കൊച്ചി: എയർഇന്ത്യാ എക്സ്‌പ്രസ് ജീവനക്കാരുടെ സമരം കേരളത്തിൽ നിന്നടക്കമുള്ള നിരവധി പേരുടെ ജീവിതപ്രശ്‌നങ്ങളെയാണ് ബാധിച്ചിരുന്നത്. ഇക്കൂട്ടത്തിൽ ഒടുവിലെ ഇരയാണ് അമൃത എന്ന യുവതിയും. ഭർത്താവിനെ അവസാനമായി ഒരു നോക്കു കാണാൻ ആഗ്രഹിച്ച യുവതിക്ക് അതിന് സാധിച്ചില്ല. ഒടുവിൽ ഭർത്താവ് ജീവനറ്റ നിലയിൽ ആ യുവതിയുടെ അരികിലേക്ക് എത്തുകയാണ്.

മോളെ കണ്ടിരുന്നുവെങ്കിൽ ഈ ദുരന്തം വരില്ലായിരുന്നു എന്നാണ് അമൃതയുടെ അമ്മ പറയുന്നത്. എയർ ഇന്ത്യ എക്സ്‌പ്രസ് അധികൃതർ കാണിച്ചത് ക്രൂരതയല്ലെ എന്ന് അമൃതയുടെ അവർ ചോദിക്കുന്നു. തൊട്ടടുത്ത ഏതെങ്കിലും ഫ്ളൈറ്റിൽ കയറ്റിവിട്ടിരുന്നുവെങ്കിൽ, കാലിൽ വീഴുന്നതുപോലെയാണ് സംസാരിച്ചത്. എന്നിട്ട് ആരും മൈന്റ് ചെയ്തില്ലെന്നും അമ്മ പറഞ്ഞു. സംഭവത്തിൽ എയർ ഇന്ത്യ എക്സ്‌പ്രസിനെതിരെ പരാതി നൽകുമെന്നും അമൃതയുടെ അമ്മ പ്രതികരിച്ചു.

ഈ മാസം എട്ടാം തീയതിയായിരുന്നു മസ്‌ക്കറ്റിൽ കുഴഞ്ഞുവീണ് ആശുപത്രിയിലായ ഭർത്താവിന്റെ അരികിലേക്ക് പോകാൻ അമൃത ടിക്കറ്റ് എടുത്തത്. വിമാനത്താവളത്തിൽ എത്തിയപ്പോഴായിരുന്നു ക്യാൻസലായ വിവരം അറിഞ്ഞത്. ഒരുപാട് പറഞ്ഞതിനു പിന്നാലെയാണ് ഒൻപതാം തീയതിക്ക് ടിക്കറ്റ് തന്നത്. അതും ക്യാൻസലാവുകയായിരുന്നു.

ആശുപത്രി ആവശ്യത്തിനാണെന്നും ലഗേജ് പോലും കൊണ്ടുപോകണമെന്നില്ലെന്നും ഞങ്ങളെ മാത്രം പറഞ്ഞുവിട്ടാൽ മതിയെന്നും എയർ ഇന്ത്യ എക്സ്‌പ്രസ് അധികൃതരോട് പറഞ്ഞിരുന്നു. എട്ടാംതീയതിയും ഒൻപതാം തീയതിയുമാണ് പോകാൻ നിന്നിരുന്നത്. അത് ക്യാൻസലായിവേറെ ഒരു ഫ്ളൈറ്റുമില്ലായിരുന്നു കണക്ഷൻ ഫ്ളൈറ്റുപോലുമില്ലായിരുന്നുവെന്നും അമൃത പറഞ്ഞു.

ഞങ്ങൾക്ക് ഒന്നും ചെയ്യാൻ പറ്റില്ല, ഇത് ക്യാൻസലായി പോയെന്ന് എയർ ഇന്ത്യ എക്സ്‌പ്രസിന്റെ മാനേജർ പറഞ്ഞതായി അമൃതയുടെ അമ്മ വ്യക്തമാക്കി. അവന്റെ ഒരുവരുമാനം കൊണ്ടാണ് ഇവൾ പഠിക്കുന്നതും വാടക വീട്ടിലാണെങ്കിലും കിടക്കുന്നതും. ഈ കുഞ്ഞുങ്ങളെ എങ്ങനെ വളർത്തും. ഒന്നുചെന്ന് കണ്ടിരുന്നുെവങ്കിൽ ആ ജീവൻ ഒറ്റപ്പെട്ട് പോകില്ലായിരുന്നു. ആളുണ്ടെന്ന തോന്നലെങ്കിലും ഉണ്ടായിരുന്നേനെയെന്നും അവർ പറഞ്ഞു.

