ന്യൂഡല്‍ഹി: ലഫ്റ്റനന്റ് വിനയ് നര്‍വാള്‍ 26ാം വയസില്‍ വിവാഹിതനായത് ഏപ്രില്‍ 16 നായിരുന്നു. ഒരാഴ്ചയ്ക്ക് ശേഷം പഹല്‍ഗാമില്‍ പാക് ഭീകരരുടെ വെടിയേറ്റ് മരിച്ചു. വിനയുടെ ഭാര്യ ഹിമാന്‍ഷി നര്‍വാള്‍ മൃതദേഹത്തിന് അരികെ ഇരിക്കുന്ന ചിത്രം ആ ഭീകരാക്രമണത്തിന്റെ മറക്കാനാവാത്ത ചിത്രമായി മാറി. ഇന്ന് മകന്‍ നഷ്ടപ്പെട്ടതിന്റെ തീരാവേദനയുമായി കഴിയുകയാണ് ലഫ്.നര്‍വാളിന്റെ അച്ഛന്‍ രാജേഷ് നര്‍വാള്‍. മകനോ, മകളോ നഷ്ടപ്പെടുന്നതിന്റെ വേദന പാക് സൈനിക മേധാവി അസിം മുനീര്‍ ഒരിക്കല്‍ അറിയുമെന്ന് അദ്ദേഹം എന്‍ഡി ടിവിയോട് പറഞ്ഞു.

' ആരെങ്കിലും ജനറല്‍ അസിം മുനീറിന്റെ മകനെയോ മകളെയോ ഉപദ്രവിക്കുന്ന ദിവസമേ അദ്ദേഹത്തിന് എന്റെ വേദന മനസ്സിലാക്കാന്‍ കഴിയു. ഒരുഭീകരാക്രമണത്തില്‍ മകനോ, മകളോ കൊല്ലപ്പെട്ടുവെന്് അയാള്‍ അറിയുമ്പോഴേ എന്റെ വേദന മനസ്സിലാകൂ. സാധാരണക്കാരനായ

എന്റെ കയ്യില്‍ വെടിവെക്കാന്‍ ഒരു തോക്ക് നല്‍കട്ടെ, അയാളുടെ മകനോ മകള്‍ക്കോ വെടിയേല്‍ക്കട്ടെ, അന്നേരം അയാളാ വേദന തിരിച്ചറിയും', രാജേഷ് നര്‍വാള്‍ പറഞ്ഞു.

ലഫ്റ്റനന്റ് വിനയ് നര്‍വാളിന്റെ വിവാഹ ചടങ്ങ് ഹരിയാനയിലെ കര്‍ണാലില്‍ വച്ചായിരുന്നു. മൂന്നുദിവസത്തിന് ശേഷം റിസപ്ഷന്‍. അതിനു ശേഷം നവദമ്പതികള്‍ ഹണിമൂണിനായി കശ്മീരിലേക്ക് പോയി. ഏപ്രില്‍ 22 ന് മിനി സ്വിറ്റ്‌സര്‍ലന്റ് എന്നറിയപ്പെടുന്ന ബൈസരണ്‍ താഴ് വരയില്‍ ഒരു പ്ലേറ്റ് ഭേല്‍പൂരി കഴിക്കവേയാണ് ഒരു ആയുധധാരി ദമ്പതികളെ സമീപിച്ച് ലഫ്.നര്‍വാളിന്റെ തലയ്ക്ക് പോയിന്റ് ബ്ലാങ്കില്‍ വെടിവച്ചത്.

