കൊച്ചി: മലയാളത്തിന്റെ പ്രിയ ശ്രീനിവാസന്‍ ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ സുഹൃത്തായിരുന്നു. ആ കഥ ശ്രീനിവാസന്‍ പറഞ്ഞിട്ടുണ്ട്. ആ സൗഹൃദം തുടങ്ങിയത് രജനി സൂപ്പര്‍സ്റ്റാറാകുന്നതി മുമ്പാണ്. സിനിമാ മോഹവുമായി ചെന്നൈയില്‍ പഠിച്ചിരുന്ന കാാലത്താണ് ശ്രീനിവാസനും ശിവാജി റാവും ഗെയ്ക്‌വാദും തമ്മില്‍ പരിചയത്തിലായത്. ആ കാമ്പസ് കാലം പിന്നീട് ഒരു സിനിമയില്‍ ഒരുമിച്ച പ്രവര്‍ത്തിച്ചതുമായ അനുഭവം ശ്രീനി പങ്കുവെച്ചിരുന്നു.

രജനീകാന്തും ശ്രീനിവാസനും ഒരേ കോളേജിലാണ് പഠിച്ചത്. മദ്രാസിലെ ഫിലിം ചേമ്പറിലായിരുന്നു ഇരുവരും ഒരുമിച്ച് പഠിച്ചത്. ശ്രീനിയുടെ സീനിയറായിരുന്നു രജനീകാന്ത്. മുമ്പും പലപ്പോഴും രജനീകാന്തിനൊപ്പമുള്ള ആ കാലത്തെക്കുറിച്ച് ശ്രീനിവാസന്‍ മനസ് തുറന്നിട്ടുണ്ട്. അന്ന് ശ്രീനിവാസന്‍ പറഞ്ഞത് ഇങ്ങനെയാണ്: ഞങ്ങളുടെ ഒരു വര്‍ഷം സീനിയറായിട്ടാണ് അദ്ദേഹം പഠിച്ചത്. അന്ന് ഞങ്ങള്‍ക്ക് അയാള്‍ രജനിയല്ല. ശിവാജി, ശിവാജി റാവു ഗെയ്ഗ്വാദ് എന്ന കര്‍ണ്ണാടകക്കാരന്‍ വിദ്യാര്‍ത്ഥി. അഡ്മിഷന്‍ സമയത്ത് ഞങ്ങളോരുത്തരും സ്വന്തമായി അവതരിപ്പിച്ച ചില അഭിനയ മുഹൂര്‍ത്തങ്ങള്‍ ഷൂട്ട് ചെയ്തിരുന്നു. പിന്നീട് ക്ലാസ് തുടങ്ങിയ വേളയില്‍ അവയെല്ലാം കാമ്പസിലെ സ്‌ക്രീനില്‍ എല്ലാവര്‍ക്കുമായി കാണിച്ചു. ഞാനഭിനയിച്ച രംഗം പ്രദര്‍ശിപ്പിച്ചു കഴിഞ്ഞ് പുറത്തിറയപ്പോള്‍ ശിവാജി എന്ന എന്റെ സീനിയര്‍ വിദ്യാര്‍ത്ഥി അടുത്തു വന്ന് തോളില്‍ തട്ടി അഭിനന്ദിച്ചു.

നീങ്ക നന്നായി പണ്ണിയിറ്ക്ക് എന്നായിരുന്നു ആ വാചകം. അഭിനന്ദിച്ച ആളോടുള്ള സ്നേഹവും ബഹുമാനവും അന്ന് തന്നെ എന്റെ മനസില്‍ ഇടം നേടി. കാമ്പസിലെ വലിയ കണ്ണാടിയ്ക്ക് മുന്നില്‍ നിന്ന് സിഗരറ്റ് മുകളിലേക്കെറിഞ്ഞ് ചുണ്ടില്‍ പിടിക്കുന്ന ശിവാജിയെ ഞാന്‍ പിന്നീട് പലതവണ കണ്ടു. പരിചയം ചെറിയ തോതിലുള്ള സൗഹൃദത്തിന് വഴി മാറിയെന്നും ശ്രീനിവാസന്‍ പറയുന്നു.

