭരണകര്‍ത്താക്കളുടെ പ്രസംഗങ്ങള്‍ മാത്രം പരിശോധിച്ചാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു. ബിഹാറിലെ ഒരു പുസ്തക പ്രകാശന പരിപാടിക്കിടെയായിരുന്നു അദ്ദേഹത്തിന്റെ വിവാദ പരാമര്‍ശം. എന്നാല്‍, മാധ്യമങ്ങളില്‍ തലക്കെട്ടായത് ഒഴിച്ചാല്‍ കാര്യമായി വിവാദങ്ങള്‍ തുടര്‍ന്നുണ്ടായില്ല. എന്നാല്‍ മാധ്യമങ്ങള്‍ കണ്ണും കാതും കൂര്‍പ്പിച്ചിരിരിക്കുന്ന കേരളത്തിലേക്കാണ് ആര്‍ലേക്കര്‍ എത്തിത്തുന്നത്.