- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'രാജീവ് ഗാന്ധി വധത്തിന്റെ ഗൂഢാലോചനയിൽ പങ്കില്ല; ഏത് നിമിഷവും വധിക്കപ്പെടുമെന്ന് പ്രതീക്ഷിച്ചു; തൂക്കിലേറ്റാനുള്ള ഉത്തരവ് ഏഴുതവണ ലഭിച്ചു; പ്രിയങ്ക ഗാന്ധി ജയിലിൽ വന്ന് കൂടിക്കാഴ്ച നടത്തിയതോടെ കഥമാറി'; തുറന്നുപറഞ്ഞ് നളിനി മുരുകൻ
ചെന്നൈ: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ വധിക്കാനുള്ള ഗൂഢാലോചനയിൽ അടക്കം തനിക്ക് പങ്കില്ലെന്ന് കഴിഞ്ഞ ദിവസം ജയിൽ മോചിതയായ നളിനി മുരുകൻ. ഞായറാഴ്ച എൻ.ഡി.ടി.വി.ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അവർ. ഭർത്താവിന്റെ സുഹൃത്തുക്കളുമായുള്ള പരിചയമാണ് തനിക്ക് കുരുക്കായതെന്നും അവർ പറഞ്ഞു. കൊലപാതകത്തിൽ പങ്കെടുത്തതിൽ ഇപ്പോൾ ഖേദിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു നളിനി.
'സത്യമായിട്ടും എനിക്ക് ഈ കൊലപാതകത്തിന്റെ ഗൂഢാലോചനയിൽ ഒരു പങ്കുമില്ല. ഞാൻ കുറ്റക്കാരിയാണെന്ന് എനിക്കറിയാം. പക്ഷേ, എന്റെ മനഃസാക്ഷിക്കറിയാം എന്താണ് സംഭവിച്ചതെന്ന്', അവർ വ്യക്തമാക്കി. ഗുഢാലോചനയിൽ ഒരുതരത്തിലും തനിക്ക് പങ്കില്ലെങ്കിലും അത് നടത്തിയ സംഘത്തിന്റെ ഭാഗമായതിനാൽ താനും കുറ്റക്കാരിയായെന്നും നളിനി കൂട്ടിച്ചേർത്തു.
'എന്റെ ഭർത്താവിന്റെ സുഹൃത്തുക്കളായിരുന്നു അവർ. ആ നിലക്ക് അവരുമായി പരിചയമുണ്ട്. ഞാൻ വളരെ ഒതുങ്ങിനിൽക്കുന്ന വ്യക്തിത്വത്തിനുടമയാണ്. അവരുമായിട്ട് സംസാരിക്കാറൊന്നുമില്ല. അവർ ആവശ്യപ്പെടുന്ന സഹായങ്ങൾ ചെയ്യും. കടകളിലോ തിയേറ്ററുകളിലോ ഹോട്ടലുകളിലോ ആരാധനാലയങ്ങളിലോ പോകാൻ പറഞ്ഞാൽ അവരുടെ കൂടെ പോകും. അത്രേയുള്ളൂ. അല്ലാതെ വ്യക്തിപരമായി അവരിലാരുമായും എനിക്ക് ബന്ധമില്ല. അവരുടെ കുടുംബത്തെക്കുറിച്ചോ നാടിനെക്കുറിച്ചോ ഒന്നും എനിക്കറിയില്ല', നളിനി തുടർന്നു.
2001-ൽ വധശിക്ഷ ഇളവ് ചെയ്യുന്നതിന് മുൻപ് ഏത് നിമിഷവും താൻ വധിക്കപ്പെടുമെന്ന് പ്രതീക്ഷിച്ചിരുന്നതായും ഏഴുതവണ തൂക്കിലേറ്റാൻ തയ്യാറെടുപ്പുകൾ നടത്തിയിരുന്നതായും നളിനി പറഞ്ഞു. തൂക്കിലേറ്റുന്നതിന് ഏഴു തവണ ബ്ലാക്ക് വാറന്റ് (വധശിക്ഷ നടപ്പാക്കുന്നതിനുള്ള ഉത്തരവ്) ലഭിച്ചിരുന്നുവെന്നും അവർ പറഞ്ഞു. പക്ഷേ, പ്രിയങ്ക ഗാന്ധി ജയിലിൽ വന്ന് കൂടിക്കാഴ്ച നടത്തിയതോടെ കഥ മാറി. വളരെ ദയാലുവായിട്ടുള്ള ഒരാളാണ് അവർ. ശരിക്കും ഒരു മാലാഖ. അവരാണ് എന്നെ സ്വയം ബഹുമാനിക്കാൻ പഠിപ്പിച്ചതെന്നും നളിനി അഭിമുഖത്തിൽ പറഞ്ഞു.