' എനിക്ക് എന്റെ കുടുംബത്തിന് മുമ്പാകെ കരയാന്‍ പോലും കഴിയുന്നില്ല', രാജേഷ് നര്‍വാള്‍ പറഞ്ഞു. ' എന്റെ ഭാര്യ, മാതാപിതാക്കള്‍, എല്ലാവരും തകര്‍ന്നിരിക്കുകയാണ്. ഞാന്‍ കരുത്തനാണെന്ന് അവര്‍ക്ക് തോന്നാന്‍ വേണ്ടി ശാന്തനായിരിക്കുകയാണ്. ഒരുമനസമാധാനവുമില്ല. ഞങ്ങള്‍ ശരിക്ക് ഉറങ്ങിയിട്ട് ആഴ്ചകളായി. മനസ് ശൂന്യമാണ്. രണ്ടുമൂന്ന് മണിക്കൂറില്‍ കൂടുതല്‍ ആര്‍ക്കും ഉറങ്ങാന്‍ കഴിയുന്നില്ല. സൈക്യാട്രിസ്്റ്റിന്റെ അടുക്കല്‍ പോകുമ്പോള്‍ അവര്‍ മരുന്ന് കുറിക്കും. പക്ഷേ ഇതിന് ചികിത്സയില്ല. ഞങ്ങള്‍ക്ക് മറ്റ് അസുഖങ്ങള്‍ ഉണ്ടാകും. അങ്ങനെയാണ് ഇപ്പോഴത്തെ കാര്യങ്ങള്‍'- രാജേഷ് നര്‍വാള്‍ പറഞ്ഞു.

ലഫ്.നര്‍വാളിന്റെ ഭൗതികശരീരം കശ്മീരില്‍ നിന്ന് ഡല്‍ഹിയിലേക്ക് കൊണ്ടുപോയ ശേഷമാണ് ജന്മനാട്ടില്‍ എത്തിച്ചത്. നാവികസേനാംഗങ്ങളും കുടുംബാംഗങ്ങളും നാട്ടുകാരും എല്ലാം ആദരാഞ്ജലികള്‍ അര്‍പ്പിച്ചിരുന്നു.

പഠിക്കാന്‍ മിടുക്കനായിരുന്നു വിനയ് നര്‍വാള്‍. സര്‍വീസ് സെലക്ഷന്‍ ബോര്‍ഡിലൂടെയാണ് നാവികസേനയില്‍ ചേര്‍ന്നത്. രണ്ട് വര്‍ഷത്തിനുള്ളില്‍ ലെഫ്റ്റനന്റ് പദവിയിലേക്ക് വിനയ് ഉയര്‍ന്നു. ചെറുപ്പത്തില്‍ തന്നെ സൈനികസേവനത്തോട് വിനയിന് താല്‍പര്യമുണ്ടായിരുന്നതായും രാജേഷ് നര്‍വാള്‍ പറഞ്ഞു

' അവന് സൈനികരോട് വലിയ ഭ്രമമായിരുന്നു. സൈനിക വാഹന വ്യൂഹം കടന്നുപോകുമ്പോള്‍, അതുകാണാന്‍ അവന്‍ എന്നെ വലിച്ചുകൊണ്ടുപോകും. അവന് നേതൃത്വ ഗുണവും ധീരതയും അച്ചടക്കബോധവും ഉണ്ടായിരുന്നു. സത്യസന്ധതയോടെയും, ആര്‍ജ്ജവത്തോടെയും ജീവിക്കാനാണ് ഞങ്ങള്‍ അവനെ പഠിപ്പിച്ചത്. അവന്‍ ഭയരഹിതനായി ജീവിച്ചു. അങ്ങനെ തന്നെ മരിക്കുകയും ചെയ്തു. അവനാണ് എല്ലായ്‌പ്പോഴും എന്റെ ഹീറോ. വിനയ് ആണ് എപ്പോഴും എന്റെ മനസ്സില്‍. 24 മണിക്കൂറും. രാവിലെ ഞാന്‍ ഉണരുമ്പോള്‍ അവനെയാണ് ഞാന്‍ ആദ്യം കാണുന്നത്'- രാജേഷ് നര്‍വാള്‍ ശബ്ദമിടറി കൊണ്ട് പറഞ്ഞു.

പഹല്‍ഗാം ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച പാക് കേന്ദ്രമായുളള ലഷ്‌കറി തോയിബയുടെ പ്രോക്‌സി സംഘടനയായ ടി ആര്‍ എഫിനെ ( ദി റസിസ്റ്റന്‍സ് ഫ്രണ്ട്) വിദേശ ഭീകര സംഘടനയായി അമേരിക്ക പ്രഖ്യാപിച്ചതിനെ രാജേഷ് നര്‍വാള്‍ സ്വാഗതം ചെയ്തു. പ്രതീകാത്മക നടപടി മാത്രം പോരെന്നും അദ്ദേഹം പറഞ്ഞു.