'ഏഴാം തീയതി രാവിലെ വരെ മകളുമായി സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. രാവിലെ ആറുമണിയായപ്പോൾ മൂന്ന് പ്രാവശ്യം ഫോൺവന്നു ആശുപത്രിയിൽ നിന്നാണ് വിളിച്ചത്. വയ്യാതായപ്പോൾ പുള്ളി ഒറ്റയ്ക്ക് വണ്ടിയെടുത്താണ് ആശുപത്രിയിൽ പോയത്. ആശുപത്രിയിൽ എത്തിയപ്പോഴാണ് അറിയുന്നത് ഹാർട്ട്അറ്റാക്കാണെന്നുള്ളത്. അപ്പോൾ തന്നെ ഐസിയുവിൽ കയറ്റി. ശേഷമാണ് ഞങ്ങളെ വിളിച്ചത്. ആഞ്ജിയോഗ്രാം ചെയ്യാൻ പോകുന്നു. സ്പീഡിൽ തന്നെ ആഞ്ചിയോപ്ലാസ്റ്റി ചെയ്യുന്നുണ്ടെന്ന് എന്ന് അവർ പറഞ്ഞിരുന്നു. എട്ടുമണിയായപ്പോൾ മകളുടെ കൂട്ടുകാരിയുടെ അച്ഛൻ പെട്ടന്ന് പോയി നോക്കൂ എന്ന് പറഞ്ഞ് ടിക്കറ്റ് എടുത്തു തന്നു. അന്നത്തേക്ക് ടിക്കറ്റ് ഉണ്ടായിരുന്നില്ല. തൊട്ടടുത്ത ദിവസത്തെ ടിക്കറ്റാണ് എടുത്തത്.

എട്ടാം തീയതി പോകുന്നതിന് വേണ്ടി വെളുപ്പിന് അഞ്ചുമണിക്ക് വിമാനത്താവളത്തിൽ എത്തി. അപ്പോഴാണ് സമരത്തിന്റെ കാര്യം അറിയുന്നത്. അന്ന് പോകാൻ പറ്റാതായി. അവിടെവെച്ച് അവരോട് ഒരുപാട് പറഞ്ഞിരുന്നു. സീരിയസാണ് ഒന്ന് ചെന്ന് കാണണം എന്ന് ഒക്കെ. ആരും അത് കേട്ടില്ല. കുറേ ഫൈറ്റ് ചെയ്ത് നിന്നപ്പോൾ 10-ാം തീയതിയിലേക്ക് ഡേറ്റ് ഇട്ടു. ഇന്ന് കാണാതെ എങ്ങനെ ആളെ 10-ാം തീയതി പോയി കാണും എന്ന് ചോദിച്ചു. അപ്പോൾ ഡേറ്റ് മാറ്റി ഒൻപതാം തീയതിയാക്കി തന്നു. രാവിലെ 8.30നുള്ള ഫ്ളൈറ്റിൽ കയറി പോകാൻ പറ്റും എന്ന് പറഞ്ഞു. പിറ്റേദിവസം രാവിലെ എട്ട് മണിക്ക് പോയി. അപ്പോഴും പറയുന്നത് ഫ്‌ളൈറ്റ് ക്യാൻസലായിപ്പോയെന്നാണ്', അമൃതയുടെ അമ്മ പറഞ്ഞു.

രാജേഷിന്റെയും അമൃയുടെയും രണ്ട് പിഞ്ചു കുഞ്ഞുങ്ങളുടെയും സ്വപ്നങ്ങളാണ് എയർ ഇന്ത്യ എക്സ്പ്രസിലെ സമരം അന്ന് തകർത്തത്. മസ്‌കറ്റിലെ ആശുപത്രിയിൽ ഹൃദ്രോഗ അത്യാഹിത വിഭാഗത്തിൽ കഴിയുന്ന ഭർത്താവിനെ കാണാൻ ഈ മാസം എട്ടിനായിരുന്നു കരമന നെടുങ്കാട് സ്വദേശിനി അമൃത സി.രവി. പുറപ്പെട്ടത്. പുലർച്ചെ അഞ്ചിന് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് വിമാനം റദ്ദാക്കിയത് അറിയുന്നത്.

രാവിലെ 8.30-നാണ് വിമാനം പുറപ്പെടേണ്ടിയിരുന്നത്. രാജേഷിന് ഹൃദയാഘാതം ഉണ്ടായെന്ന് അറിഞ്ഞപ്പോൾ മുതൽ വിവിധ ട്രാവൽ ഏജൻസികളിലൂടെ ടിക്കറ്റിനായി ശ്രമിച്ചശേഷമാണ് എയർ ഇന്ത്യ എക്സ്‌പ്രസിൽ ടിക്കറ്റ് ലഭിച്ചത്. ഗുരുതരാവസ്ഥയിൽ കഴിഞ്ഞ ഭർത്താവിനെ കാണാൻകഴിയാതെ വിങ്ങിപ്പൊട്ടിയ അമൃതയെ ആശ്വസിപ്പിക്കാനാവാതെ വിമാനത്താവളത്തിൽ ബന്ധുക്കൾ നിസ്സഹായരായിരുന്നു.