ആയിടയ്ക്കാണ് ക്ലാസിലെ എന്റെ അടുത്ത സുഹൃത്ത് ശങ്കരന്‍കുട്ടി ശിവാജിയില്‍ നിന്ന് അഞ്ചു രൂപ കടം വാങ്ങിയത്. വാങ്ങിയ കാശ് തിരിച്ചു കൊടുക്കാതെ മുങ്ങിനടന്ന ശങ്കരന്‍കുട്ടിയെ കാണാന്‍ ശിവാജി പലതവണ ശ്രമിച്ചുവെങ്കിലും നടന്നില്ല. പിന്നീടൊരിക്കല്‍ ശിവാജി എന്നോട് ഈ കാര്യം പറഞ്ഞു. ചങ്ങാതിയോട് പണം തിരിച്ചുതരാന്‍ പറയണമെന്ന് ആവശ്യപ്പെട്ടു. ഇന്ന് ഒരുവിധം എല്ലാവരുടേയും സ്ഥിതി അങ്ങനെയൊക്കെയായിരുന്നു. ഞാന്‍ ശങ്കരന്‍കുട്ടിയോട് ദേഷ്യപ്പെട്ടു പണം തിരികെ കൊടുപ്പിച്ചു.

ശിവാജിയെ തേടി മണിയോര്‍ഡറുകള്‍ എത്തുന്നതിന് ഞങ്ങളെല്ലാം സാക്ഷികളായിരുന്നു. മാസത്തില്‍ പലതവണ പോസ്റ്റ് മാന്‍ അദ്ദേഹത്തെ തേടി വരും. പോസ്റ്റുമാനേയും കൂട്ടി ശിവാജി കെട്ടിടത്തിന്റെ പുറകിലേക്ക് പോകും. ആദ്യമെല്ലാം അതെന്തിനാണെന്ന് ഞങ്ങള്‍ക്കറിയില്ലായിരുന്നു. പിന്നീടാണ് മനസിലായത് മണിയോര്‍ഡര്‍ തുക ആരും കാണാതിരിക്കാനാണെന്ന്. പലപ്പോഴും ഒന്നും രണ്ടും രൂപയെല്ലാമായിരിക്കും. കര്‍ണാടകയിലെ സുഹൃത്തുക്കളും ബസ് ജീവനക്കാരുമെല്ലാമാകും അതയക്കുന്നതെന്നും രജനി പറഞ്ഞിരുന്നു.

ശിവാജി ഒരു നടനാകുമെന്ന് സ്വപ്നം കണ്ട ഒരുപാട് സുഹൃത്തുക്കള്‍ അദ്ദേഹത്തിനുണ്ടായിരുന്നു. അവരുമായെല്ലാം ഇപ്പോഴും ബന്ധം തുടരുന്നുണ്ടെന്നും ശ്രീനിവാസന്‍ പറയുന്നുണ്ട്. ശ്രീനിവാസന്റെ രചനയില്‍ പിറന്ന സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു കഥപറയുമ്പോള്‍. മമ്മൂട്ടിയും ശ്രീനിവാസനും പ്രധാന വേഷത്തില്‍ എത്തിയ ചിത്രം വിവിധ ഭാഷകളിലേക്ക് റീമേക്ക് ചെയ്തിരുന്നു. ചിത്രത്തിന്റെ തമിഴ് റീമേക്ക് ആയിരുന്ന കുസേലനില്‍ രജിനികാന്തും പശുപതിയുമായിരുന്നു പ്രധാന വേഷത്തില്‍ എത്തിയത്. ഈ സിനിമയിലേക്ക് രജനി എത്തിയത് ശ്രീനിവാസനുമായുള്ള സൗഹൃദത്തിന്റെ പുറത്താണ്.