'ജയിലധികൃതർ ശരിയായ രീതിയിലായിരുന്നില്ല ഞങ്ങളോട് പെരുമാറിയത്. ഉദ്യോഗസ്ഥരുടെ മുൻപിൽ ഞങ്ങളെ ഇരിക്കാൻപോലും അനുവദിച്ചിരുന്നില്ല. നിന്ന് സംസാരിക്കേണ്ടി വന്നു. എന്നാൽ പ്രിയങ്ക ഗാന്ധി വന്നപ്പോൾ അവർ എന്നെ അരികിലിരുത്തി. എന്നെ സംബന്ധിച്ച് അതൊരു വേറിട്ട അനുഭവമായിരുന്നു. എന്നെ കണ്ട ഉടനെത്തന്നെ പ്രിയങ്ക ഗാന്ധി ചോദിച്ചത് അച്ഛന്റെ കൊലപാതകത്തെക്കുറിച്ചായിരുന്നു. അതു ചോദിക്കുമ്പോൾ അവർ വളരെ വികാരാധീനയായി കരയുന്നുണ്ടായിരുന്നു', നളിനി പറയുന്നു.
രാജീവ് ഗാന്ധി വധത്തിൽ അതീവദുഃഖമുണ്ടെന്നു മുഖ്യപ്രതികളിലൊരാളായ നളിനി മുരുകൻ പറയുന്നു. വധഗൂഢാലോചനയെ കുറിച്ചു മുൻകൂട്ടി അറിയില്ലായിരുന്നുവെന്ന്, സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ ഇന്നലെ ജയിൽ മോചിതയായ നളിനി അവകാശപ്പെട്ടു. ശ്രീലങ്കൻ പൗരനായ ഭർത്താവ് മുരുകനെ തനിക്കൊപ്പം ഇന്ത്യയിൽ തങ്ങാൻ അനുവദിക്കണമെന്നും നളിനി ആവശ്യപ്പെട്ടു.
രാജീവ് ഗാന്ധിയെ വധിക്കാനായി ശ്രീപെരുംപുത്തൂരിലെത്തിയ ചാവേർ സംഘത്തിൽ ജീവനോടെ അവശേഷിക്കുന്ന ഏകയാളാണു നളിനി. 30 വർഷത്തിലേറെ നീണ്ട തടവു കഴിഞ്ഞു പുറത്തിറങ്ങിയപ്പോൾ ഒറ്റ ആഗ്രഹമേയുള്ളൂ. ഇനിയെങ്കിലും കുടുംബത്തോടെ ഇന്ത്യയിൽ ജീവിക്കണം. തിരുച്ചിറപ്പള്ളിയിലെ പ്രത്യേക ക്യാംപിലേക്കു മാറ്റിയ ശ്രീലങ്കക്കാരനായ ഭർത്താവ് മുരുകനെ തിരിച്ചയയ്ക്കരുതെന്നും നളിനി ആവശ്യപ്പെട്ടു.
ലണ്ടനിൽ ഡോക്ടറായ മകൾ ഹരിത്ര അങ്ങോട്ടു ക്ഷണിക്കുന്നുണ്ട്. യാത്രയ്ക്കായി പാസ്‌പോർട്ട്‌വീസ നടപടികൾ തുടങ്ങി. അവസരം കിട്ടിയാൽ ഗാന്ധി കുടുംബത്തെ കാണും. എന്നാൽ അതിനുള്ള സാധ്യത കുറവാണന്നും നളിനി പറഞ്ഞു.
1992-ൽ ജയിലിൽ ജനിച്ച്, പുറത്ത് വളർന്ന് ഇപ്പോൾ ലണ്ടനിൽ ഡോക്ടറായ മകൾ ഹരിത്രയെക്കുറിച്ചും അവർ എൻ.ഡി.ടി.വി.യോട് പറഞ്ഞു. എന്റെ കുഞ്ഞാണവൾ. പക്ഷേ, രണ്ടു വയസ്സ് കഴിഞ്ഞതോടെ അവൾ എന്നിൽനിന്ന് അകന്നു. വേർപിരിഞ്ഞതോടെ അവൾക്ക് എന്നെ തീരെ ഓർമയില്ലാതായി. ഇപ്പോൾ സംഭവിച്ചതൊക്കെ മറക്കാൻ ശ്രമിക്കുകയാണ് ഞങ്ങളെന്നും നളിനി പറഞ്ഞു. 2019-ൽ മകളുടെ വിവാഹത്തിന് നളിനിക്ക് ഒരു മാസം പരോൾ അനുവദിച്ചിരുന്നു.
കഴിഞ്ഞ ദിവസമാണ് നളിനിയടക്കമുള്ള ആറ് പ്രതികളെയും സുപ്രീംകോടതി ഉത്തരവു പ്രകാരം മോചിപ്പിച്ചത്. നളിനിക്കു പുറമേ ഭർത്താവ് ശ്രീഹരൻ എന്ന മുരുകൻ, ടി. സുധീന്ദ്ര രാജ എന്ന ശാന്തൻ, ജയകുമാർ, റോബർട്ട് പയസ്, പി. രവിചന്ദ്രൻ എന്നിവരെയാണ് മോചിപ്പിച്ചത്. 31 വർഷത്തെ ജയിൽ വാസത്തിനു ശേഷമാണ് മോചനം. നളിനിയും ഭർത്താവ് മുരുകനും ഡോക്ടറായ മകൾക്കൊപ്പം ലണ്ടനിലേക്ക് താമസം മാറിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ മെയ് 18-ന് കേസിലെ മറ്റൊരു പ്രതിയായ എ.ജി. പേരറിവാളനെയും സുപ്രീംകോടതി ഉത്തരവുപ്രകാരം മോചിപ്പിച്ചിരുന്നു.
മറുനാടന് മലയാളി ബ്യൂറോ