കഥപറയുമ്പോള്‍ എന്ന സിനിമ കണ്ടപ്പോള്‍ രജിനി വൈകാരികമായി തന്നോട് ചോദിച്ചതെന്ന് ശ്രീനി പറഞ്ഞിട്ടുണ്ട്. ഇത്ര നന്നായി എഴുതുമെന്ന് ആദ്യം അറിഞ്ഞില്ലല്ലോ എന്നാണെന്നും എന്നാല്‍ പഠിച്ചിരുന്ന കാലത്ത് തനിക്ക് എഴുതാന്‍ കഴിയുമെന്ന് അറിയില്ലായിരുന്നുവെന്ന് മറുപടി നല്‍കിയെന്നും ശ്രീനിവാസന്‍ പറഞ്ഞു. പിന്നീട് സിനിമയുടെ റീമേക്കിനെ കുറിച്ച് ചിന്തിച്ചപ്പോള്‍ രജിനി അതില്‍ നിന്ന് പിന്മാറാന്‍ ശ്രമിച്ചുവെന്നും എന്നാല്‍ തന്റെ നിര്‍ബന്ധം കാരണം അദ്ദേഹം അഭിനയിച്ചുവെന്നും ശ്രീനിവാസന്‍ അന്ന് പറഞ്ഞിരുന്നു.

ആ സിനിമയിലേക്ക് രജനി എത്തിയ കഥ ശ്രീനി പറഞ്ഞത് ഇങ്ങനെയാണ്: 'ഞാന്‍ എഴുതി മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച 'കഥപറയുമ്പോള്‍' സിനിമയുടെ തമിഴ് പതിപ്പില്‍ രജിനികാന്താണ് അഭിനയിച്ചത്. അതിനായുള്ള ചര്‍ച്ചകള്‍ക്കായി പിന്നീട് ഞങ്ങള്‍ കണ്ട് സംസാരിച്ചു. അദ്ദേഹത്തിന്റെ ചെന്നൈയിലെ വീട്ടിലും ഓഫീസിലുമെല്ലാം പോയിട്ടുണ്ട്. ഞാനും വിനീതും ധ്യാനും കൂടിയാണ് അദ്ദേഹത്തിന്റെ ലിബര്‍ട്ടി തീയേറ്ററിനടുത്തുള്ള ഓഫീസില്‍ പോയത്.

പ്രിയദര്‍ശന്റെ മദിരാശിയിലെ സ്റ്റുഡിയോയില്‍ വച്ചാണ് രജിനി 'കഥപറയുമ്പോള്‍' സിനിമ കാണുന്നത്. സെവന്‍ ആര്‍ട്‌സ് വിജയ കുമാര്‍, രജിനി സിനിമ കാണാന്‍ വന്ന വിവരം എന്നെ അറിയിച്ചു. സിനിമ കഴിയുമ്പോഴേക്കും എത്താന്‍ ആവശ്യപ്പെട്ടത് പ്രകാരം ഞാന്‍ അവര്‍ സിനിമ കണ്ടിറങ്ങി വരുന്ന വഴിയില്‍ നിന്നു. സിനിമ കണ്ട് കണ്ണുനിറഞ്ഞ് പുറത്തിറങ്ങിയ രജിനി എന്നെ അടുത്തമുറിയിലേക്ക് കൈപിടിച്ച് കൂട്ടിക്കൊണ്ടുപോയി, വൈകാരികമായി സംസാരിച്ചു.

വ്യക്തിപരമായ ജീവിതാനുഭവങ്ങള്‍ അദ്ദേഹത്തെ ഉലച്ചിരിക്കണം. ഇങ്ങനെ എഴുതാനറിയുമെന്ന് അന്ന് പറഞ്ഞില്ലല്ലോ എന്നദ്ദേഹം ചോദിച്ചു. പഠിക്കുന്നകാലത്ത് എഴുതാന്‍ പറ്റുമെന്ന കാര്യം എനിക്കുതന്നെ അറിയില്ലായിരുന്നെന്ന് ഞാന്‍ മറുപടി പറഞ്ഞു. ഒരുസമയത്ത് ഒരു സിനിമ മാത്രമേ ചെയ്യുകയുള്ളൂ എന്നു പറഞ്ഞ് കഥ പറയുമ്പോഴിന്റെ തമിഴ് പതിപ്പില്‍ നിന്ന് രജിനി മാറാന്‍ ശ്രമിച്ചെങ്കിലും ഞാന്‍ നിര്‍ബന്ധിച്ച് അദ്ദേഹത്തെ ആ സിനിമയിലേക്ക് കൊണ്ടുവന്നു. 'കുസേലന്‍' സിനിമയുടെ ചിത്രീകരണം കാണാന്‍ കുടുംബസമേതമാണ് ഞാന്‍ സെറ്റില്‍ പോയത്.